തൃശൂര്‍-കുറ്റിപ്പുറം സംസ്ഥാന പാത കല്ലുംപുറത്ത് ഡിവൈഡറുകള്‍ സ്ഥാപിച്ചു
കുന്നംകുളം: തൃശൂര്‍-കുറ്റിപുറം സംസ്ഥാന പാതയിലെ സ്ഥിരം അപകടമേഖലയായ കല്ലുംപുറം ജങ്ഷനില്‍ ഡിവൈഡറുകള്‍ സ്ഥാപിച്ചു. വി.ടി.കെ സ്റ്റീല്‍ എന്ന സ്വകാര്യ സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് കുന്നംകുളം പൊലിസ് ഡിവൈഡര്‍ സ്ഥാപിച്ചത്.
കുന്നംകുളം അഡീഷനല്‍ എസ്.ഐ സന്തോഷ് ചടങ്ങ് ഉദ്ഘാടനംചെയ്തു. മുന്‍ കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ഐ രാജേന്ദ്രന്‍ അധ്യക്ഷനായി. കല്ലുംപുറം ജങ്ഷനിലെ അപകടങ്ങള്‍ കുറയ്ക്കുന്നതിനായി ഡിവൈഡറുകളും അപകട സൂചന ബോര്‍ഡുകളും സ്ഥാപിക്കണമെന്നത് പ്രദേശത്തെ നാട്ടുകാരുടെയും ചുമട്ട് തൊഴിലാളികളുടെയും ഡ്രൈവര്‍മാരുടെയും വര്‍ഷങ്ങളായുള്ള ആവശ്യമാണ്.
കല്ലുംപുറത്ത് അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ മന്ത്രി എ.സി മൊസ്തീന്റെ നേതൃത്വത്തില്‍ വകുപ്പ് തലയോഗം വിളിച്ച് ചേര്‍ത്തിരുന്നു. ഈ യോഗത്തിലാണ് സ്പീഡ് ബ്രൈക്കറും സിഗ്‌നല്‍ ലൈറ്റുകളും സ്ഥാപിക്കാന്‍ തീരുമാനമായത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ഡിവൈഡര്‍ സ്ഥാപിച്ചത്.
റോഡപകടങ്ങളില്‍ നിരവധി പേരുടെ മരണത്തിന് കാരണമായ മേഖലയാണ്. അമിതവേഗതയാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് കുന്നംകുളം പൊലിസ് പറഞ്ഞു. ഡിവൈഡര്‍ സ്ഥാപിച്ചത് അപകട നിരക്ക് കുറയാന്‍ കാരണാകുമെന്നാണ് വിശ്വസിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."