അങ്കണവാടി കം ക്രഷ് യാഥാര്‍ഥ്യത്തിലേക്ക്
തിരുവനന്തപുരം: വനിതാ ശിശുവികസന വകുപ്പ് ഐ.സി.പി.എസ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് അങ്കണവാടി കം ക്രഷുകള്‍ യാഥാര്‍ഥ്യമാകുന്നതായി മന്ത്രി കെ.കെ ശൈലജ.
പൈലറ്റടിസ്ഥാനത്തില്‍ 15 അങ്കണവാടി കം ക്രഷുകള്‍ക്കാണ് അനുമതി നല്‍കിയത്. ഇതിന്റെ സുഗമമായ നടത്തിപ്പിന് 20.59 ലക്ഷം രൂപയുടെ ഭരണാനുമതിയും നല്‍കിയിട്ടുണ്ട്. ക്രഷ് വര്‍ക്കര്‍മാരുടേയും ഹെല്‍പ്പര്‍മാരുടേയും ഓണറേറിയം, പോഷകാഹാരം, കെയര്‍ ഐറ്റംസ്, പരിശീലനം എന്നിവയ്ക്കായാണ് തുക അനുവദിച്ചത്.
തിരുവനന്തപുരം വെള്ളനാട് ഐ.സി.ഡി.എസ് പ്രോജക്ട് അങ്കണവാടി നമ്പര്‍ 91, 76, കൊല്ലം അഞ്ചാലുംമൂട് നമ്പര്‍ 94, ചിറ്റുമല നമ്പര്‍ 13, പത്തനംതിട്ട കുളനട നമ്പര്‍ 40, 72, റാന്നി നമ്പര്‍ 114, ഇലന്തൂര്‍ 24, കോട്ടയം മാടപ്പള്ളി നമ്പര്‍ 76, പാലക്കാട് നെന്മാറ നമ്പര്‍ 20, 18, മലപ്പുറം തിരൂര്‍ നമ്പര്‍ 101, 11, കോഴിക്കോട് പേരാമ്പ്ര നമ്പര്‍ 164, കണ്ണൂര്‍ കണ്ണൂര്‍ അര്‍ബന്‍ ഐ.സി.ഡി.എസ് പ്രോജക്ട് അങ്കണവാടി നമ്പര്‍ 42 എന്നിവിടങ്ങളിലാണ് ശിശുക്ഷേമ സമിതിയ്ക്കു കീഴിലുള്ള ക്രഷുകളെ സംയോജിപ്പിച്ച് അങ്കണവാടി കം ക്രഷുകള്‍ സ്ഥാപിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ആറു മാസം മുതല്‍ ആറു വയസു വരെയുള്ള കുട്ടികളുടെ വളര്‍ച്ചയും വികാസവും വളരെ നിര്‍ണായകമാണ്. ഇത്തരം കുട്ടികളുള്ള പല വീടുകളിലേയും അമ്മമാര്‍ ജോലിക്കു പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈയൊരവസ്ഥയില്‍ ചെറിയ കുട്ടികളെ പല വീട്ടുകാര്‍ക്കും നന്നായി നോക്കാന്‍ സാധിക്കാതെ വരുന്നുണ്ട്. ഇതിനൊരു പരിഹാരമായാണ് അങ്കണവാടി കം ക്രഷ് തുടങ്ങാന്‍ തീരുമാനിച്ചത്. പകല്‍ സമയങ്ങളില്‍ സുരക്ഷിതമായ പരിചരണം, അനുപൂരക പോഷകാഹാരം, ഹെല്‍ത്ത് ചെക്കപ്പ്, ഇമ്മ്യൂണൈസേഷന്‍, പ്രീ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ എന്നീ സേവനങ്ങള്‍ ഇതിലൂടെ നല്‍കും.രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറു വരേയാണ് ക്രഷിന്റെ പ്രവര്‍ത്തന സമയം. ഇതുമൂലം ജീവനക്കാര്‍ക്ക് അമിതഭാരം ഉണ്ടാകാതിരിക്കാന്‍ അങ്കണവാടി വര്‍ക്കറും ഹെല്‍പ്പറും, ക്രഷ് വര്‍ക്കറും ഹെല്‍പ്പറും ഷിഫ്റ്റടിസ്ഥാനത്തില്‍ സേവനമനുഷ്ഠിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിശ്ചിത പോഷകമൂല്യങ്ങളുള്ള ഭക്ഷണം, പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേരങ്ങളിലെ ലഘുഭക്ഷണം എന്നിവ കുഞ്ഞുങ്ങള്‍ക്കു നല്‍കുന്നതാണ്.
പഞ്ചായത്തുകളുമായി സഹകരിച്ചാണ് അങ്കണവാടി കം ക്രഷുകള്‍ യാഥാര്‍ഥ്യമാക്കുന്നത്. ഈ പദ്ധതി വിജയകരമെന്നു കണ്ടാല്‍ കൂടുതല്‍ അങ്കണവാടി കം ക്രഷുകള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."