പാര്‍ട്ടി സ്ഥാനം കൊടുത്തില്ലെങ്കിലും വി.എസ് ഇരിപ്പിടം കണ്ടെത്തി
തിരുവനന്തപുരം: പദവി കിട്ടാതെ പെരുവഴിയിലായ വി.എസ്.അച്യുതാനന്ദന്‍ എം.എല്‍.എ ഹോസ്റ്റലില്‍ അനുവദിച്ച മുറിയില്‍ ഓഫിസ് ആരംഭിച്ചു. ഓഫിസിന്റെ പ്രവര്‍ത്തനം ഇന്നലെ വി.എസ് തന്നെ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന നേതാക്കള്‍ക്ക് അനുവദിക്കുന്ന നെയ്യാര്‍ ബ്ലോക്കിലെ ഡി-1 ഫ്‌ളാറ്റാണ് വി.എസിന് അനുവദിച്ചിരിക്കുന്നത്. സി.പി.ഐ മന്ത്രിസ്ഥാനം നല്‍കാതെ ഒതുക്കിയ സി. ദിവാകരനാണ് വി.എസിന്റെ അടുത്ത മുറിയിലുള്ളത്. മുഖ്യമന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ട്, ക്യാബിനറ്റ് റാങ്കുള്ള പദവിക്കായി കാത്തിരുന്ന വി.എസിനെ പാര്‍ട്ടി വെട്ടിയതോടെയാണ് എം.എല്‍.എ ഹോസ്റ്റലില്‍ ഓഫിസ് തുറന്നത്.
എം.എല്‍.എമാര്‍ക്ക് നല്‍കുന്ന ഓഫിസും സംവിധാനങ്ങളുമാണു വി.എസിനും അനുവദിച്ചിട്ടുള്ളത്. 2001 മുതല്‍ 15 വര്‍ഷത്തിലേറെയായി ജനപ്രതിനിധിയായ വി.എസ്, മുഖ്യമന്ത്രിയോ പ്രതിപക്ഷനേതാവോ ആയിരുന്നതിനാല്‍ എം.എല്‍.എ ഹോസ്റ്റലിലെ സൗകര്യങ്ങള്‍ ഉപയോഗിച്ചിരുന്നില്ല. രാവിലെ മകന്‍ അരുണ്‍കുമാറിനും പഴയ പെഴ്‌സണല്‍ സ്റ്റാഫിനും ഒപ്പമാണ് വി.എസ് എം.എല്‍.എ ഹോസ്റ്റലില്‍ എത്തിയത്. 'ഞാന്‍ എം.എല്‍.എ ആണല്ലോ, അപ്പോള്‍ ആ പണി ചെയ്യണമല്ലോ' എന്നായിരുന്നു വി.എസിന്റെ പ്രതികരണം. പദവി സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അതേക്കുറിച്ച് പിന്നീട് പറയാം എന്നായിരുന്നു മറുപടി.
സംസ്ഥാനത്തെ ദേശീയപാതകള്‍ 45 മീറ്ററായി വികസിപ്പിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയോടു പ്രതികരിക്കാന്‍ വി.എസ് തയാറായില്ലെന്നതും ശ്രദ്ധേയമായി. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന പ്രസ്താവനകള്‍ അവര്‍ തന്നെ വിശദീകരിക്കും എന്നായിരുന്നു വി.എസിന്റെ മറുപടി. പുതിയ മന്ത്രിസഭ അധികാരമേറ്റതിനു പിന്നാലെ പ്രതിപക്ഷനേതാവിന്റെ ഔദ്യോഗികവസതി ഒഴിഞ്ഞു വാടകവീട്ടിലേക്ക് വി.എസ് താമസം മാറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."