ആദിവാസി ബാലനെ ഹോസ്റ്റല്‍ വാച്ച്മാന്‍ മര്‍ദിച്ചു; നട്ടെല്ലിന് ക്ഷതമേറ്റ കുട്ടി ചികിത്സയില്‍
അമ്പലവയല്‍(വയനാട്): ഹോസ്റ്റലില്‍ താമസിച്ച് പഠനം നടത്തുന്ന ആദിവാസി ബാലന് വാച്ച്മാന്റെ ക്രൂര മര്‍ദനം. നിലംതുടക്കുന്ന മോപ്പ് കൊണ്ട് അടിയേറ്റ് നട്ടെല്ലിന് ക്ഷതമേറ്റ കുട്ടി ചികിത്സയിലാണ്. നെന്‍മേനി പഞ്ചായത്തിലെ ഒരു ട്രൈബല്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന ഒന്‍പത് വയസുകാരനാണ് മര്‍ദനമേറ്റത്.
ഇക്കകഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഹോസ്റ്റലിലെ വാച്ച്മാന്‍ തന്നെ നിലം തുടക്കാന്‍ ഉപയോഗിക്കുന്ന മോപ്പ് ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നുവെന്ന് ബാലന്‍ പറയുന്നു. നാലാംക്ലാസ് വിദ്യാര്‍ഥിയായ കുട്ടി ഗുണനപ്പട്ടിക തെറ്റിച്ചതാണ് മര്‍ദനത്തിന് കാരണം. മര്‍ദനമേറ്റ കുട്ടി സംഭവം ആരോടും പറയാതെ വ്യാഴാഴ്ച മുതല്‍ ഹോസ്റ്റലില്‍ തന്നെ തങ്ങുകയായിരുന്നു. വേദന കലശലായതോടെ ഞായറാഴ്ച കുട്ടി ഹോസ്റ്റലിലെ പാചകക്കാരിയുടെ ഫോണില്‍ നിന്നും മാതാപിതാക്കളെ ബന്ധപ്പെട്ടു.
അമ്മ ഹോസ്റ്റലിലെത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നപ്പോഴാണ് വാച്ച്മാന്‍ മര്‍ദിച്ച കാര്യം കുട്ടി പറയുന്നത്. കുട്ടിക്ക് നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയച്ചെങ്കിലും വേദന കുറയാത്തതിനാല്‍ വിദഗ്ദ ചികിത്സക്ക് പോകാനൊരുങ്ങുകയാണ് മാതാപിതാക്കള്‍. കുട്ടിയുടെ അച്ഛന്‍ മരത്തില്‍ നിന്ന് വീണ് ശരീരം തളര്‍ന്ന് നാലുവര്‍ഷമായി കിടപ്പിലാണ്.
വീട്ടില്‍ നിന്ന് സ്‌കൂളിലയക്കാന്‍ നിര്‍വാഹമില്ലാത്തതിനാലാണ് ഹോസ്റ്റലില്‍ നിര്‍ത്തിയതെന്നും ഇനിയൊരു കുട്ടിക്കും ഇത്തരം അനുഭവം ഉണ്ടാകാന്‍ പാടില്ലെന്നും കുട്ടിയുടെ രക്ഷിതാക്കള്‍ പറയുന്നു. അതേസമയം സംഭവം വിവാദമായതോടെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് തുടര്‍നടപടിക്കായി സുല്‍ത്താന്‍ ബത്തേരി റ്റി.ഡി.ഒക്ക് സമര്‍പ്പിച്ചിട്ടുണ്ട്. കുട്ടിയെ പരിശോധിച്ച ഡോക്ടറുടെ അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ അമ്പലവയല്‍ പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."