ബ്രിട്ടനില്‍ ഇനി ആണ്‍കുട്ടികള്‍ക്ക് പാവാടയും പെണ്‍കുട്ടികള്‍ക്ക് ട്രൗസറും ധരിക്കാം
ലണ്ടന്‍: ബ്രിട്ടനിലെ 80 സ്‌കൂളുകളില്‍ ഇനി ആണ്‍കുട്ടികള്‍ക്കു പാവാടയും പെണ്‍കുട്ടികള്‍ക്ക് ട്രൗസറും ധരിക്കാം. ലിംഗവിവേചനമില്ലാത്ത യൂനിഫോമുകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമാണു പുതിയ പരിഷ്‌കാരം. മൂന്നാംലിംഗക്കാരോട് അനുഭാവം പുലര്‍ത്താനാണു ലിംഗനിഷ്പക്ഷമായ യൂനിഫോം നടപ്പാക്കുന്നതെന്നാണു വിശദീകരണം. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണു പരിഷ്‌കാരം നടപ്പാക്കുക. ആണ്‍കുട്ടികളും പെണ്‍കുട്ടികളും പാലിക്കേണ്ട ഡ്രസ്‌കോഡിനെക്കുറിച്ച് സ്‌കൂളുകളുടെ നിയമാവലിയില്‍ ഉണ്ടായിരുന്ന ചട്ടങ്ങളും ഇതോടെ എടുത്തുകളഞ്ഞിട്ടുണ്ട്. സ്വവര്‍ഗാനുരാഗികളെയും ലിംഗവൈവിധ്യം പുലര്‍ത്തുന്നവരെയും അകറ്റിനിര്‍ത്തുന്നതിനെതിരേയുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് സ്‌കൂളുകള്‍ ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്.
കുട്ടികള്‍ക്ക് ഏറ്റവും സൗകര്യപ്രദമെന്നു തോന്നുന്ന യൂനിഫോം തെരഞ്ഞെടുക്കാം. സണ്‍ഡേ ടൈംസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ സര്‍ക്കാര്‍ നീക്കത്തിനെതിരേ രാജ്യത്തെ ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. കൊച്ചുകുട്ടികളില്‍ ഇത്തരം ആശയക്കുഴപ്പം സൃഷ്ടിക്കുന്ന പരിഷ്‌കരണങ്ങള്‍ പാടില്ലെന്നാണ് അവരുടെ നിലപാട്. കുട്ടികളുടെ സ്വത്വത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും ഇതുബാധിക്കുമെന്ന് സംഘടനകള്‍ പറഞ്ഞു. ബ്രിമിങ് ഹാമിലെ അലന്‍സ് ക്രോഫ്റ്റ് സ്‌കൂളാണ് രാജ്യത്ത് ലിംഗ നിഷ്പക്ഷ യൂനിഫോമുകള്‍ ആദ്യം അനുവദിച്ചത്. ട്രാന്‍സ് ജെന്‍ഡര്‍ സൗഹൃദ യൂനിഫോമുകള്‍ ധരിക്കാന്‍ ബ്രൈറ്റണ്‍ കോളജ് ഒരു വര്‍ഷം മുന്‍പുതന്നെ വിദ്യാര്‍ഥികള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഓരോ കുട്ടിയുടേയും ലിംഗവും വ്യക്തിത്വവും എന്തെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവരവര്‍ക്ക് തന്നെ നല്‍കുകയാണ് ശരിയെന്നാണ് സ്‌കൂളധികൃതര്‍ നല്‍കുന്ന വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."