ജനപങ്കാളിത്തത്തോടെയുള്ള വനം സംരക്ഷണം ലക്ഷ്യം: മന്ത്രി കെ. രാജു
കൊല്ലം: ബഹുജന പങ്കാളിത്തത്തോടെയുള്ള വനം-വന്യജീവി സംരക്ഷണമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. പുനലൂര്‍ വനം ഡിവിഷന്റെ പരിധിയിലുള്ള പത്തനാപുരം റെയ്ഞ്ചിലെ അമ്പനാര്‍ മോഡല്‍ ഫോറസ്റ്റ് സ്റ്റേഷനു വേണ്ടി പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ആദിവാസികള്‍, വനാതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ എന്നിവരുമായി ഏറ്റവും അടുത്ത് ഇടപഴകി മാത്രമേ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കാര്യക്ഷമായി പ്രവര്‍ത്തിക്കാനാകൂ. വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനും കാര്‍ഷിക നഷ്ട പരിഹാരങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനും വനം പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനും പൊതുജന പങ്കാളിത്തം അനിവാര്യമാണ്.
വനത്തിലും വനാതിര്‍ത്തിയിലും ജീവിക്കുന്ന ജനതയുടെ ജീവിത നിലവാരമുയര്‍ത്തുന്ന വിവിധ പദ്ധതികളാണ് വകുപ്പ് നടപ്പാക്കിവരുന്നത്. സംസ്ഥാനത്ത് കൂടുതല്‍ ഫോറസ്റ്റ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിനും നിലവിലുള്ളവ നവീകരിക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കും.
അലിമുക്ക്-അച്ചന്‍കോവില്‍ റോഡിന് 13.84 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും കുംഭാവുരുട്ടിയില്‍ പുതിയ ഫോറസ്റ്റ് സ്റ്റേഷന്‍ ഉടന്‍ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ജനകീയ പങ്കാളിത്തത്തോടെ കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തീകരിച്ച വനസംരക്ഷണ സമിതികളെ മന്ത്രി ആദരിച്ചു.കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി.
കോട്ടയം ഐ ആന്‍ഡ് ഇ. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഐ. സിദ്ദിഖ്, ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, പുനലൂര്‍ ഡി.എഫ്.ഒ. ഡോണി ജി. വര്‍ഗീസ്, ദക്ഷിണമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ. വിജയാനന്ദന്‍, പത്തനാപുരം റേയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എസ്. പ്രസന്നകുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."