HOME
DETAILS
MAL
ഇന്‍ഡോ- അമേരിക്കന്‍ വ്യാപാര കരാറിനെതിരേ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് കൃഷിമന്ത്രി
backup
February 11 2020 | 04:02 AM
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷിക, ക്ഷീര മേഖലകളെ തകര്‍ക്കുന്ന ഇന്‍ഡോ- അമേരിക്കന്‍ വ്യാപാര കരാറിനെതിരേ നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കണമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍.
ക്ഷീരമേഖലയിലെയും കാര്‍ഷിക മേഖലയിലെയും ലക്ഷക്കണക്കിന് കര്‍ഷകരെ ആത്മഹത്യയിലേക്കു തള്ളിവിടാനേ കരാര്‍ ഉപകരിക്കൂ.
കരാറില്‍നിന്ന് പാല്‍ ഉല്‍പന്നങ്ങളുടെയും ഇന്ത്യയിലെ കാര്‍ഷികോല്‍പന്നങ്ങളുടെയും ഇറക്കുമതി ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും കര്‍ഷകദ്രോഹ കരാറായ ആര്‍.സി.ഇ.പിക്കെതിരെ പ്രതികരിച്ചതു പോലെ ഒറ്റക്കെട്ടായ പ്രതിഷേധം ഇതിനെതിരെയും ഉയര്‍ന്നുവരേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധി സംബന്ധിച്ച് പ്രതിപക്ഷത്തുനിന്ന് സണ്ണി ജോസഫ് അവതരിപ്പിച്ച അടിയന്തരപ്രമേയത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി. കേന്ദ്ര സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന കാര്‍ഷിക നയങ്ങളുടെ പ്രത്യാഘാതം കേരളത്തിന്റെ കാര്‍ഷിക മേഖലയിലും പ്രതിഫലിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
റബറിന്റെയും നാണ്യവിളകളുടെയും വിലത്തകര്‍ച്ച കേരളത്തിലെ കര്‍ഷകര്‍ നേരിടുന്നുണ്ട്. ജീവനി പദ്ധതി പ്രകാരം 470 ദിവസം കൊണ്ട് കേരളത്തിലെ പച്ചക്കറി ഉല്‍പ്പാദനം സ്വയംപര്യാപ്തതയിലേക്ക് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് പുഷ്പ കൃഷിക്ക് അനുകൂലമായ സാഹചര്യമാണ് ഉള്ളത്. പുഷ്പ കൃഷിയുമായി ബന്ധപ്പെട്ട് നെതര്‍ലന്‍ഡുമായി സഹകരിച്ച് കേരളത്തെ പുഷ്പ കൃഷിയുടെ ഹബ്ബാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതി ഉടന്‍ നടപ്പിലാക്കും.
അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ഇതു നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. ഒരു വര്‍ഷം ഒരു കോടി രൂപയുടെ പഴവര്‍ഗങ്ങള്‍ കൃഷിചെയ്ത് എടുക്കുന്ന പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കാര്‍ഷിക മേഖലയെ അവഗണിക്കുന്നതില്‍ കേന്ദ്രവും സംസ്ഥാനവും ഒരേ നയമാണ് സ്വീകരിക്കുന്നതെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ട് സണ്ണി ജോസഫ് പറഞ്ഞു.
കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രിയെന്നത് പോലെയാണ് കാര്‍ഷിക മേഖലയില്‍ കേന്ദ്രത്തിന്റെയും കേരള സര്‍ക്കാരിന്റെയും ഇടപെടലുകള്‍. കര്‍ഷകര്‍ക്കുള്ള കടാശ്വാസ അപേക്ഷകള്‍ കടാശ്വാസ കമ്മിഷന്റെ ഓഫിസില്‍ കെട്ടിക്കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകര്‍ക്കുളള വിലസ്ഥിരതാ ഫണ്ട് മാര്‍ച്ച് മുതല്‍ കുടിശികയാണെന്നും അദ്ദേഹം പറഞ്ഞു. രാജു എബ്രഹാം, കെ.സി ജോസഫ്, മുല്ലക്കര രത്‌നാകരന്‍, എം.സി ഖമറുദ്ദീന്‍, പി.ജെ ജോസഫ്, സി.കെ ഹരീന്ദ്രന്‍, അനൂപ് ജേക്കബ്, പി.സി ജോര്‍ജ്, കെ.വി വിജയദാസ്, ഷാഫി പറമ്പില്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.
മന്ത്രിയുടെ മറുപടി കണ്ണില്‍ പൊടിയിടല്‍ മാത്രമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. തുടര്‍ന്ന് മന്ത്രിയുടെ മറുപടിയില്‍ തൃപ്തരല്ലെന്ന് അറിയിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."