സമാന്തര സര്‍വിസ് നടത്തിയ ടൂറിസ്റ്റ് ബസുകള്‍ വീണ്ടും പിടികൂടി
തിരുവനന്തപുരം: നിരവധി തവണ പിടികൂടി പിഴ ചുമത്തിയിട്ടും വീണ്ടും സമാന്തര സര്‍വിസ് നടത്തിയ രണ്ട് ടൂറിസ്റ്റ് ബസുകള്‍ക്ക് പിഴ ചുമത്തി. തൊടുപുഴയില്‍നിന്നു തിരുവനന്തപുരത്തേക്ക് സര്‍വിസ് നടത്തിയ 'കെയ്‌റോസ്', 'ജോഷ്'ടൂറിസ്റ്റ് ബസുകളെയാണ് കഴിഞ്ഞ ദിവസം കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് വിഭാഗവും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടിയത്. കെയ്‌റോസ് ബസ് നിയമലംഘനത്തിന് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പതിനൊന്നാം തവണയാണ് പിടിയിലാകുന്നത്. മുണ്ടക്കയത്തു നിന്നും പുറപ്പെട്ട കെ.എസ്.ആര്‍.ടി.സിയുടെ എ.സി ലോഫ്‌ലോര്‍ ബസിന് മുന്നിലായി ഈ ബസ് ആളെ കയറ്റി തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. ടെക്‌നോപാര്‍ക്കിന് സമീപം വച്ചാണ് അധികൃതര്‍ പിടികൂടിയത്. 37 യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. ടൂറിസ്റ്റ് സര്‍വിസിന് പെര്‍മിറ്റ് നല്‍കിയിരിക്കുന്ന ബസാണ് സമാന്തര സര്‍വിസ് നടത്തുന്നത്. പക്ഷെ പിടിച്ചെടുത്ത ബസ് മോട്ടോര്‍ വാഹനവകുപ്പിന് കൈമാറാന്‍ ബസിലെ ജീവനക്കാര്‍ തയാറായില്ല. ഒടുവില്‍ പൊലിസ് ഇടപെട്ടാണ് വാഹനം മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."