കടലിലെ പ്ലാസ്റ്റിക് മാലിന്യം: മനുഷ്യര്‍ക്കും മത്സ്യങ്ങള്‍ക്കും ഭീഷണിയെന്ന് പഠനം
സ്വന്തം ലേഖിക
കൊച്ചി: കടലില്‍ തള്ളുന്ന പ്ലാസ്റ്റിക് മാലിന്യം മനുഷ്യനും മത്സ്യങ്ങള്‍ക്കും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് പഠനം. മത്സ്യശരീരത്തിലെ മസിലുകളിലാണ് പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇത്തരം മത്സ്യം കഴിക്കുന്ന മനുഷ്യരിലേക്കും പ്ലാസ്റ്റിക്കിന്റെ അംശം എത്തുമെന്ന് പഠനത്തില്‍ തെളിഞ്ഞതായി കേരള യൂനിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് (കുഫോസ്) സ്ഥാപക വൈസ് ചാന്‍സലര്‍ ഡോ. ബി. മധുസൂദനക്കുറുപ്പ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സി.എം.എഫ്.ആര്‍.ഐ അടുത്തിടെ നടത്തിയ പഠനത്തില്‍ മീനുകളുടെ കുടലില്‍ നിന്ന് പ്ലാസ്റ്റിക്ക് പൊടി കണ്ടെത്തിയിരുന്നു. ചാള, അയില, കടലിനടിയില്‍ നിന്ന് ഭക്ഷണം കണ്ടെത്തുന്ന മീനുകള്‍ എന്നിവയിലാണ് പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഭക്ഷ്യവസ്തുക്കളിലൂടെയാണ് മീനുകളില്‍ പ്ലാസ്റ്റിക്ക് സാന്നിധ്യമുണ്ടാകുന്നതെന്നാണ് കണ്ടെത്തല്‍.
ജലസ്രോതസുകളിലേക്ക് പ്ലാസ്റ്റിക്ക് മാലിന്യം തള്ളുന്ന മനുഷ്യര്‍ പ്ലാസ്റ്റിക്കടങ്ങിയ മത്സ്യം ഭക്ഷിക്കേണ്ട ഗതികേടിലാകുമെന്നും അദ്ദേഹം പറഞ്ഞു. കേരള തീരങ്ങളില്‍ മത്തിയുടെ ഉല്‍പാദനവും വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്. ഒരു വര്‍ഷം കുറഞ്ഞാലും പിറ്റേവര്‍ഷം മത്തിയുടെ ഉല്‍പാദനം ഇരട്ടിയായി മുന്‍വര്‍ഷങ്ങളില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, കഴിഞ്ഞകാലങ്ങളില്‍ മത്തി കേരളതീരങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന പ്രതിഭാസമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കടലിലെ നേരിയ താപനില വര്‍ധനപോലും മത്തി, അയില എന്നിവയുടെ ആവാസവ്യവസ്ഥയെ സാരമായി ബാധിക്കുന്നുണ്ട്.
ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ കേരളതീരങ്ങളെ അപക്ഷിച്ച് ഊഷ്മാവ് വളരെ കുറവായതിനാല്‍ മത്തിയും അയലയുമൊക്കെ അവിടങ്ങളില്‍ സുലഭമാണെന്നും അദ്ദേഹം പറഞ്ഞു. കടലിലെ താപനിലയുടെ വര്‍ധനവ് കൊണ്ടാണ് മത്തി കേരളതീരം വിടുന്നതെന്നും ശാസ്ത്രീയ പഠനം തെളിയിച്ചിട്ടുണ്ട്.
മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചപ്പോള്‍ രൂപപ്പെട്ട കോണ്‍ക്രീറ്റ് മാലിന്യവും മത്സ്യത്തിന്റെ ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയായിട്ടുണ്ട്. എന്നാല്‍, ശക്തമായ ഒരു വര്‍ഷകാലത്തിന് പഴയ ആവാസവ്യവസ്ഥയെ തിരികെക്കൊണ്ടുവരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."