വോട്ടര്‍മാരുടെ മതം തിരിച്ച് കണക്കെടുക്കാന്‍ പൊലിസിന്റെ നിര്‍ദേശം; വിവാദമായപ്പോള്‍ നിര്‍ത്തി
തളിപ്പറമ്പ് (കണ്ണൂര്‍): മതാടിസ്ഥാനത്തില്‍ വോട്ടര്‍മാരുടെ കണക്കെടുപ്പ് നടത്താന്‍ പൊലിസ് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന്‍ നല്‍കിയ കത്ത് വിവാദമായി.
പരിയാരം പഞ്ചായത്തിലെ അങ്കണവാടി സൂപ്പര്‍വൈസര്‍ക്കാണ് പരിയാരം പൊലിസ് സ്‌റ്റേഷനിലെ സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ ചാര്‍ട്ട് എഴുതി നല്‍കിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തരത്തില്‍ കണക്കെടുപ്പ് നടത്താന്‍ ഉന്നത നിര്‍ദേശം ലഭിച്ചിരുന്നുവത്രേ. കണക്കെടുപ്പ് എളുപ്പത്തില്‍ നടത്തുന്നതിനാണ് ഉദ്യോഗസ്ഥന്‍ പരിയാരം പഞ്ചായത്തിലെ അങ്കണവാടി സൂപ്പര്‍വൈസര്‍ക്ക് ഇതു സംബന്ധിച്ച് വെള്ളക്കടലാസില്‍ ചാര്‍ട്ട് എഴുതി നല്‍കിയത്.
ഓരോ പോളിങ് ബൂത്തിലേയും ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍ വോട്ടര്‍മാരുടെ എണ്ണത്തിന് പുറമേ നായര്‍, ഈഴവ, പട്ടികജാതി, പട്ടികവര്‍ഗം, മറ്റു വിഭാഗങ്ങള്‍ എന്നിവരുടെ കണക്ക് എടുക്കാനാണ് നിര്‍ദേശിച്ചത്. വയസുതിരിച്ചുള്ള പട്ടികയും ആവശ്യപ്പെട്ടിരുന്നു. സൂപ്പര്‍വൈസര്‍ ഇത് പഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍മാരുടെ വാട്‌സ്ആപ് ഗ്രൂപ്പിലിട്ടതോടെയാണ് സംഭവം വിവാദമായത്. യു.ഡി.എഫ് നേതാക്കള്‍ ഇതിനെതിരേ രംഗത്തുവന്നതോടെ കണക്കെടുപ്പ് നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. മുസ്‌ലിം ലീഗ് നേതാവും യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാനുമായ പി.വി അബ്ദുല്‍ഷുക്കൂര്‍ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചതോടെ ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരേ വകപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം അതീവ ഗൗരവമുള്ളതാണെന്ന് ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."