ലോകത്തെ ഏറ്റവും നീളമുള്ള ഹൈപ്പർ ലൂപ്പ് ഗതാഗത സംവിധാനത്തിനൊരുങ്ങി സഊദി
റിയാദ്: മേഖലയിലെ രണ്ടു പ്രമുഖ രാജ്യങ്ങളായ സഊദി അറേബ്യയെയും യു എ ഇ യെയും ബന്ധിപ്പിച്ച് അതിവേഗ ട്രെയിൻ ഗതാഗത സംവിധാനം ഒരുങ്ങുന്നു. ലോകത്തെ ഏറ്റവും നീളമുള്ള ഹൈപ്പർ ലൂപ്പ് ഗതാഗത സംവിധാനങ്ങളുമായി രാജ്യത്ത് വ്യാപകമായി നിർമ്മിക്കാനുദ്ദേശിക്കുന്ന ഹൈപ്പർ ലൂപ്പ് സംവിധാനങ്ങൾക്കൊപ്പമാണ് യു എ ഇ യെയും ബന്ധിപ്പിക്കുന്ന സംവിധാനം ഒരുങ്ങുന്നത്. യാത്രാ രംഗത്ത് വിപ്ലവകരമായ മുന്നേറ്റം സാധ്യമാക്കുന്ന ഹൈപ്പർലൂപ് അതിവേഗ ട്രയിൻ ഗതാഗത സംവിധാനമാണ് നടപ്പാക്കാൻ ഒരുങ്ങുന്നത്.
പദ്ധതി പ്രാവർത്തികമാകുന്നതോടെ 900 കിലോമീറ്ററോളം ദൂരമുള്ള സഊദി തലസ്ഥാന നഗരിയായ റിയാദിൽ നിന്നും വെറും 48 മിനിറ്റിനകം യു എ ഇ യിലെ അബുദാബിയിലേക്ക് എത്തിച്ചേരാനാകും. 955 കിലോമീറ്റർ ദൂരമുള്ള റിയാദിൽ നിന്നും ജിദ്ദയിലേക്ക് 46 മിനിറ്റുകൾക്കുള്ളിലും 409 കിലോമീറ്റർ ദൂരമുള്ള റിയാദിൽ നിന്നും കിഴക്കൻ സഊദിയായ ദമാമിലേക്ക് 28 മിനിറ്റിനുള്ളിലും 40 മിനിറ്റിനകം ജിദ്ദയില്‍നിന്ന് നിയോമിലേക്കും എത്തിച്ചേരാനാകും.
പുതിയ പദ്ധതിയെ കുറിച്ച് പഠനം നടത്തുന്നതിനും പ്രാരംഭ നടപടികൾ കൈക്കൊള്ളാനും ലോകത്തെ പ്രമുഖ ഹൈപ്പര്‍ലൂപ് കമ്പനിയായ വിര്‍ജിന്‍ ഹൈപ്പര്‍ലൂപ് വണ്ണുമായാണ് ഇതിനായി കൈകോർക്കുന്നത്. ഹൈപ്പർ ലൂപ്പ് അതിവേഗ ട്രെയിൻ നിർമ്മാതാക്കളായ വിര്‍ജിന്‍ ഹൈപ്പര്‍ലൂപ് വണ്‍ കമ്പനിയുമായി സഊദി ഗതാഗത മന്ത്രാലയം കരാറിൽ ഒപ്പുവെച്ചു. ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഹൈപ്പര്‍ലൂപ് ട്രാക്ക് നിർമിച്ച് അതിലൂടെ ഹൈപ്പർ ലൂപ്പ് അതിവേഗ വാഹനം ഓടിക്കുന്നതിനാണ് പദ്ധതി. ഇതിനായി വിവിധ മേഖലകളെ കേന്ദ്രീകരിച്ച് വിശദമായ പഠനം നടത്തുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. പദ്ധതി നിർമ്മാണം തുടങ്ങുന്നതോടെ 124,000 ജോലി സാധ്യതകളും ഉയർത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."