വാഴാനി ഡാമില്‍ മധ്യവയസ്‌കനെ കാണാതായ സംഭവം: തിരച്ചിലിന് ഇന്ന് നേവിയെത്തും
വടക്കാഞ്ചേരി: വാഴാനി ഡാമില്‍ മീന്‍പിടിക്കാന്‍ പോയ മധ്യവയസ്‌ക്കനെ കാണാതായതുമായി ബന്ധപ്പെട്ട് രണ്ടാം ദിവസവും തിരച്ചില്‍ വിഫലം.
ആളെ കണ്ടെത്താനായില്ല. ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം ഇന്ന് കൊച്ചിയില്‍ നിന്നും നേവി ഉദ്യോഗസ്ഥര്‍ തിരച്ചിലിനായി വാഴാനി ഡാമിലെത്തും.
തെക്കുംകര പഞ്ചായത്തിലെ വീരോലിപ്പാടം സ്വദേശി മഠത്തിലാംകുന്ന് രാഘവന്‍ (കുട്ടപ്പന്‍ 60 ) നെയാണ് ബുധനാഴ്ച രാവിലെ 11 മുതല്‍ ഡാമില്‍ കാണാതായത്.സുഹൃത്തുക്കളോടൊപ്പം ഡാമില്‍ മീന്‍പിടിക്കാന്‍ പോയതായിരുന്നു. തെക്കുംകര പഞ്ചായത്ത് മുന്‍ മെംബര്‍ രജിത ബിജോഷിന്റെ പിതാവാണ് ഡാമില്‍ കാണാതായ രാഘവന്‍.
വടക്കാഞ്ചേരിയില്‍ നിന്നും ഫയര്‍ഫോഴ്‌സും പൊലിസും മുങ്ങല്‍ വിദഗ്ധരുംനാട്ടുകാരും ചേര്‍ന്ന് രണ്ടു ദിവസങ്ങളിലായി തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല.
രാഘവന്‍ മുങ്ങിയ പ്രദേശത്ത് 30 അടിയോളം വെള്ളമുണ്ടെന്ന് മുങ്ങല്‍ വിദ്ഗദര്‍ പറഞ്ഞു. എന്നാല്‍, കഴിഞ്ഞ രണ്ടു ദിവസമായിട്ടും രാഘവനെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഓഫിസര്‍ തയാറാക്കിയ റിപ്പോര്‍ട്ട് തലപ്പിള്ളി തഹസില്‍ദാര്‍ വഴി ജില്ലാ കലക്ടര്‍ക്ക് കൈമാറി.
കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് കൊച്ചിയില്‍ നിന്നും നേവിയുടെ ഉദ്യോഗസ്ഥര്‍ തിരച്ചിലിനായി വാഴാനി ഡാമില്‍ എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."