പഞ്ചായത്ത് റോഡ് ടാര്‍ ചെയ്യാന്‍ സ്വകാര്യ വ്യക്തി സമ്മതിക്കുന്നില്ലെന്ന്
കൂടരഞ്ഞി: ഗ്രാമപഞ്ചായത്ത് ടെന്‍ഡര്‍ നല്‍കി ആരംഭിച്ച വീട്ടിപ്പാറ പാലം - തോണക്കര - അന്തോണി പടി റോഡിന്റെ ടാറിങ് പ്രവൃത്തി സ്വകാര്യവ്യക്തി തടസ്സപ്പെടുത്തിയതായി പരാതി. കഴിഞ്ഞ 40 വര്‍ഷത്തിലധികമായി പ്രദേശത്തെ മുപ്പതോളം കുടുംബങ്ങള്‍ ഉപയോഗിച്ച് വരുന്ന റോഡിന്റെ ടാറിങ് പ്രവൃത്തിയാണ് സ്വകാര്യ വ്യക്തി തടസ്സപ്പെടുത്തിയത്. രണ്ടേമുക്കാല്‍ മീറ്റര്‍ വീതിയുള്ള റോഡ് 2016-2017 ലെ ഭരണസമിതി തീരുമാനപ്രകാരമാണ് പഞ്ചായത്തിലെ 32ഓളം റോഡുകള്‍ ഏറ്റെടുക്കുന്ന കൂട്ടത്തില്‍ വിവിധ പത്രങ്ങളില്‍ പരസ്യം നല്‍കി ഏറ്റെടുത്തത്.
തുടര്‍ന്ന് ടാറിങ് പ്രവൃത്തി നടത്തി നവീകരിക്കുന്നതിന് ടെന്‍ഡര്‍ നല്‍കുകയും ചെയ്തു. കരാര്‍ എടുത്ത വ്യക്തി കഴിഞ്ഞ പത്താം തീയതി പ്രവൃത്തി ആരംഭിച്ചപ്പോഴാണ് പ്രദേശവാസിയായ സ്വകാര്യവ്യക്തി തടസ്സവുമായി എത്തിയത്. റോഡ് തങ്ങളുടെ കുടുംബത്തിനു മാത്രം അവകാശപ്പെട്ടതാണെന്നും അതില്‍ പഞ്ചായത്ത് നടത്തുന്ന നിര്‍മാണം അംഗീകരിക്കാനാവില്ലെന്നും പറഞ്ഞായിരുന്നു പ്രവൃത്തി തടസ്സപ്പെടുത്തിയത്. എന്നാല്‍ തങ്ങള്‍ 40 വര്‍ഷത്തോളമായി ഉപയോഗിക്കുന്ന റോഡാണെന്നും പ്രായമുള്ളവരുള്‍പ്പെടെ നിരവധി പേര്‍ ഉപയോഗിക്കുന്ന റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ പക്ഷം.
പ്രവൃത്തി തടസ്സപ്പെടുത്തിയ സ്വകാര്യവ്യക്തി സമീപത്ത് വീട് നിര്‍മിക്കുന്ന ഒരാളില്‍നിന്നും റോഡ് ഉപയോഗിക്കുന്നതിനായി ഒരുലക്ഷത്തിലധികം തുക കൈപ്പറ്റിയതായും ഇവര്‍ ആരോപിക്കുന്നു. പഞ്ചായത്ത് റോഡ് ഏറ്റെടുക്കുമ്പോള്‍ എതിര്‍പ്പുള്ളവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അറിയിക്കണമെന്ന് കാണിച്ച് പത്രപരസ്യം കൊടുത്തിട്ടും ആരും എതിര്‍പ്പുമായി വരാത്തതിന് തുടര്‍ന്നാണ് റോഡ് ഏറ്റെടുത്തതെന്നും റോഡ് പ്രവൃത്തി തടസ്സപ്പെടുത്തിയ വ്യക്തിക്കെതിരേ തിരുവമ്പാടി പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.
റോഡ് തങ്ങളുടെ സ്വകാര്യ സ്വത്താണെന്നും പ്രദേശവാസികള്‍ റോഡ് ഉപയോഗിക്കുന്നതിന് തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ തങ്ങളുടെ സമ്മതപത്രം വാങ്ങാതെ റോഡ് പഞ്ചായത്ത് ഏറ്റെടുത്ത നടപടി ശരിയല്ലെന്നും സ്ഥലമുടമയുടെ സഹോദരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."