നെന്‍മണിക്കര-പുലയ്ക്കാട്ടുകര പാലം നിര്‍മാണം 27ന് ആരംഭിക്കും
പുതുക്കാട്: കാത്തിരിപ്പിന് അറുതിയാകുന്നു. നെന്മണിക്കര തൃക്കൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുലയ്ക്കാട്ടുകര പാലത്തിന്റെ പണി 27ന് ആരംഭിക്കും.
പാലം വരുന്നതോടെ ദേശീയപാതയിലെ പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമാന്തരമായുള്ള 'ടോള്‍ഫ്രീ' പാതയാണ് യാഥാര്‍ഥ്യമാകുന്നത്. മണലിപ്പുഴയുടെ പുലക്കാട്ടുക്കര ഷട്ടറിനോട് ചേര്‍ന്നുള്ള പാലം തലലോരില്‍ നിന്ന് ആമ്പല്ലൂരിലേക്ക് വഴി തുറക്കും. പാലത്തിന്റെ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായി.
പാലം യാഥാര്‍ഥ്യമായാല്‍ പാലിയേക്കര ടോള്‍പ്ലാസയ്ക്ക് സമാന്തരമായി കല്ലൂര്‍, ആമ്പല്ലൂര്‍ ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് എളുപ്പത്തില്‍ എത്താനാകും.
നബാര്‍ഡിന്റെ മൂന്നുകോടിയും സര്‍ക്കാരിന്റെ 75 ലക്ഷവും ഉള്‍പ്പടെ 3.75 കോടിയാണ് പാലത്തിന്റെ നിര്‍മാണ ചെലവ്. തൃക്കൂര്‍ പഞ്ചായത്ത് പതിനൊന്നര സെന്റ് ഭൂമി റവന്യൂവകുപ്പിന് കൈമാറി കഴിഞ്ഞു. നെന്മണിക്കര പഞ്ചായത്ത് പരിധിയില്‍ ഇറിഗേഷന്‍ വകുപ്പിന്റെ ഒന്‍പതര സെന്റ് പുറമ്പോക്ക് ഭൂമിയും ഏറ്റെടുത്തു. ഇനി ആവശ്യമായ ഒന്നര സെന്റ് സ്വകാര്യഭൂമി ഉടന്‍ ഏറ്റെടുക്കും. തൃക്കൂര്‍ പഞ്ചായത്ത് 37 ലക്ഷം രൂപ സമാഹരിച്ചാണ് ഭൂമി ഏറ്റെടുത്തത്. പഞ്ചായത്ത് 7.5 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. തലോര്‍, കല്ലൂര്‍ സഹകരണ ബാങ്കുകള്‍ പത്തുലക്ഷം രൂപ വീതം നല്‍കി.
ബാക്കി തുക സഹകരണബാങ്കുകളില്‍ നിന്നും നാട്ടുകാരില്‍ നിന്ന് പിരിച്ചെടുത്താണ് ഭൂമി ഏറ്റെടുത്തത്. സംസ്ഥാനത്ത് പുഴയ്ക്കു കുറുകെ പൊതുമരാമത്ത് വകുപ്പ് പണിയുന്ന തൂണില്ലാത്ത ഏറ്റവും നീളം കൂടിയ പാലമാണ് പുലയ്ക്കാട്ടുകരയില്‍ യാഥാര്‍ഥ്യമാകുന്നത്. 46 മീറ്ററാണ് പാലത്തിന്റെ നീളം. ഒരുവര്‍ഷം കൊണ്ട് പാലത്തിന്റെ പണി പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നത്.
തൊട്ടടുത്ത് പുലയ്ക്കാട്ടുകര ഷട്ടര്‍ പാലത്തിന് സമാന്തരമായാണ് പുതിയ പാലം വരുന്നത്. മഴക്കാലത്ത് ഷട്ടറുകള്‍ തുറക്കുകയും വെള്ളം കുത്തിയൊഴുകുകയും ചെയ്യുന്നതിനാല്‍ തൂണുകളില്ലാത്ത ബോക്‌സ് ഗര്‍ഡര്‍ പാലമാണ് ഇവിടെ പണിയുന്നത്. 27ന് വൈകീട്ട് മൂന്നിനാണ് പാലത്തിന്റെ നിര്‍മാണോദ്ഘാടനം. മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."