താംബരം എക്‌സ്പ്രസ് എഗ്മോര്‍ വരെ സര്‍വിസ് നടത്തും: കൊടിക്കുന്നില്‍
കൊല്ലം: കൊല്ലം-ചെന്നൈ റെയില്‍പാത മീറ്റര്‍ ഗേജില്‍നിന്നും ബ്രോഡ്‌ഗേജായതിനെ തുടര്‍ന്ന് താംബരത്ത് നിന്നും കൊല്ലത്തേക്ക് ആരംഭിച്ച ത്രൈവാര ട്രെയിനായ താംബരം എക്‌സ്പ്രസ് ട്രെയിന്‍ 28മുതല്‍ ചെന്നൈ എഗ്മോര്‍ വരെ സര്‍വിസ് നടത്തുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു. താംബരം കൊല്ലം എക്‌സ്പ്രസ് ട്രെയിന്‍ ചെന്നൈ എഗ്മോറില്‍ നിന്നും തുടങ്ങാതെ 35 കി.മി അകലെയുള്ള താംബരത്ത് നിന്നും തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ ശക്തമായ പ്രതിഷേധം റെയില്‍വേയുടെ മുന്നില്‍ ഉന്നയിച്ചിരുന്നു.
പുനലൂര്‍ ചെങ്കോട്ട ബ്രോഡ്‌ഗേജ് പാതയുടെ ഉദ്ഘാടനം നടന്ന അവസരത്തില്‍ പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജന്‍ ഗോഗ്യിന്റെ സാന്നിധ്യത്തില്‍ താംബരത്ത് നിന്നും കൊല്ലത്തേക്കുള്ള ട്രെയിന്‍ പ്രതിദിന സര്‍വിസായി ചെന്നൈ എഗ്മോറില്‍ നിന്നും തുടങ്ങണമെന്നുള്ള ശക്തമായ ആവശ്യം ഉന്നയിച്ചിരുന്നു.
കൊല്ലം ചെങ്കോട്ട പാതയുടെ ബ്രോഡ്‌ഗേജ് പണികള്‍ ആരംഭിക്കുന്നതിന് മുന്‍പ് ചെന്നൈ എഗ്മോറില്‍ നിന്നും കൊല്ലത്തേക്ക് പ്രതിദിന സര്‍വിസ് ഉണ്ടായിരുന്നു.
ബ്രോഡ്‌ഗേജ് പണികള്‍ ആരംഭിച്ചപ്പോള്‍ മീറ്റര്‍ ഗേജ് പാതയില്‍ ഓടിക്കൊണ്ടിരുന്ന ചെന്നൈ എഗ്മോര്‍ ട്രെയിന്‍ താല്‍ക്കാലികമായി റദ്ദു ചെയ്യുകയാണുണ്ടായത്. പ്രതിദിന സര്‍വിസ് ആരംഭിക്കുന്ന കാര്യത്തില്‍ തീരുമാനം നീളുകയാണ്. പ്രതിദിന സര്‍വിസ് ആരംഭിക്കുന്നതിന് വേണ്ടിയുള്ള അനുകൂല റിപ്പോര്‍ട്ട് ദക്ഷിണ റെയില്‍വേ ഓപ്പറേറ്റിങ് വിഭാഗം റെയില്‍വേ ബോര്‍ഡിന് നല്‍കിയിട്ടുണ്ട്. റെയില്‍വേ ബോര്‍ഡ് ഈ നിര്‍ദേശം അംഗീകരിക്കുകയും പ്രതിദിനം ഓടാനുള്ള ലോക്കോയും കോച്ചുകളും സ്റ്റാഫിനേയും അനുവദിച്ചാല്‍ ഫെബ്രുവരി മാസത്തില്‍ തന്നെ പ്രതിദിന ട്രെയിനാക്കി ഇതിനെ മാറ്റാന്‍ കഴിയുമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."