ബ്രാഹ്മണ മനയിലെ അഗ്‌നിബാധ: കത്തിയമര്‍ന്നത് അമൂല്യ ശേഖരങ്ങള്‍
തൊടുപുഴ: നഗരമധ്യത്തിലെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തോട് ചേര്‍ന്നുള്ള ബ്രാഹ്മണ മനയായ പടിഞ്ഞാറേ മഠത്തിലുണ്ടായ അഗ്‌നിബാധയില്‍ കത്തിയമര്‍ന്നത് മൂല്യം നിര്‍ണയിക്കാനാവാത്ത പുരാതനമായ അമൂല്യവസ്തുക്കള്‍. 300 വര്‍ഷത്തോളം പഴക്കമുള്ള ചരിത്ര ശേഷിപ്പുകളാണ് അഗ്നി വിഴുങ്ങിയത്.
രണ്ടു നടുമുറ്റം ഉള്‍പ്പെടുന്ന എട്ടുക്കെട്ട് സമീപപ്രദേശങ്ങളില്‍ തന്നെ അപൂര്‍വമാണ്. അറയും നിലവറയും, പ്രതിഷ്ഠകളും, തേവാരപ്പുരയും അടങ്ങുന്ന എട്ടുക്കെട്ട് പൂര്‍ണമായും തേക്കിന്റെയും പ്ലാവിന്റെയും തടികളാല്‍ നിര്‍മിച്ചവയാണ്. താളിയോല ഗ്രന്ഥങ്ങള്‍, ചുവര്‍ ചിത്രങ്ങള്‍, ചീനഭരണി, അതിപുരാതനമായ ഇരുമ്പുചട്ടികള്‍, ഓടുവാര്‍പ്പ്, ഓട്ടുരുളികള്‍, തൂക്കുവിളക്ക് തുടങ്ങി നിരവധി വസ്തുക്കളാണ് ആളിപ്പടര്‍ന്ന തീയില്‍ നശിച്ചത്.
തീ പിടിത്തത്തിന് കാരണം ഇനിയും വ്യക്തമായിട്ടില്ല. തേവാരപ്പുരയുടെ ഭാഗത്താണ് ആദ്യം തീ കണ്ടത്. ഈ മുറിയില്‍ വൈദ്യുതി കണക്ഷന്‍ ഇല്ലാത്തതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനുള്ള സാധ്യതയില്ല.
ഇതിന് സമീപം ചിരാതില്‍ തിരിയിട്ട് തെളിച്ചിരുന്നു. ഇതെങ്ങാനും കാക്ക കൊത്തിയെടുത്ത് പറന്നപ്പോള്‍ നിലത്തു വീണതാണോയെന്ന സംശയമുണ്ട്. തൊട്ടു ചേര്‍ന്ന് തൊടുപുഴയാര്‍ ഒഴുകുന്നുണ്ടെങ്കിലും തീകെടുത്താന്‍ ഫയര്‍ എന്‍ജിന് പുറമെ വെള്ളം കൊണ്ടുവരേണ്ടി വന്നു.
ഈ ഭാഗത്തേക്ക് വാഹനം എത്തിക്കാന്‍ സാധിക്കാത്തതാണ് കാരണം.
പുഴഭാഗത്ത് നിന്ന് ശക്തിയായ കാറ്റുണ്ടായിരുന്നതിനാല്‍ തീ ആളിപ്പടര്‍ന്നു. വീടിന്റെ ഭാഗത്ത് നിന്ന മാവിന്റെ ഉയരത്തില്‍ ആളി പടര്‍ന്ന തീ പത്തു മിനിട്ടുകള്‍ക്കുള്ളില്‍ വീടിനുള്ളിലെ എല്ലാ വശങ്ങളിലേയ്ക്കും വ്യാപിക്കുകയായിരുന്നു. ഫോറന്‍സിക് വിദഗ്ധര്‍ ഇന്നു സ്ഥലത്തെത്തി പരിശോധന നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."