മലയാളികളുടെ നേതൃത്വത്തില്‍ ഖത്തറില്‍ പട്ടം പറത്തല്‍ ഉത്സവം
ദോഹ: ഏപ്രിലില്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന കൈറ്റ് ഫെസ്റ്റിവലി(പട്ടം പറത്തല്‍ ആഘോഷം)ന്റെ പരീക്ഷണപ്പറത്തലിന് എത്തുന്നത് നിരവധി കൗതുകങ്ങള്‍ നിറഞ്ഞ സര്‍ക്കിള്‍ കൈറ്റ്. വെള്ളിയാഴ്ച വൈകീട്ട് 3 മുതല്‍ 6 വരെ സീലൈന്‍ ബീച്ചിലാണ് സര്‍ക്കിള്‍ കൈറ്റ് എന്ന 45 അടി വ്യാസമുള്ള പട്ടം പറക്കാനൊരുങ്ങുന്നത്. നേരത്തേ കത്താറ ബീച്ചിലായിരുന്നു പരിപാടി ഉദ്ദേശിച്ചിരുന്നതെങ്കിലും അനുമതി നീളുന്നതിനാലാണ് സീലൈനിലേക്കു മാറ്റിയതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
300 എയര്‍ ഹോളുകളും 12.5 കിലോഭാരവുമുള്ള സര്‍ക്കിള്‍ കൈറ്റ് 1.5 ടണ്‍ വായു മര്‍ദ്ദത്തിലാണ് അന്തരീക്ഷത്തില്‍ ഉയര്‍ന്നു നില്‍ക്കുക. എയര്‍ ഹോളുകളില്‍ കൂടി അന്തരീക്ഷ വായു അകത്തേക്കു കയറുമ്പോഴാണ് പട്ടം ഉയരുക. ഈ ഭീമന്‍ പട്ടം പറത്തണമെങ്കില്‍ 10 പേരുടെ സഹായം വേണം. ലോക പ്രശസ്ത പട്ടം നിര്‍മാതാവായ ന്യൂസിലന്‍ഡിലെ പീറ്റര്‍ ലിനനാണ് സര്‍ക്കിള്‍ കൈറ്റ് നിര്‍മിച്ചിരിക്കുന്നത്. ഇതോടൊപ്പം ഇരുപതടി വ്യാസവും വെറും 150 ഗ്രാം മാത്രം ഭാരവുമുള്ള പൈലറ്റ് കൈറ്റും പരീക്ഷണാര്‍ഥം സീലൈനില്‍ പറത്തും. പൊതു ജനങ്ങള്‍ക്ക് കാണാനുള്ള സൗകര്യമുണ്ടാവും.
കാറ്റിന്റെ ദിശയും ശക്തിയും മറ്റും മനസ്സിലാക്കുന്നതിനും ഏപ്രിലില്‍ നടക്കുന്ന മേളയുടെ പ്രചരണാര്‍ഥവുമാണ് വെള്ളിയാഴ്ചത്തെ പരിപാടിയെന്ന് വണ്‍ ഇന്ത്യ, അറേബ്യന്‍ കൈറ്റ് ടീം എന്നിവയുടെ ക്യാപ്റ്റന്‍ അബ്ദുല്ല മാളിയേക്കല്‍ പറഞ്ഞു. അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള എട്ടു മലയാളികള്‍ അടങ്ങിയ സംഘമാണ് പട്ടം പറത്തലിന് നേതൃത്വം നല്‍കുന്നത്. യുഎസ്എ കൈറ്റ് ഫെഡറേഷന്റെ മേല്‍നോട്ടത്തില്‍ അഡ്രസ് ഇന്റര്‍നാഷനലാണ് ഖത്തറിലെ പട്ടം പറത്തല്‍ മേള സംഘടിപ്പിക്കുന്നത്.
ചൈന, സിംഗപ്പൂര്‍, വിയറ്റ്‌നാം തുടങ്ങിയ ഫാര്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള പട്ടം പറത്തല്‍ വിദഗ്ധരാണ് ഏപ്രില്‍ കത്താറയില്‍ നടക്കുന്ന മേളയില്‍ പങ്കെടുക്കുക. അധികൃതരില്‍ നിന്ന് അനുമതി ലഭിച്ചാലുടന്‍ അന്തിമ തിയ്യതി പ്രഖ്യാപിക്കും. ഖത്തറിലെ ടൂറിസം രംഗത്തിന് മുതല്‍ക്കൂട്ടാവുന്ന രീതിയില്‍ പട്ടം പറത്തല്‍ മേള വളര്‍ത്തിയെടുക്കുന്നതിന് ഖത്തര്‍ ടൂറിസം അതോറിറ്റി, ഖത്തര്‍ ഒളിംപിക് കമ്മിറ്റി എന്നിവയുമായി ചര്‍ച്ചകള്‍ നടന്നുവരുന്നതായി സംഘാടകര്‍ പറഞ്ഞു. അന്താരാഷ്ട്ര നിയമമനുസരിച്ച് 40 മണിക്കൂര്‍ പരിശീലനം നേടിയവരെയാണ് പട്ടം പറത്തല്‍ മേളയില്‍ ഉള്‍പ്പെടുത്തുന്നത്. ഏപ്രിലില്‍ നടക്കുന്ന മേളയില്‍ വിദ്യാര്‍ഥികള്‍ക്ക് പട്ടം പറത്തിലിന്റെ വിവിധ വശങ്ങള്‍ മനസ്സിലാക്കിക്കൊടുക്കുന്നതിനുള്ള പരിശീലനക്കളരികളും ഒരുക്കുന്നുണ്ട്.
ജോണ്‍ പ്രിന്‍സ് ഇടിക്കുള, ശരീഫ് കടമേരി, ഫാസില്‍ ശരീഫ്, സിദ്ദീഖ് എം ടി, റിയാസ്, ശുമൈസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."