അധ്യാപകന് ശമ്പളവും ആനുകൂല്യങ്ങളും രണ്ട് മാസത്തിനകം നല്‍കണം: മനുഷ്യാവകാശ കമ്മിഷന്
കൊല്ലം: ഒരു അധ്യയനവര്‍ഷം പൂര്‍ണമായി എയ്ഡഡ് സ്കൂളില്‍ ജോലിചെയ്ത ഹിന്ദി അധ്യാപകന് ജോലി ചെയ്ത കാലയളവിലെ ശമ്പളവും ആനുകൂല്യങ്ങളും പരിചയ സര്‍ട്ടിഫിക്കറ്റും കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടര്‍ രണ്ട് മാസത്തിനകം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം കെ. മോഹന്‍ കുമാര്‍ ഉത്തരവിട്ടു.
വിഷയത്തില്‍ കമ്മിഷന് ആവശ്യപ്പെട്ട റിപ്പോര്‍ട്ട് നല്‍കാത്ത ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ (പുനലൂര്‍) നടപടി ഒട്ടും ഉചിതമായില്ലെന്നും കമ്മിഷന് വിമര്‍ശിച്ചു.
എം.എ, ബി.എഡ് ബിരുദധാരിയായ കൊല്ലം പനയം സ്വദേശി രാഹുല്‍ നല്കിയ പരാതിയിലാണ് ഉത്തരവ്. തൊഴില്‍ വാര്‍ത്തയില്‍ പരസ്യം കണ്ടതനുസരിച്ചാണ് അഞ്ചല്‍ പുതയം ഓള്‍സെയിന്റ്സ് ഹൈസ്കൂളില്‍ ഹിന്ദി ഹൈസ്കൂള്‍ അസിസ്റ്റന്റ് തസ്തികയില്‍ രാഹുല്‍ അപേക്ഷ നല്‍കിയത്. 2017 ജൂണ്‍ മുതല്‍ 2018 മാര്‍ച്ച് വരെ ജോലി ചെയ്തു. അപ്പോള്‍ അതേ തസ്തികയില്‍ മുന്‍പ് ജോലിചെയ്തിരുന്ന അധ്യാപിക മടങ്ങിവന്നതിനെ തുടര്‍ന്ന് ജോലി ഇല്ലാതായി. ജോലി ചെയ്ത കാലയളവിലെ ശമ്പളവും പരിചയ സര്‍ട്ടിഫിക്കറ്റും നല്‍കിയിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു.
പുതയം ഓള്‍സെയിന്റ്സ് സ്കൂളില്‍ ഹിന്ദി അധ്യാപികയായി പ്രവര്‍ത്തിച്ചയാള്‍ക്ക് പ്രധാനാധ്യാപികയായി സ്ഥാനക്കയറ്റം ലഭിച്ചപ്പോഴാണ് പരാതിക്കാരനെ നിയമിച്ചതെന്ന് സ്കൂള്‍ മാനേജര്‍ കമ്മിഷനെ അറിയിച്ചു.
എന്നാല്‍ സ്ഥാനക്കയറ്റം പിന്നീട് റദ്ദാക്കപ്പെട്ടു. അതോടെ പരാതിക്കാരന്റെ നിയമനം അംഗീകരിക്കാന്‍ കഴിയാതെയായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാവിയില്‍ ഉണ്ടാകാനിടയുള്ള ജോലിക്ക് വേണ്ടി യാതൊരു അവകാശവാദവും പരാതിക്കാരന് ഉന്നയിക്കില്ലെന്ന് സമ്മതിച്ചാണ് പിരിഞ്ഞുപോയതെന്നും സ്കൂള്‍ മാനേജറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."