അനധികൃത മണല്‍ കടത്ത്: നാലുപേര്‍ പിടിയില്‍
എടക്കര: അനധികൃതമായി മണല്‍ കടത്താന്‍ശ്രമിച്ച നാലുപേരെ വനപാലകര്‍ അറസ്റ്റുചെയ്തു. മൂത്തേടം ചെട്ട്യാരങ്ങാടിയിലെ തോട്ടേക്കര കുട്ടന് (36), ചന്ദ്രന് (38), പൊട്ടത്ത് വേണുഗോപാല്‍ (40), കല്ലറമ്പന് സുബീര്‍ (32) എന്നിവരെയാണ് വഴിക്കടവ് റെയ്ഞ്ച് ഓഫിസര്‍ പി.എസ് മുഹമ്മദ് നിഷാലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വഴിക്കടവ് റെയ്ഞ്ചിലെ നെല്ലിക്കുത്ത് വനം പരിധിയില്‍ ചെട്ട്യാരങ്ങാടി പുന്നപ്പുഴയില്നിന്ന് മണല്‍ കടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. മണലൂറ്റിന് ഉപയോഗിച്ച സാമഗ്രികളും കസ്റ്റഡിയിലെടുത്തു.
പുഴയോരത്ത് കൂട്ടിയിട്ട മൂന്ന് ലോഡ് മണല്‍ വനപാലകസംഘം പുഴയിലേക്ക് തള്ളി. മഞ്ചേരി വനം കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
എസ്.എഫ്.ഒ കെ. ഷാജി, ബി.എഫ്.ഒമാരായ എ.കെ രമേശന്, പി. ധന്യരാജ്, സി. മുഹമ്മദ് റാഷിദ്, ശ്രീജേഷ് കെ. നായര്‍, സി.ജി. അജിത്ത് കുമാര്‍ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."