'ഹരിതം' ജൈവ അരിയുമായി ശ്രീരാമജയം എല്‍.പി സ്‌കൂള്‍
ശ്രീകൃഷ്ണപുരം: 'പ്രകൃതി ജീവനം' പദ്ധതിയില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വിളവിറക്കിയ പാടത്തുനിന്നും കൊയ്‌തെടുത്ത നെല്ല് അരിയാക്കി 'ഹരിതം' എന്ന സ്വന്തം ബ്രാന്‍ഡില്‍ വിപണിയിലിറക്കി ശ്രീകൃഷ്ണപുരത്തന്റെ നക്ഷത്രത്തിളക്കമായി മാറിയിരിക്കുകയാണ് ശ്രീരാമജയം എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. വിഷരഹിത ഭക്ഷണത്തിന്റെ സന്ദേശം സമൂഹത്തില്‍ പ്രചരിപ്പിച്ചുകൊണ്ട് സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ഈ വിദ്യാലയം തനതായി ഉല്‍പ്പാദിപ്പിച്ച ജൈവ അരി പ്രാദേശിക വിപണിയിലെത്തിച്ചിരിക്കുന്നത്.
മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ ഓഫിസര്‍ ഇബ്രാഹിം സ്‌കൂള്‍ മാനേജര്‍ സി. സുബ്രഹ്മണ്യന്‍ മാസ്റ്റര്‍ക്ക് മുപ്പതു കിലോ അരി നല്‍കി ആദ്യ വില്‍പന നിര്‍വഹിച്ചു. വിദ്യാലയ പരിസരത്തുള്ള അമ്പാഴപ്പുള്ളി പാടത്ത് പാട്ടത്തിനെടുത്ത ഒന്നരയേക്കറില്‍ വിദ്യാലയത്തിലെ ഹരിത സേനയുടെ നേതൃത്വത്തില്‍ ജൈവനെല്‍കൃഷി ചെയ്തിരുന്നു. ഉമ, കുറുവ ഇനങ്ങളാണ് കൃഷിയിറക്കിയിരുന്നത്.
വിത്തു മുതല്‍ അരിമണികള്‍ വരെയുള്ള ഉല്‍പ്പാദനത്തന്റെ വിവിധ ഘട്ടങ്ങളോടൊപ്പം വിപണനത്തിലും ഇടപെട്ടുകൊണ്ടുള്ള ഈ കുരുന്നുകളുടെ പ്രവര്‍ത്തനം പൊതുവിദ്യാഭ്യാസ മേഖലയുടെ സാമൂഹ്യബോധത്തിന്റെ മികച്ച മാതൃകയായി മാറുകയാണ്. പാടശേഖരങ്ങള്‍ തരം മാറ്റിയും ജലസ്രോതസുകളെ ഊറ്റിയെടുത്തുകൊണ്ടും ആഹാരവും, ആരോഗ്യവും വിപണിക്കു വിട്ടുകൊടുത്ത് അതിര്‍ത്തി കടന്നെത്തുന്ന കീടനാശിനികളടങ്ങിയ ഭക്ഷ്യവസ്തുക്കളെ കാത്തിരിക്കുന്ന വര്‍ത്തമാനകാലത്തെ മലയാളികളുടെ മാനസികാവസ്ഥയോട് സംവദിച്ചുകൊണ്ടാണ് 'ആരോഗ്യമുള്ള ജീവിതത്തിന് വിഷരഹിത ഭക്ഷണം'എന്ന സന്ദേശം സമൂഹത്തിനു മുന്നില്‍ ഉയര്‍ത്തിക്കാട്ടി ഈ കുട്ടിക്കര്‍ഷകര്‍ വിജയഗാഥ രചിക്കുന്നത്. പ്രകൃതിയെ പാഠശാലയാക്കി മാറ്റി, മണ്ണിന്റെ വൈവിധ്യവും വിയര്‍പ്പിന്റെ മഹത്വവും തിരിച്ചറിഞ്ഞ് ശ്രീരാമജയം തീര്‍ത്ത ഈ മാതൃക ജൈവികതയിലൂന്നിയ തദ്ദേശീയ ബദലിന്റെ പ്രായോഗിക രൂപമായി മാറി.
പ്രധാനാധ്യാപകന്‍ പി.ജി ദേവരാജ്, വിദ്യാലയ വികസനസമിതി ചെയര്‍മാന്‍ എം.കെ ദ്വാരകാനാഥന്‍, പി.ടി.എ പ്രസിഡന്റ് ഷിബു ആററാശ്ശേരി, ഷനൂബ്, ഹരിത സേനാ കണ്‍വീനര്‍ രജിത, ഗീത, സ്‌കൂള്‍ ലീഡര്‍ വൈഷ്ണവ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."