പുന്നയൂര്‍ പഞ്ചായത്തിന്റെ കടലോരത്തെ പുറമ്പോക്ക് ഭൂമിയെ ചൊല്ലി ലീഗ്, സി.പി.എം പോര്
സി.പി.എം തീരവാസികളെ കബളിപ്പിച്ചെന്ന് മുസ്‌ലിം ലീഗ്
ചാവക്കാട്: ലഭിക്കാത്ത പട്ടയത്തിന്റെ പേരില്‍ നൂറുകണക്കിന് തീരവാസികളെ കബളിപ്പിച്ച സി.പി.എം ജനങ്ങളോട് മാപ്പ് പറയണമെന്ന് മുസ്‌ലിം ലീഗ്. ലീഗ് പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുലൈമു വലിയകത്ത്, ജനറല്‍ സെക്രട്ടറി സലാം അകലാട് എന്നിവരാണ് പഞ്ചായത്തിലെ ചില സി.പി.എം. നേതാക്കള്‍ക്കെതിരേ പത്രസമ്മേളനം വിളിച്ചത്.
പുന്നയൂര്‍ പഞ്ചായത്തിന്റെ കടലോരത്തെ പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന നൂറുകണക്കിനു കുടുംബങ്ങള്‍ക്ക് സി.പി.എം പ്രാദേശിക നേതാക്കളാണ് പട്ടയം അനുവദിച്ചു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തതെന്ന് ലീഗ് നേതാക്കള്‍ ആരോപിച്ചു.
പട്ടയത്തിനുള്ള അപേക്ഷയുമായി നൂറുകണക്കിന് പേരെ താലൂക്ക് ഓഫിസിലേക്ക് പറഞ്ഞയച്ചതും ഈ നേതാക്കളാണ്. യു.ഡി.എഫ് ഭരിക്കുന്ന പുന്നയൂര്‍ പഞ്ചായത്തിനെ കരിവാരിത്തേക്കാന്‍ സി.പി.എം. മനപ്പൂര്‍വം ഉണ്ടാക്കിയതാണ് ഈ പട്ടയമേള. പട്ടയം നല്‍കാനുള്ള അധികാരം റവന്യൂവകുപ്പില്‍ നിക്ഷിപ്തമായിരിക്കെ പുന്നയൂര്‍ പഞ്ചായത്താണ് പട്ടയം അനുവദിക്കേണ്ടതെന്ന് പറഞ്ഞ് സി.പി.എം. നേതാവും പ്രവര്‍ത്തകരും തീരദേശത്തെ പാവപ്പെട്ട കുടുംബങ്ങളെ തെറ്റിദ്ധരിപ്പിച്ചു.
എന്നാല്‍, കഴിഞ്ഞ ദിവസം തഹസില്‍ദാര്‍ അപേക്ഷ സമര്‍പ്പിച്ച മുഴുവന്‍ പേര്‍ക്കും സി.ആര്‍. സെഡില്‍ ഉള്‍പ്പെട്ട സ്ഥലമായതിനാല്‍ പട്ടയം അനുവദിക്കാന്‍ കഴിയില്ലെന്നറിയിച്ച് നോട്ടിസ് നല്‍കി. പഞ്ചായത്തിലെ എടക്കഴിയൂര്‍, പുന്നയൂര്‍ വില്ലേജുകളിലായി മൊത്തം 378 കുടുംബങ്ങള്‍ക്കാണ് നോട്ടിസ് നല്‍കിയത്. രാഷ്ട്രീയ മുതലെടുപ്പിനായി സി.പി.എം കളിച്ച നാടകം ഇതോടെ പുറത്തായെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞു. പുറമ്പോക്ക് ഭൂമിയില്‍ കെട്ടിടങ്ങള്‍ പോലും പണിതു വില്‍ക്കുന്ന ചില സി.പി.എം.നേതാക്കളാണ് പട്ടയമേളക്കു പിന്നിലെന്നും ലീഗ് നേതാക്കള്‍ ആരോപിച്ചു.
അടിസ്ഥാനരഹിത വാദമുയര്‍ത്തി തീരവാസികളെ ലീഗ് ദ്രോഹിക്കുന്നുവെന്ന് സി.പി.എം
ചാവക്കാട്: കടലോര പുറമ്പോക്ക് ഭൂമിയുടെ പട്ടയത്തിന്റെ കാര്യത്തില്‍ അടിസ്ഥാനരഹിത വാദമുയര്‍ത്തി ലീഗ് നേതാക്കള്‍ തീരവാസികളെ ദ്രോഹിക്കുകയാണെന്ന് സി.പി.എം ഏരിയ കമ്മിറ്റി അംഗം ടി.വി.സുരേന്ദ്രന്‍ ആരോപിച്ചു. പുന്നയൂര്‍ പഞ്ചായത്തിന്റെ തീരദേശത്ത് 500-ലധികം കുടുംബങ്ങള്‍ പട്ടയമോ മറ്റു രേഖകളോ ഇല്ലാതെ ദുരിതജീവിതം നയിക്കുന്നുണ്ട്. ഇതില്‍ പഞ്ചായത്ത് ഭരണസമിതിക്ക് മാത്രമായി പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നങ്ങളോട് ഭരണ സമിതി പുറം തിരിഞ്ഞ് നില്‍ക്കുകയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
ഈ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മുഖ്യമന്ത്രി, റവന്യൂ മന്ത്രി, വൈദ്യൂതി മന്ത്രി,ഭക്ഷ്യ മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കി നടപടിക്കായി സി.പി.എം കാത്തിരിക്കുകയാണ്.ഇതിനിടെയാണ് പുറമ്പോക്കിലെ താമസക്കാര്‍ തഹസില്‍ദാര്‍ക്ക് നല്‍കിയ അപേക്ഷകള്‍ സി.ആര്‍.സെഡ് പരിധിയില്‍പെട്ട സ്ഥലം എന്ന കാരണം പറഞ്ഞ് തള്ളിയത്. തീരദേശത്തെ മനുഷ്യരുടെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം എന്ന നിലയില്‍ ഇത് പരിഹരിക്കുന്നതു വരെ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് പാര്‍ട്ടി തീരുമാനമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. പുന്നയൂര്‍ പഞ്ചായത്ത് യു.ഡി.എഫ് ഭരണ സമിതി ഇക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥ തുടരുകയാണ്. പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കണമെന്നാവശ്യപ്പെട്ട് ആറുമാസം മുന്‍പ് പുന്നയൂര്‍ പഞ്ചായത്ത് ഭരണസമിതി ഏകകണ്ഠമായി പ്രമേയം അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ആ പ്രമേയം സര്‍ക്കാരിന് അയച്ച് കൊടുക്കാന്‍ പോലും തയാറാകാത്ത പഞ്ചായത്ത് ഭരണസമിതി പുറമ്പോക്കില്‍ താമസിക്കുന്ന കുടുംബങ്ങളെ കുടിയൊഴിപ്പിക്കണമെന്ന നിലപാടാണ് ഇപ്പോള്‍ സ്വീകരിക്കുന്നതെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."