ഉര്‍ദു അറിഞ്ഞു പഠിക്കാം
പ്രിയ കൂട്ടുകാരേ,
എസ്.എസ്.എല്‍.സി. വിജയിക്കുക എ ന്നത് നമ്മുടെ നാട്ടിലെ ഒരു സുപ്രധാന നാഴികക്കല്ലാണല്ലോ! ആ വിജയം എ പ്ലസോടെ തന്നെ നേടിയെടുക്കാനുള്ള തീവ്രശ്രമത്തിലാകും കൂട്ടുകാര്‍. എല്ലാ പാഠ്യവിഷയങ്ങളിലും എപ്ലസ് നേടുക എന്നത് ചിലര്‍ക്ക് എളുപ്പവും മറ്റു ചിലര്‍ക്ക് അല്‍പസ്വല്‍പം എളുപ്പക്കുറവുമാകാം. എന്നാല്‍ നാം ഇവിടെ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ സഗൗരവം പിന്തുടര്‍ന്നാല്‍ ഉര്‍ദു ഒന്നാം ഭാഷയായി പഠിക്കുന്നവര്‍ക്ക് എ പ്ലസ് നേടുകയെന്നത് പ്രയാസകരമാകില്ലെന്ന് ഉറപ്പിച്ചു പറയാം.
ആദ്യമായി മനസിലാക്കേണ്ടത് പാഠപു സ്തകത്തില്‍ പാഠങ്ങളെത്ര, സാഹിത്യ വിഭാഗങ്ങളേവ, രചയിതാക്കള്‍ ആരെല്ലാം, കഥാപാത്രങ്ങളാരെല്ലാം, ഓരോ പാഠഭാഗത്തിന്റെയും പ്രമേയമെന്ത് എന്നീ കാര്യങ്ങളാണ്. തുടക്കമെന്നോണം നമുക്ക് ഇവയെല്ലാം പട്ടികപ്പെടുത്തി നോക്കാം. ഈ പട്ടിക അപൂര്‍ണമാണ്.
പാഠപുസ്തകത്തെ അടിസ്ഥാനമാക്കി വിട്ടു പോയവ
പൂര്‍ത്തീകരിക്കാന്‍ കൂട്ടുകാര്‍ ശ്രമിക്കുമല്ലോ! ഈ പട്ടികയിലെ വിവരങ്ങള്‍ ശരിയായ വിധം പൂരിപ്പിച്ച് ശ്രദ്ധയോടെ മനസ്സിലാക്കിയാല്‍ എല്ലാ തരം ചോദ്യങ്ങളെയും നേരിടാന്‍ ചെറുതോ വലുതോ ആയ സഹായം കിട്ടും.
ഇനി വ്യവഹാര രൂപങ്ങളുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത തരം ചോദ്യരൂപങ്ങളെയും ചില ഉദാഹരണങ്ങളും പരിശോധിക്കാം.
കവിത
അഞ്ചു യൂണിറ്റുകളിലായി ഏഴ് കവിതകളാണ്
നാം പഠിച്ചിട്ടുള്ളത്. അവയിലൊന്ന് ഗസലും രണ്ട് ഗീത്(ഗാനം)കളും ശേഷിക്കുന്നവ നസ്മ്(പദ്യം)കളുമാണ്. കവിതാ വിഭാഗത്തില്‍ പലയിടങ്ങളിലായി 23 കവികളെ നാം പരിചയപ്പെട്ടു. അവരുടെ പേരു വിവരങ്ങള്‍ നല്ലപോലെ മനസിലാക്കണം. ആദ്യത്തെ എട്ട് ചോദ്യങ്ങളിലും ഈരടികളുടെ ആശയ രചന, ജീവചരിത്രക്കുറിപ്പ് തയാറാക്കല്‍ എന്നിവയിലും ഇവയ്ക്ക് വളരെ പ്രാധാന്യമുണ്ട്. മുഴുവന്‍ കവികളുടെ പേരുകളും മറ്റ് വിവരങ്ങളും പാഠപുസ്തകത്തില്‍ നിന്ന് കണ്ടെത്തി എഴുതിയെടുത്ത് മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.
ഓരോ കവിതയിലെയും ഈരടികള്‍ ഏതെല്ലാമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. മാത്രവുമല്ല ഓരോ കവിതയുടെയും വിഷയം, കവി എന്നിവയും അറിഞ്ഞിരിക്കണം. മുന്‍ പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ പരിശോധിച്ചാല്‍ ഇവയുടെ പ്രാധാന്യം തീര്‍ച്ചയായും ബോധ്യപ്പെടും.
കവിതയില്‍ അതിപ്രധാനമായ ചോദ്യമാണ് ഈരടിയുടെ ആശയം എഴുതുന്നത്. ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുമ്പോള്‍ കവി ആരെന്നും, കവിത ഏതെന്നും, കവിത നല്‍കുന്ന സന്ദേശമെന്തെന്നും പ്രതിപാദിക്കുന്നത് ഉത്തമമാണ്. ഈരടിയുടെ ആശയത്തോടൊപ്പം നിങ്ങളുടെ കാഴ്ചപ്പാടുകളും വിശദീകരിക്കാവുന്നതാണ്.
നാടകം
'അക്കല്‍മന്ദ് മഛേര' (ബുദ്ധിമാനായ മുക്കുവന്‍) എന്ന നാടകമാണ് നാം പഠിച്ചത്. കഥയില്‍ പ്രസ്താവിക്കപ്പെട്ടതു പോലെ കഥാപാത്രങ്ങളുടെ പേരെഴുതുക, കഥാപാത്രത്തെ കുറിച്ച് കുറിപ്പെഴുതുക, പ്രമേയത്തെ ആധാരമാക്കി വിവരണം എഴുതുക, അഭിപ്രായമെഴുതുക, സംഭാഷണ ശകലങ്ങളെ കഥാപാത്രങ്ങളുമായി ബന്ധപ്പെടുത്തുക ഇത്യാദി ചോദ്യങ്ങളാണ് നാടകത്തിലും വരുന്നത്.
കഥ/ചെറുകഥ
കഥാ വിഭാഗത്തില്‍ ചെറുകഥകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. കാബൂളിവാല, ഖജ്‌രി കേ സായേ മെ, സവാ സേര്‍ ഗേഹൂ, അണ്ഡാ ഹെ യാ ദാന എന്നിവ പാഠ്യ വിധേയമാണ്. ഓരോ കഥയുടെയും പശ്ചാത്തലം, അവ വിനിമയം ചെയ്യുന്ന സന്ദേശം, കഥാപാത്രങ്ങള്‍, കഥാപാത്ര സവിശേഷതകള്‍, വിരല്‍ചൂണ്ടുന്ന സാമൂഹ്യ പ്രശ്‌നങ്ങള്‍ എന്നിവ വളരെ കൃത്യമായി മനസിലാക്കുക
യും പഠിക്കുകയും വേണം.
പാഠപുസ്തകത്തില്‍ നിന്ന് നാം പരിചയപ്പെട്ട കഥാകൃത്തുക്കളെ കുറിച്ചുള്ള വിവരങ്ങ ളും അവരുടെ പേരും നന്നായി മനസ്സിലാക്കിയാല്‍ ചെറിയ സ്‌കോറിന്റെ ചോദ്യങ്ങള്‍ക്കും വലിയ സ്‌കോര്‍ നേടിത്തരുന്ന ജീവചരിത്രക്കുറിപ്പ് തയാറാക്കുന്ന ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതാന്‍ പ്രയാസപ്പെടേണ്ടി വരില്ല.
അന്യഭാഷാ കഥാകൃത്തുക്കളായ രബീന്ദ്രനാഥ ടാഗോര്‍, ലിയോ ടോള്‍സ്‌റ്റോയ് എന്നിവരുടെ കഥകള്‍ക്കു പുറമെ മുന്‍ശി പ്രേംചന്ദിന്റെ കഥയും ഖജ്‌രി ഗ്രാമത്തിലെ ജൈവ വൈവിദ്ധ്യ കഥയുമാണ് നാം പഠിച്ചത്. മേല്‍ പറയപ്പെട്ട കഥാകൃത്തുക്കള്‍ ഉള്‍പ്പെടെ അഞ്ച് കഥാകൃത്തുക്കളെ നാം പരിചയപ്പെട്ടു. അവരുടെ പേരു വിവരങ്ങള്‍ കണ്ടെത്തി എഴുതി പഠിക്കേണ്ടതാണ്.
കഥകളിലെ സുപ്രധാന സംഭാഷണ ശകലങ്ങള്‍ കണ്ടെത്തി എഴുതിയെടുക്കേണ്ടതാണ്. ഇത്തരം സംഭാഷണ ശകലങ്ങള്‍ ആരാണ് പറഞ്ഞത്, അതിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായമെന്ത് തുടങ്ങിയ ചോദ്യങ്ങള്‍ പരീക്ഷകളില്‍ വന്നുകൊണ്ടിരിക്കുന്നതായി കാണാനാകും.
കഥാപാത്രങ്ങളെ ഓരോരുത്തരെയും തിരിച്ചറിഞ്ഞ് അവരുടെ സ്വഭാവ സവിശേഷതകള്‍ കുറിച്ചെടുക്കുകയും അവ നന്നായി പഠിക്കുകയും വേണം. ഇത് കഥാപാത്രത്തെ കുറിച്ച് കുറിപ്പ് തയാറാക്കുന്നതിന് ഉപകരിക്കും.
കഥയിലെ പ്രമേയത്തെ ആധാരമാക്കി നിലപാട് വ്യക്തമാക്കാനും അഭിപ്രായം രേഖപ്പെടുത്താനും കാര്യകാരണങ്ങള്‍ സമര്‍ത്ഥിക്കാനും താരതമ്യപ്പെടുത്താ
നും ഗുണ ദോഷങ്ങള്‍ കണ്ടെത്തി എഴുതാനുമുള്ള വ്യത്യസ്ത തരം ചോദ്യങ്ങള്‍ക്ക് ഏറെ സാധ്യതയുണ്ട്.
പാഠപുസ്തകത്തിലെ പ്രവര്‍ത്തനങ്ങളും മുന്‍ പരീക്ഷാ ചോദ്യങ്ങളും വിശകലനം ചെയ്താല്‍ ഇക്കാര്യം ബോധ്യമാകുന്നതാണ്.
ലേഖനം/വിവരണം
ഈ വിഭാഗത്തില്‍ മൂന്ന് വിവരണങ്ങളും രണ്ട് ലേഖനങ്ങളുമാണ് പാഠ്യ വിധേയമായിട്ടുള്ളത്. നാല് പ്രശസ്ത ലേഖകരുടെ പേരുകള്‍ ഇവിടെ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. ചെറു ചോദ്യങ്ങളിലും ജിവചരിത്രക്കുറിപ്പ് തയാറാക്കുന്നതിലും ഈ വിവരങ്ങള്‍ സഹായകരമാണ്.
കഥയിലേതുപോലെ നിലപാട്, അഭിപ്രായം, കാരണങ്ങള്‍, താരതമ്യം, ഗുണ ദോഷങ്ങള്‍ എന്നിവയും വിവരണം തയാറാക്കലും ഈ വിഭാഗത്തിലെ പ്രധാന ചോദ്യങ്ങളാണ്.
കത്ത്
കത്ത് പാഠഭാഗമായി വന്നിട്ടില്ലെങ്കിലും മുന്‍വര്‍ഷങ്ങളില്‍ പഠിച്ചിട്ടുണ്ടല്ലോ! ആയതിനാല്‍ പാഠപുസ്തകത്തിലെ ഏതെങ്കിലും സന്ദര്‍ഭത്തെ ആധാരമാക്കിയുള്ള കത്ത് തയാറാക്കാനുള്ള ചോ ദ്യം പ്രസക്തമാണ്. പരീക്ഷാ ചോദ്യങ്ങളില്‍ വ്യക്തിഗത കത്തുകള്‍ക്കാണ് സാധ്യതയുള്ളത്. സാധാരണ ഇത്തരം കത്തുകളില്‍ ശ്രദ്ധിക്കേണ്ട ഘടകങ്ങളെന്തെല്ലാമെന്ന് പരിശോധിക്കാം.
1. വിലാസങ്ങള്‍ : ഒരു കത്തില്‍ രണ്ട് വിലാസങ്ങള്‍ കാണും. കത്തിന്റെ പ്രാരംഭത്തില്‍ അയക്കുന്നയാളിന്റെയും അവസാനത്തില്‍ സ്വീകര്‍ത്താവിന്റെയും. ഇവ രണ്ടും കത്തിന്റെ മുകളിലും താഴെയുമായി വലതു വശത്താണ് എഴുതുക.
2. സ്ഥലം, തിയതി : അയക്കുന്നയാളിന്റെ വിലാസത്തിനു താഴെ രണ്ട് വരികളിലായി കത്ത് എഴുതി അയക്കുന്ന സ്ഥലം, തിയതി എന്നിവ രേഖപ്പെടുത്തണം.
3. ഉപചാരം : തൊട്ടു താഴെ അല്‍പം ഇടത്തോട്ടു തെറ്റി ഉപചാരവാക്കുകള്‍ കുറിക്കാവുന്നതാണ്. പ്രേഷിതനും സ്വീകര്‍ത്താവും തമ്മിലുള്ള ബന്ധമനുസരിച്ച് ഉപചാരവാക്കുകളുടെ പൊരുത്തം ഏറെ പ്രധാനമാണ്.
4. സന്ദേശം/വിഷയം : ഉപചാരത്തിന് നേരെ താഴെ വിഷയം വലിച്ചു നീട്ടാതെ ചുരുങ്ങിയ വാക്കുകളില്‍ രേഖപ്പെടുത്താം. ഇത് എത്രയാകാമെന്നതിന് അതിരും കണക്കുമൊന്നുമില്ല. സ്‌കോര്‍ നേടാനാവശ്യമായ കാര്യങ്ങള്‍ മാത്രമെഴുതിയാല്‍ മതിയാകും.
5. സമാപ്തം : ശേഷം താഴെ ഇടതു വശത്തായി സമാപ്ത വാക്കുകള്‍ കുറിക്കാം. പരീക്ഷാവശ്യാര്‍ത്ഥമുള്ള കത്തുകളില്‍ വിലാസങ്ങള്‍ വേണമെന്നില്ല. ഉപചാരത്തിലും സമാപ്തത്തിലും സ്വീകര്‍ത്താവും പ്രേഷിതനും ആരെന്ന് സൂചിപ്പിച്ചാല്‍ മതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."