കോടിയേരിയുടെ അഭിപ്രായം അപഹാസ്യം: കെ.പി.എ മജീദ്
മലപ്പുറം: മുസ്‌ലിം ലീഗിനെതിരേ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ അപഹാസ്യമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രസ്താവനയില്‍ പറഞ്ഞു. കാന്തപുരവും സംഘ്പരിവാരും തമ്മിലെ ബന്ധം ചൂണ്ടിക്കാട്ടിയതിനു കോടിയേരിക്ക് എന്തിനാണിത്ര അസഹിഷ്ണുതയെന്ന് മനസിലാവുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ കേന്ദ്രമായ പാലക്കാട്ട് പാര്‍ട്ടിയുടെ സമ്മുന്നത നേതാവ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ബി.ജെ.പിക്ക് വോട്ട് കൂടുകയും ചെയ്തത് ഏതില്‍ നിന്നുള്ള ചോര്‍ച്ചയാണെന്ന കാര്യം സി.പി.എം സെക്രട്ടറി മറച്ചുപിടിക്കുകയാണ്. ഈ ജാള്യത മറയ്ക്കാന്‍ മുസ്‌ലിം ലീഗിന്റെ നേര്‍ക്കല്ല വരേണ്ടത്- മജീദ് പറഞ്ഞു.
കല്‍പകഞ്ചേരിയില്‍ ഒരാളുടെ സ്വാഭാവിക മരണത്തെ കൊലപാതകമാക്കി മുസ്‌ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിച്ചു. ബന്ധുക്കള്‍ സാധാരണമരണമാണെന്ന് പറഞ്ഞിട്ടും നിര്‍ബന്ധിച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്യിച്ചു. മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ ജയിലിലടച്ചു. ഒടുവില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്വാഭാവിക മരണമാണെന്ന് സ്ഥിരീകരിക്കപ്പെടുകയും സി.പി.എം ഉള്‍പ്പെടെയുള്ളവരുടെ അവകാശവാദങ്ങള്‍ പൊള്ളയാണെന്ന് തെളിഞ്ഞിട്ടും മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കൊലചെയ്തുവെന്ന മട്ടില്‍ സി.പി.എം സെക്രട്ടറി പ്രസ്താവനയിറക്കുമ്പോള്‍ കാര്യങ്ങള്‍ ഒന്ന് അന്വേഷിക്കാനെങ്കിലും ശ്രമിക്കണമായിരുന്നു.
നാട്ടില്‍ അക്രമം നടത്തി സമാധാനാന്തരീക്ഷം തകര്‍ക്കുന്നത് സി.പി.എമ്മും ആര്‍.എസ്.എസുമാണ്. തെരഞ്ഞെടുപ്പിനു ശേഷം ഉണ്ടായ അക്രമസംഭവങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. തെരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ഥിക്ക് നന്ദിപറയാന്‍ പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഈ ഭരണം വന്നശേഷമുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഭരണത്തിലെ പ്രമുഖകക്ഷിയെന്ന നിലയില്‍ മുന്‍കൈ എടുക്കേണ്ടത് സി.പി.എം ആണ്. മുസ്‌ലിംലീഗ് അക്രമത്തെ ഒരിക്കലും പ്രോല്‍സാഹിപ്പിക്കുന്നില്ല. അക്രമത്തില്‍ ലീഗ് വിശ്വസിക്കുന്നില്ല. അക്രമം നിര്‍ത്താന്‍ സി.പി.എം നേതൃത്വം തയാറാവണം. അധികാരത്തിന്റെ മറവില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ വേട്ടയാടാന്‍ ശ്രമിക്കുന്നതായി മജീദ് പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പണമെറിഞ്ഞും വര്‍ഗീയ തീവ്രവാദ സംഘടനുകളുമായി അവിഹിത ബന്ധങ്ങളുണ്ടാക്കിയിട്ടും മുസ്‌ലിം ലീഗിന്റെ അടിത്തറയിളക്കാന്‍ കഴിയാത്തതിലെ നിരാശയാണ് സി.പി.എം സെക്രട്ടറിയുടെ വാക്കുകളില്‍ പ്രതിഫലിക്കുന്നത്. ലീഗിനെ വിമര്‍ശിക്കാന്‍ സി.പി.എം സമയം കളയുന്നതിനു പകരം ജനങ്ങളുടെ ദുരിതം പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പച്ചക്കറികളടക്കമുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് തീവിലയായി ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ഇക്കാര്യത്തില്‍ കോടിയേരിക്ക് എന്തു പറയാനുണ്ടെന്നും മജീദ് ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."