മുല്ലപ്പെരിയാര്‍: സമ്മര്‍ദതന്ത്രവുമായി ജയലളിത പ്രധാനമന്ത്രിയെ ഇന്ന് കാണും
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സമ്മര്‍ദതന്ത്രവുമായി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഇന്നു പ്രധാനമന്ത്രിയെ കാണും.
അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തണമെന്നതാണ് ജയലളിതയുടെ പ്രധാന ആവശ്യം. ഇവരുടെ പാര്‍ട്ടി എന്‍.ഡി.എയിലേക്ക് അടുക്കുന്നതിനാല്‍ തമിഴ്‌നാടിന് അനുകൂലമായ നടപടി കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകുമെന്നാണ് സൂചന. തമിഴ്‌നാടുമായി സഹകരിച്ചുമാത്രമെ പുതിയ അണക്കെട്ട് പാടുള്ളൂവെന്നും ഇക്കാര്യത്തില്‍ സംഘര്‍ഷഭരിതമായ സാഹചര്യം നല്ലതല്ലെന്നുമുള്ള നിലപാടാണ് കേരളാ മുഖ്യമന്ത്രി പിണറായി വിജയനുള്ളത്. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ന്യൂഡല്‍ഹി സന്ദര്‍ശനത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കാണ് പിണറായി പുതിയ സര്‍ക്കാരിന്റെ നിലപാട് പ്രഖ്യാപിച്ചത്. ഇതു തമിഴ്‌നാടിന് അനുകൂലമാണെന്നാണ് ജയലളിത വിലയിരുത്തുന്നത്. മുല്ലപ്പെരിയാറിനൊപ്പം കാവേരി നദീജല വിഷയത്തിലും കേന്ദ്രം അനുകൂല നടപടി സ്വീകരിക്കണമെന്ന് ജയലളിത ആവശ്യപ്പെടും. സംസ്ഥാനത്തിന് 2.11 ലക്ഷം സാമ്പത്തിക സഹായം , രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കും.
ജയലളിതയുടെ പാര്‍ട്ടിയുടെ എന്‍.ഡി.എ പ്രവേശനവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. ഇപ്പോള്‍ എന്‍.ഡി.എയുടെ ഭാഗമല്ലെങ്കിലും സഭയ്ക്കുള്ളിലും പുറത്തും ഭരണകക്ഷിക്ക് അനുകൂലമായനിലപാടാണ് അണ്ണാ ഡി.എം.കെ സ്വീകരിച്ചുവരുന്നത്. രാജ്യസഭയില്‍ എന്‍.ഡി.എ ന്യൂനപക്ഷമായതിനാല്‍ എന്തുവിലകൊടുത്തും ജയലളിതയെ കൂടെക്കൂട്ടാന്‍ സര്‍ക്കാര്‍ ശ്രമിക്കും. എന്‍.ഡി.എയുടെ കൂടെ ചേരില്ലെങ്കിലും പുറത്തുനിന്നു പിന്തുണയ്ക്കാനാകും ജയലളിത തയാറാകുക.
ജി.എസ്.ടി ബില്‍ പാസാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് ജയലളിതയുടെ സാഹകരണം ആവശ്യമുള്ളതുപോലെ തന്നെ, അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അവര്‍ക്ക് കേന്ദ്രത്തിന്റെ സഹായവും ആവശ്യമാണ്. കേസില്‍ ജയലളിതയെ കുറ്റവിമുക്തയാക്കിയ നടപടിക്കെതിരേ കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ സുപ്രിംകോടതി വെള്ളിയാഴ്ച വിധിപറയാനിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."