HOME
DETAILS

സെന്‍സസ് എങ്ങനെ വിശ്വാസത്തിലെടുക്കും?

  
backup
February 11 2020 | 00:02 AM

how-sensus-become-2020

 


സെന്‍സസ് പ്രവര്‍ത്തനം കേരളത്തില്‍ തുടങ്ങരുതെന്ന് പ്രതിപക്ഷ കക്ഷികളും പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം ചെയ്യുന്ന സംഘടനകളും ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. സെന്‍സസ് വിവരങ്ങള്‍ എന്‍.പി.ആറിനും എന്‍.ആര്‍.സിക്കും ഉപയോഗപ്പെടുത്താമെന്ന ആശങ്ക പൊതുസമൂഹത്തിലുണ്ട്. സെന്‍സസ് വിവരങ്ങള്‍ അപ്രകാരമുള്ളതല്ലെന്നും എന്‍.പി.ആറിനും എന്‍.ആര്‍.സിക്കും ഉപയോഗപ്പെടുത്താന്‍ കഴിയില്ലെന്നും എന്‍.പി.ആറും എന്‍.ആര്‍.സിയും കേരളത്തില്‍ നടപ്പാക്കുകയില്ലെന്ന് നേരത്തെതന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കുമ്പോഴും പൊതുസമൂഹത്തില്‍ സന്ദേഹങ്ങള്‍ ബാക്കിനില്‍ക്കുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രകടനം നടത്തുന്നവര്‍ക്കെതിരേയും ബാനര്‍ കെട്ടുന്നവര്‍ക്കെതിരേയും ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേരളത്തില്‍ അങ്ങോളമിങ്ങോളം പൊലിസ് കേസെടുത്തുകൊണ്ടിരിക്കുമ്പോള്‍ അതിനെതിരേ നടപടികളൊന്നും മുഖ്യമന്ത്രിയില്‍നിന്ന് ഉണ്ടാകുന്നില്ല. ഇത്തരമൊരവസ്ഥയില്‍ എങ്ങനെയാണ് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ ആശ്വാസം കണ്ടെത്തുക?


കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പറഞ്ഞത് സെന്‍സസിനെ പേടിക്കേണ്ടതില്ലെന്നാണ്. പക്ഷെ ജനങ്ങള്‍ക്കു വിശ്വാസം വരുന്നില്ല. സെന്‍സസ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന അധ്യാപകര്‍ പൗരത്വ നിയമ ഭേദഗതിയിലെ സര്‍ക്കാരിന്റെ നിലപാട് കൃത്യമായി മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊലിസുകാര്‍ക്ക് ഇതു മനസ്സിലാകുന്നില്ലെന്നുണ്ടോ? എന്യൂമറേറ്റര്‍മാര്‍ സെന്‍സസ് പ്രകാരമുള്ള കണക്കെടുപ്പ് നടത്തുമ്പോള്‍ അവ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന ആശങ്ക സമ്മേളനത്തില്‍ പങ്കുവയ്ക്കുകയായിരുന്നില്ലേ സത്യത്തില്‍ മുഖ്യമന്ത്രി?
അധ്യാപകരെ എന്യൂമറേറ്റര്‍ ജോലിക്കു വിട്ടുകൊടുക്കുന്നതോടെ അവര്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരായി മാറും. പിന്നെ സംസ്ഥാന സര്‍ക്കാരിന് അവരുടെമേല്‍ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്താനാവില്ല. ബി.ജെ.പി സര്‍ക്കാര്‍ നിര്‍ദേശിക്കുന്നതു പ്രകാരമുള്ള കണക്കെടുക്കാന്‍ അവര്‍ നിര്‍ബന്ധിതരാവില്ലേ? മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനും അതു തടഞ്ഞുനിര്‍ത്താന്‍ കഴിയുമോ? ഇതുകൊണ്ടാണ് പൗരത്വ നിയമ ഭേദഗതി പിന്‍വലക്കുന്നതുവരെ സെന്‍സസ് നിര്‍ത്തിവയ്ക്കണമെന്ന് പ്രതിപക്ഷത്തോടൊപ്പം പൊതുസമൂഹവും ആവശ്യപ്പെടുന്നത്.


അധ്യാപകരില്‍ ഭൂരിഭാഗവും സി.പി.എമ്മിനോട് ആഭിമുഖ്യമുള്ള കെ.എസ്.ടി.എയില്‍ അംഗങ്ങളാണ്. എന്നാല്‍ അതുകൊണ്ട് സെന്‍സസിന്റെ ദുരുപയോഗം തടയാന്‍ കഴിയില്ല. കേരള പൊലിസില്‍ ഭൂരിപക്ഷം പേരും മതനിരപേക്ഷതയില്‍ വിശ്വസിക്കുന്നവരാണ്. എന്നിട്ട് പൊലിസിന്റെ പക്ഷപാതിത്വം തടയാന്‍ കഴിയുന്നുണ്ടോ? പൊലിസില്‍ ഒരു ന്യൂനപക്ഷം മാത്രമേ സംഘ്പരിവാര്‍ ആഭിമുഖ്യം പുലര്‍ത്തുന്നവരായുള്ളൂ. എന്നിട്ടും ആ ന്യൂനപക്ഷം എത്ര വിദഗ്ധമായാണ് പൊലിസിലെ സര്‍ക്കാര്‍ നയം അട്ടിമറിച്ചുകൊണ്ടിരിക്കുന്നത്. ഇതേ അനുഭവം തന്നെയായിരിക്കില്ലേ സെന്‍സസിലും ഉണ്ടാവുക? എന്യൂമറേറ്റര്‍മാരാകാന്‍ പോകുന്ന അധ്യാപകര്‍ സംസ്ഥാനത്തിന്റെ നിലപാടും നയവും കൃത്യമായി മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ സര്‍ക്കാര്‍ നിലപാടുകളെ അട്ടിമറിക്കാന്‍ ഭരണനിര്‍വഹണ രംഗത്ത് സംഘടിതമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നല്ലേ മനസ്സിലാക്കേണ്ടത്. അത്തരം അനുഭവങ്ങളാണല്ലോ പൗരത്വ വിഷയത്തില്‍ സമരം ചെയ്യുന്നവര്‍ക്ക് ഉണ്ടാകുന്നത്.


മതനിരപേക്ഷതയെക്കുറിച്ച് സംസാരിക്കുന്നത് രാജ്യദ്രോഹമായി മാറിക്കൊണ്ടിരിക്കുന്നു കേരള പൊലിസ് ദൃഷ്ടിയില്‍. അവരെ ദേശദ്രോഹികളും മതസ്പര്‍ദ്ധ വളര്‍ത്തുന്നവരുമാക്കി കേരളത്തിന്റെ ഒരറ്റം മുതല്‍ അങ്ങേയറ്റം വരെയുള്ള പൊലിസുകാര്‍ കേസെടുത്തുകൊണ്ടിരിക്കുകയാണ്. ഇതു സംബന്ധിച്ചു നിയമസഭയില്‍ ചോദ്യം വന്നപ്പോള്‍ പ്രതിഷേധ പ്രകടനങ്ങളില്‍ എസ്.ഡി.പി.ഐ നുഴഞ്ഞുകയറി പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതായിരുന്നില്ലല്ലോ അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിച്ച മറുപടി.
ഇന്ത്യയൊട്ടാകെയുള്ള പൊലിസ് സ്റ്റേഷനുകളില്‍ സംഘ്പരിവാര്‍ അജന്‍ഡ നടപ്പാക്കുന്നതില്‍ അവര്‍ വിജയിച്ചുകൊണ്ടിരിക്കുന്നു എന്നുവേണം സമരം ചെയ്യുന്നവര്‍ക്കെതിരേ യു.പി പൊലിസ് മുതല്‍ കേരള പൊലിസ് വരെ എടുത്തുകൊണ്ടിരിക്കുന്ന കള്ളക്കേസുകളില്‍ നിന്ന് മനസ്സിലാക്കാന്‍. സര്‍ക്കാരിന്റെ നയവും നിലപാടുമല്ല നിയമപാലന രംഗത്ത് പൊലിസ് പിന്തുടരുന്നത്. സംഘ്പരിവാര്‍ തീരുമാനങ്ങളാണ്.


ജാമിഅ മില്ലിയയിലും ഷഹീന്‍ബാഗിലും സമരം ചെയ്യുന്നവര്‍ക്കെതിരേ അക്രമികള്‍ വെടിവയ്ക്കുമ്പോള്‍ പൊലിസ് കൈയുംകെട്ടി നോക്കിനില്‍ക്കുന്നത് നാളെ കേരളത്തിലും സംഭവിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല. ബംഗളൂരുവില്‍ സ്‌കൂളില്‍ നാടകം കളിച്ച അഞ്ചും ആറും ക്ലാസിലെ കുട്ടികള്‍ ഇന്നും കര്‍ണാടക പൊലിസിന്റെ പീഡനം അനുഭവിക്കുകയാണ്. അവരുടെ മാതാപിതാക്കളും പ്രധാന അധ്യാപികയും കസ്റ്റഡിയിലാണ്. ഇതുതന്നെയല്ലേ കേരളത്തിലും നടക്കുന്നത്. പൗരത്വ വിഷയത്തില്‍ ബി.ജെ.പിയുടെ വിശദീകരണം കേള്‍ക്കാന്‍ താല്‍പര്യമില്ലാത്ത കടയുടമകള്‍ കടയടച്ചാല്‍ അവര്‍ക്കെതിരേ സ്വമേധയാ പൊലിസ് രാജ്യദ്രോഹം, മതസ്പര്‍ദ്ധ എന്നിവ ചുമത്തി കേസെടുക്കുന്നു. എന്നാല്‍ കുറ്റ്യാടിയില്‍ സംഘ്പരിവാര്‍ ഗുജറാത്ത് ഓര്‍മയില്ലേ എന്ന് അലറിവിളിച്ച് പ്രകടനം നടത്തിയാല്‍ അതില്‍ മതസ്പര്‍ദ്ധയില്ല, ജാമ്യമില്ലാ വകുപ്പുകളുമില്ല. ആരെങ്കിലും പരാതികൊടുത്താല്‍ മാത്രം കേസെടുക്കും. സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്യും.


തൃശൂരിലും അങ്കമാലിയിലും മുസ്‌ലിം സമുദായ സംഘടനകള്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസുണ്ട്. തൃശൂര്‍ മണ്ണുത്തിയില്‍ മുസ്‌ലിം വയോധികയുടെ മുഖത്തടിച്ച സംഘ്പരിവാര്‍ പ്രവര്‍ത്തകനു മാനസികാസ്വാസ്ഥ്യം, സ്റ്റേഷന്‍ ജാമ്യം. കേരളത്തില്‍ ഇത്തരം കേസുകളുടെ കൂമ്പാരമാണ് മുസ്‌ലിം സംഘടനകള്‍ക്കും സംഘടനാ പ്രവര്‍ത്തകര്‍ക്കും എതിരേയുള്ളത്. പൗരത്വ വിഷയത്തില്‍ പ്രതിഷേധ സമരങ്ങള്‍ നടത്തുന്നവര്‍ക്കും ബാനറുകള്‍ ഉയര്‍ത്തുന്നവര്‍ക്കുമെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം സ്വമേധയാ കേസെടുത്തുകൊണ്ടിരിക്കുന്ന പൊലിസ് സംവിധാനം കേരളത്തിലുള്ളപ്പോള്‍, സെന്‍സസ് എന്യൂമറേറ്റര്‍മാര്‍ പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരായി മാറുന്ന ഒരവസ്ഥയില്‍ എങ്ങനെയാണ് അത്തരം പ്രവര്‍ത്തനങ്ങളില്‍ നീതി പ്രതീക്ഷിക്കുക? എന്‍.പി.ആറും എന്‍.ആര്‍.സിയും നടപ്പിലാക്കുകയില്ലെന്ന് പറഞ്ഞാല്‍പോലും അതിലേക്കു വഴിവെട്ടുന്ന സെന്‍സസ് പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുന്നതുവരെ സര്‍ക്കാര്‍ നിര്‍ത്തിവയ്ക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago