രണ്ടാം ഏകദിനത്തില്‍ സിംബാബ്വെയെ എട്ടു വിക്കറ്റിന് തകര്‍ത്തു ഇന്ത്യക്ക് പരമ്പര
ഹരാരെ: സിംബാബ്വെക്കെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. രണ്ടാം ഏകദിനത്തില്‍ എട്ടു വിക്കറ്റിന്റെ ഏകപക്ഷീയ ജയം സ്വന്തമാക്കിയാണ് ഇന്ത്യ ജേതാക്കളായത്. മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 2-0ന് മുന്നിലാണ്. സ്കോര്‍ സിംബാബ്വെ 34.3 ഓവറില്‍ 126ന് പുറത്ത്. ഇന്ത്യ 26.5 ഓവറില്‍ രണ്ടിന് 129.
സിംബാബ്വെ ഉയര്‍ത്തിയ 127 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ അമ്പാട്ടി റായിഡു(41*) കരുണ്‍ നായര്‍(39) ലോകേഷ് രാഹുല്‍(33) എന്നിവരുടെ മികവിലാണ് ലക്ഷ്യം കണ്ടത്. ഓപണിങ് കൂട്ടുകെട്ടില്‍ 58 റണ്‍സ് ചേര്‍ത്ത കരുണ്‍-രാഹുല്‍ സഖ്യം ഇന്ത്യക്ക് മികച്ച തുടക്കം നല്കി.
ചിബാബ മികച്ചൊരു പന്തില്‍ രാഹുലിനെ പുറത്താക്കിയെങ്കിലും കരുണ്‍-റായിഡു സഖ്യം ടീമിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു.
അവസാന നിമിഷം കരുണിനെ സിക്കന്ദര്‍ റാസ വിക്കറ്റിന് മുന്നില്‍ കുടുക്കി പുറത്താക്കി.
നേരത്തെ വുസി സിബാന്‍ഡ (53) നടത്തിയ ചെറുത്തുനില്‍പ്പാണ് സിംബാബ്വെയെ തകര്‍ച്ചയില്‍ നിന്നു രക്ഷിച്ചത്.
യൂഷ്വേന്ദ്ര ചഹല്‍ ഇന്ത്യക്ക് വേണ്ടി മൂന്നു വിക്കറ്റെടുത്തു. ബരീന്ദര്‍ സ്രാന്‍, ധവാല്‍ കുല്‍ക്കര്‍ണി എന്നിവര്‍ രണ്ടു വിക്കറ്റെടുത്തു പിന്തുണ നല്കി. ചഹലാണ് കളിയിലെ കേമന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."