വായ്പ നിഷേധം: പിന്നോക്ക വിഭാഗം വികസന കോര്‍പറേഷന് ന്യൂനപക്ഷകമ്മീഷന്റെ വിമര്‍ശനം
തൃശൂര്‍: അകാരണമായി ഭവനവായ്പ നിഷേധിച്ചുവെന്ന പരാതിയില്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി വായ്പ ലഭ്യമാക്കാന്‍ കേരള പിന്നോക്ക വിഭാഗം വികസന കോര്‍പ്പറേഷന്‍ ജില്ലാ മാനേജര്‍ക്ക് ന്യൂനപക്ഷ കമ്മീഷന്റെ കര്‍ശന നിര്‍ദ്ദേശം. കല്ലൂര്‍ വടക്കൂട്ട് വീട്ടില്‍ ഷാഹിറയുടെ പരാതിയിന്മേലാണ് കമ്മീഷന്‍ ചെയര്‍മാന്‍ പി.കെ.ഹനീഫയുടെ നിര്‍ദ്ദേശം. പരാതിയിന്മേല്‍ കോര്‍പ്പറേഷന്‍ സമര്‍പിച്ച വിശദീകരണത്തെ കമ്മീഷന്‍ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.
പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ സുവര്‍ണ്ണശ്രീ ഭവന നിര്‍മ്മാണ വായ്പക്ക് അപേക്ഷിച്ച ഷാഹിറയുടെ ഭുമി കാണഭുമി ആയതിനാല്‍ വായ്പ നല്‍കാന്‍ കഴിയില്ലെന്നും അപേക്ഷയും ആധാരവും തിരിച്ചെടുക്കണമെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ ഫോണില്‍ നിര്‍ദ്ദേശിക്കുകയും നിര്‍ബന്ധപൂര്‍വ്വം അപേക്ഷ നിരസിക്കുകയും ചെയ്തുവെന്നാണ് പരാതി. നോട്ടറി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാമെന്ന നിര്‍ദ്ദേശം ചെവികൊïില്ലെന്നും പരാതിയില്‍ പറയുന്നു.
കാണഭുമിയോടൊപ്പം നോട്ടറിയുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ വായ്പ നല്‍കാമെന്നിരിക്കെ അത് പാലിച്ചില്ലെന്നാണ് ഷാഹിറയുടെ പരാതി. കമ്മീഷന്റെ സമയം കളയാനും, എളുപ്പത്തില്‍ വായ്പ നേടാനുമാണ് ഷാഹിറയുടെ ശ്രമമെന്നായിരുന്നു പിന്നോക്ക വികസന കോര്‍പ്പറേഷന്റെ വിശദീകരണം. ന്യൂനപക്ഷ കമ്മീഷന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നതാണ് ഈ വിശദീകരണമെന്നും കമ്മീഷന്‍ വ്യക്തമാക്കി. നോട്ടറി സര്‍ട്ടിഫിക്കറ്റ് മാനദണ്ഡമാക്കി വായ്പ നല്‍കണമെന്നുളള കമ്മീഷന്റെ നിര്‍ദ്ദേശം കോര്‍പ്പറേഷന്‍ പ്രതിനിധി അംഗീകരിച്ചു.
മൂളളൂര്‍ക്കര ഗ്രാമപഞ്ചായത്തില്‍ സലഫി പളളിക്ക് കെട്ടിട നമ്പര്‍ നല്‍കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം അറിയിക്കാന്‍ ജില്ലാ കലക്ടറോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. വിശ്വാസമനുസരിച്ച് മൃതദേഹം സംസ്‌കരിക്കാന്‍ സ്വന്തമായി ശ്മശാനത്തിന് ഭുമി അനുവദിക്കണമെന്നാവശ്യപ്പെട്ട് പറവട്ടാനിയിലെ ഫെലോഷിപ്പ് ഓഫ് ക്രിസ്ത്യന്‍ ചര്‍ച്ചസ് പാസ്റ്റര്‍ സി.ഒ.ഡേവിസിന്റെ പരാതിയില്‍ തൃശൂര്‍ തഹസില്‍ദാറില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. മൊത്തം 23 കേസുകളാണ് സിറ്റിംഗില്‍ പരിഗണിച്ചത്. 7 കേസുകള്‍ തീര്‍പ്പാക്കി. അടുത്ത സിറ്റിംഗ് മെയ് 10 ന് ചേരും. കമ്മീഷന്‍ ചെയര്‍മാന്‍ പി.കെ.ഹനീഫയും കമ്മീഷന്‍ അംഗം അഡ്വ.ബിന്ദു എം തോമസ്സും സീറ്റിംഗില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."