ഫാസിസം തോറ്റില്ല, ഗവേണന്‍സ് ജയിച്ചു
ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ഹരിനഗറില്‍ തോറ്റ ബി.ജെ.പി സ്ഥാനാര്‍ഥി തേജീന്ദര്‍ പാല്‍ സിങ് ബാഗ അറിയപ്പെടുന്ന ക്രിമിനലാണ്. ജാമിഅ സമരക്കാര്‍ക്ക് നേരെ വെടിവച്ച രാംഭഗത് ഗോപാല്‍ ശര്‍മ്മയെപ്പോലെ തോക്കുമായി തെരുവിലിറങ്ങാന്‍ മടിയില്ലാത്ത മറ്റൊരു ഹിന്ദുത്വ മനോരോഗി. രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ഡല്‍ഹിയില്‍ അക്രമങ്ങള്‍ നടത്തിയിരുന്ന ഭഗത് സിങ് ക്രാന്തിസേനയെന്ന ദുരൂഹ സംഘത്തിന്റെ നേതാവായിരുന്നു ബാഗ. ശ്രീരാമസേനയുടെ ഡല്‍ഹി നേതാവ് ഇന്ദര്‍വര്‍മ, ആര്‍.എസ്.എസുകാരനായ വിഷ്ണു ഗുപ്ത, ഹര്‍വീന്ദര്‍ സിങ് തുടങ്ങിയവരായിരുന്നു കൂട്ട്. അക്കാലത്ത് ഡല്‍ഹിയില്‍ ഈ സംഘം നടത്തിയ അക്രമങ്ങള്‍ക്ക് കണക്കില്ല. 2011ല്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനെ അദ്ദേഹത്തിന്റെ ഓഫിസിലിട്ട് ഇന്ദര്‍വര്‍മ്മ മര്‍ദിച്ചു. ഹര്‍വീന്ദര്‍ സിങ് അന്ന് കേന്ദ്രമന്ത്രിയായിരുന്ന ശരത് പവാറിനെ പൊതുവഴിയില്‍ വച്ച് മുഖത്തടിച്ചു. ഡല്‍ഹി പാട്യാലഹൗസ് കോടതിയിലും പരിസരത്തും മറ്റുമായി നിരവധി പേരെ അക്രമിച്ചു. എന്നിട്ടും ഇവര്‍ക്ക് പൊലിസ് സഹായമുണ്ടായിരുന്നു.
2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഭഗത്‌സിങ്ക്രാന്തിസേന സോഷ്യല്‍ മീഡിയയില്‍ നിന്നും തെരുവില്‍ നിന്നും ബാഗയും സംഘവും അപ്രത്യക്ഷമായി. ബാഗയെ പിന്നീട് കാണുന്നത് മോദിക്കൊപ്പം ഒരു പൊതുപരിപാടിയിലാണ്. അന്ന് പ്രധാനമന്ത്രി പദം സ്വപ്നം കണ്ടിരുന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ ഡല്‍ഹിയിലെ ശിങ്കിടിയായിരുന്നു അയാള്‍. മോദി പ്രധാനമന്ത്രിയായതോടെ ഇയാള്‍ ബി.ജെ.പിയുടെ ഡല്‍ഹി വക്താവായി. തെരഞ്ഞെടുപ്പ് കാലത്ത് ബംഗാളില്‍ അക്രമമുണ്ടാക്കി സീറ്റുകള്‍ പിടിക്കാന്‍ അമിത്ഷാ നിയോഗിച്ചത് ഇതേ ബാഗയെ. ബാഗയെന്ന ക്രിമിനലിന് ബംഗാളില്‍ എന്താണ് കാര്യമെന്ന് അന്ന് ചോദിച്ചത് മമതാ ബാനര്‍ജിയാണ്. ഇത്തരത്തിലുള്ള ക്രിമിനലുകളെ മുന്നില്‍ നിര്‍ത്തിയാണ് ഡല്‍ഹിയില്‍ അധികാരം പിടിക്കാന്‍ ബി.ജെ.പി ഇത്തവണയിറങ്ങിയത്.
മലേഗാവ് കേസിലെ പ്രതി പ്രജ്ഞസിങ് താക്കൂറിനെ പാര്‍ലമെന്റിലെത്തിച്ച ബി.ജെ.പി ബാഗയെ ഡല്‍ഹി വിധാന്‍സഭയിലെത്തിക്കുന്നത് ഹിന്ദുരാഷ്ട്രത്തിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പായേ കാണൂ. എന്നാല്‍ ഡല്‍ഹിക്കാര്‍ അയാളെ തിരസ്‌കരിച്ചു. വര്‍ഗീയത വേണോ മികച്ച ഗവേണന്‍സ് വേണോ എന്ന ചോദ്യത്തിന് ഡല്‍ഹി മധ്യവര്‍ഗം ഗവേണന്‍സ് എന്നുത്തരം നല്‍കിയതാണ് ആം ആദ്മി പാര്‍ട്ടിയെ വീണ്ടും അധികാരത്തിലെത്തിച്ച ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം. പ്രത്യയശാസ്ത്രത്തിനല്ല മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ക്കാണ് നഗരങ്ങള്‍ വോട്ടു ചെയ്യുകയെന്ന ആം ആദ്മി പാര്‍ട്ടി കണക്കുകൂട്ടല്‍ ഇത് രണ്ടാം തവണയും ശരിയായി. പ്രത്യയശാസ്ത്രത്തിലൊന്നും വലിയ കാര്യമില്ലെന്ന നിലപാടുകാരനാണ് അരവിന്ദ് കെജ്‌രിവാള്‍. മികച്ച ഗവേണന്‍സ് മികച്ച റിസള്‍ട്ടും തരുമെന്ന് വിശ്വസിക്കുന്നയാള്‍. ഫാസിസവും ഫാസിസ്റ്റ് വിരുദ്ധരും തമ്മിലുള്ള മത്സരമായിരുന്നില്ല ഡല്‍ഹിയിലേത്. ഫലവും അങ്ങനെയല്ല.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മധ്യവര്‍ഗത്തെ ബി.ജെ.പിക്കൊപ്പം നിര്‍ത്തിയ മികച്ച ഭരണവും വികസനവും എന്ന അതേ സിദ്ധാന്തമാണ് ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമായും പ്രവര്‍ത്തിച്ചത്. മോദി സര്‍ക്കാറില്‍ നിന്ന് വ്യത്യസ്തമായി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ അത് പ്രായോഗികമാക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് കഴിഞ്ഞു. മോദി സ്വപ്നങ്ങള്‍ മാത്രം വില്‍ക്കുന്നവനായിരുന്നു. എന്നാല്‍ കെജ്‌രിവാള്‍ നടപ്പാക്കാന്‍ കഴിയുന്ന ചിലതുണ്ടെന്ന് കാട്ടിത്തന്നു. അതോടൊപ്പം ന്യൂനപക്ഷങ്ങളും സംഘ്പരിവാറിനെ എതിര്‍ക്കുന്ന ഒരു വിഭാഗവും ബി.ജെ.പിയുടെ തോല്‍പ്പിക്കാന്‍ ശേഷിയുള്ള എതിരാളിയായി ആം ആദ്മി പാര്‍ട്ടിയെ കണ്ടിരുന്നു. പിന്നാലെ ബി.ജെ.പിയുടെ തന്നെ വോട്ടുബാങ്കായ ഹിന്ദുമധ്യവര്‍ഗത്തിലെ ഒരു വിഭാഗവും മികച്ച ഭരണത്തിന്റെ പേരില്‍ ആം ആദ്മി പാര്‍ട്ടിക്കൊപ്പം നിന്നു. വിദ്യാഭ്യാസമുള്ള നഗരമധ്യവര്‍ഗത്തെ ഒരു സ്വപ്നത്തിന്റെ മായാവലയത്തില്‍ മാത്രം നിര്‍ത്താന്‍ കഴിയില്ല. അതോടൊപ്പം ജീവിത പ്രയാസങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള പദ്ധതികളുടെ ഗുണം ലഭിച്ച സാധാരണക്കാരുടെ പിന്തുണയും ലഭിച്ചു. ഇതെല്ലാം കൂടിച്ചേര്‍ന്നപ്പോഴാണ് വര്‍ഗീയ വിഭജനം മാത്രം ലക്ഷ്യമിട്ടുള്ള ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ അതിജീവിക്കാന്‍ ആം ആദ്മി പാര്‍ട്ടിക്കായത്.
കെജ്‌രിവാള്‍ മേരാ ഹീറോ, ബിജ്‌ലി ബില്‍ മേരാ സീറോ എന്നതായിരുന്നു ആം ആദ്മിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം. നരേന്ദ്രമോദിയുടെ നല്ലകാലത്ത് പോലും ഡല്‍ഹി മോദി തരംഗത്തെ സ്വീകരിച്ചിട്ടില്ല. 2014ല്‍ മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റതിന് ശേഷം 2015ലാണ് ആം ആദ്മി പാര്‍ട്ടി ആകെയുള്ള 70 സീറ്റുകളില്‍ 67 സീറ്റുകള്‍ നേടി അധികാരത്തിലെത്തുന്നത്.
ഈ തെരഞ്ഞെടുപ്പില്‍ കെജ്‌രിവാളിന് ഭീഷണിയാകുന്ന ഒരു ഘടകം പോലുമുണ്ടായിരുന്നില്ല. കെജ്‌രിവാളിന് പകരം വയ്ക്കാന്‍ ബി.ജെ.പിക്കോ കോണ്‍ഗ്രസിനോ ഒരു നേതാവു പോലുമില്ലായിരുന്നു. നിശ്ചിത ഉപയോഗത്തിന് വൈദ്യുതി ബില്‍ ഇല്ലാതായിട്ടുണ്ട്. വാട്ടര്‍ബില്ലും ഇല്ലാതായി. സ്ത്രീകള്‍ക്ക് ബസുകളില്‍ പൂര്‍ണമായും സൗജന്യയാത്രയാണ്. ആശുപത്രികള്‍ ഡല്‍ഹിയിലെ ചരിത്രത്തിലൊരിക്കലുമില്ലാത്ത വിധം മെച്ചപ്പെട്ടു. വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന വികസനം വലുതാണ്. ബി.ജെ.പിയുടെ മോദി തരംഗവും രാം മന്ദിര്‍ മാനിയയുമൊന്നും മികച്ച ഗവേണന്‍സ് എന്ന കെജ്‌രിവാളിന്റെ ആശയത്തിന് മുന്നില്‍ വിലപ്പോയില്ല. വെല്ലുവിളികള്‍ക്കിടയിലും 53.6 ശതമാനം വോട്ടാണ് ആം ആദ്മി പാര്‍ട്ടി നേടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 54.3 ശതമാനമായിരുന്നു ഇത്.
തുടര്‍ച്ചയായി 10 വര്‍ഷം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാറില്‍ നിന്ന് ഭരണം എടുത്തുമാറ്റി പുതുതായി വന്ന ആം ആദ്മി പാര്‍ട്ടി സര്‍ക്കാറിനെ 2013ല്‍ അധികാരമേല്‍പ്പിച്ചവരാണ് ഡല്‍ഹിക്കാര്‍. പിന്നാലെ 2015ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ മൂന്ന് സീറ്റിലൊതുക്കിയാണ് കെജ്‌രിവാളിന് സുഗമമായ ഭരണത്തിന് ജനം അവസരമൊരുക്കിയത്. അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാറായിരുന്നു കഴിഞ്ഞകാലത്ത് ഡല്‍ഹിയില്‍ പ്രതിപക്ഷത്ത്. 10 വര്‍ഷം ഡല്‍ഹി ഭരിക്കുകയും മെട്രോ ഉള്‍പ്പടെയുള്ള ഡല്‍ഹിയുടെ നവീകരണത്തിന് തുടക്കമിടുകയും ചെയ്ത കോണ്‍ഗ്രസ് സര്‍ക്കാര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നാംസ്ഥാനത്തായത് ഡല്‍ഹിയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വൈപരീത്യം. കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം കൈക്കലാക്കിയ ആം ആദ്മി പാര്‍ട്ടി ബി.ജെ.പി വോട്ടുകളില്‍ ഒരു വിഹിതവും കൊണ്ടുപോയി. ഇത്തവണ കോണ്‍ഗ്രസ് പൂര്‍ണമായും തകര്‍ന്നടിഞ്ഞു. 4.36 ശതമാനമാണ് അവരുടെ വോട്ടുവിഹിതം.
കഴിഞ്ഞ മൂന്നു അസംബ്ലി തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി വോട്ടുവിഹിതം 32 ശതമാനത്തിനും 36നും ഇടയില്‍ നില്‍ക്കുകയാണ്. ഇത്തവണ ബി.ജെ.പി വിഹിതം അല്‍പം കൂടി 38. 57 ശതമാനമായിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇത് 32 ശതമാനമായിരുന്നു. ചെറുപാര്‍ട്ടികളെയും സ്വതന്ത്രരെയും ഡല്‍ഹി പ്രോത്സാഹിപ്പിക്കാറില്ലെന്നതാണ് മറ്റൊന്ന്. കഴിഞ്ഞ പ്രധാന തെരഞ്ഞെടുപ്പുകളിലെല്ലാം ആം ആദ്മി, ബി.ജെ.പി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ ചേര്‍ന്നുള്ള വോട്ടുവിഹിതം 95 ശതമാനമായിരുന്നു. പുറത്തുപോയത് അഞ്ചുശതമാനം മാത്രം. ഒന്നിനെയും തോല്‍പ്പിച്ചില്ലെങ്കിലും ഡല്‍ഹി ആഹ്ലാദിക്കാന്‍ ചിലതെല്ലാം നല്‍കുന്നുണ്ട്. ആം ആദ്മി പാര്‍ട്ടി തോറ്റിരുന്നെങ്കില്‍ വര്‍ഗീയ, വംശീയ രാഷ്ട്രീയം മാത്രമേ രാജ്യത്ത് വിജയിക്കൂ എന്ന സിദ്ധാന്തത്തിന് അത് ശക്തിപകരുമായിരുന്നുവെന്നതാണ് ഇതില്‍ പ്രധാനം. മറ്റൊന്ന് ഷഹീന്‍ബാഗ് സമരം ഡല്‍ഹിയെ വിഴുങ്ങാന്‍ പോകുന്നുവെന്ന സര്‍ക്കാര്‍, സംഘ്പരിവാര്‍ പ്രചാരണത്തെ ഡല്‍ഹി ശരിവച്ചുവെന്ന പ്രചാരണമുണ്ടാകും. ഡല്‍ഹി രണ്ടിനും അവസരം നല്‍കിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."