മിഠായിത്തെരുവില്‍ തുണിക്കടയില്‍ തീപിടിത്തം; ആശങ്ക
കോഴിക്കോട്: മിഠായിത്തെരുവില്‍ തുണിക്കടയില്‍ തീപിടിത്തം. മൊയ്തീന്‍ പള്ളി റോഡിനു സമീപമുള്ള കമാന്‍ഡോ ജെന്റ്‌സ് ആന്‍ഡ് ബോയ്‌സ് കടയ്ക്കാണ് ഇന്നലെ തീപിടിച്ചത്. രാവിലെ 11.20 ഓടെയാണ് കടയില്‍നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടത്. ജീവനക്കാര്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പുക പടര്‍ന്നത് ആശങ്കയ്ക്കിടയാക്കി.
തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ശേഷം ബീച്ച് ഫയര്‍ഫോഴ്‌സെത്തിയാണു തീയണച്ചത്. തീപിടിച്ച കടയോടു ചേര്‍ന്നുള്ള മറ്റൊരു കടയില്‍ കഴിഞ്ഞദിവസം നവീകരണത്തിന്റെ ഭാഗമായി വെല്‍ഡിങ് ജോലികള്‍ നടന്നിരുന്നു. ഇതേതുടര്‍ന്നുണ്ടായ തീപ്പൊരിയാണ് തീപിടിത്തത്തിനു കാരണമെന്ന് കരുതുന്നു. കടയുടെ മുന്‍വശത്തുണ്ടായിരുന്ന തുണിത്തരങ്ങള്‍ക്കും മറ്റു സാധനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റി. ഏതാണ്ട് ഒരുലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. ബീച്ച് സ്റ്റേഷനിലെ മൂന്നു യൂനിറ്റുകളാണ് സ്ഥലത്തെത്തിയത്. എന്നാല്‍ ഗതാഗത നിയന്ത്രണമുള്ളതിനാല്‍ ഫയര്‍ഫോഴ്‌സിന്റെ മുഴുവന്‍ വാഹനങ്ങള്‍ക്കും സംഭവസ്ഥലത്തെത്താന്‍ സാധിച്ചില്ല.
2015ലുണ്ടായ വലിയ തീപിടിത്തത്തെ തുടര്‍ന്ന് ചില മുന്‍കരുതലുകള്‍ ഫയര്‍ഫോഴ്‌സ് അധികൃതര്‍ എടുത്തിരുന്നു. അതിന്റെ ഭാഗമായി കടകളില്‍ അഗ്‌നിശമന സംവിധാനം ഒരുക്കിയിരുന്നു. കടയ്ക്കുള്ളിലുള്ളിലെ അഗ്‌നിശമന സംവിധാനം ഉപയോഗിച്ച് വ്യാപാരികള്‍ തീപടരുന്നത് നിയന്ത്രിച്ചതിനാലാണു വലിയ അപകടം ഒഴിവായതെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മിഠായിത്തെരുവില്‍ വാഹനിയന്ത്രണം മൂലം മുഴുവന്‍ ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ക്കും സംഭവസ്ഥത്തെത്താന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തിന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ സി.കെ മുരളീധരന്‍, എം.എല്‍ ജയകുമാര്‍, കെ.പി വിപിന്‍, കെ.പി സുബിന്‍, സി. ശ്രീലേഷ് കുമാര്‍, ഒ.കെ പ്രജിത്ത്, സുരേന്ദ്രന്‍, ജിഗ്‌നേഷ്, രമേശന്‍, അനൂപ്, മഹേഷ് നേതൃത്വം നല്‍കി.
ഗതാഗത നിയന്ത്രണം രക്ഷാപ്രവര്‍ത്തനത്തിന് വിനയാകുന്നു
കോഴിക്കോട്: മിഠായിത്തെരുവില്‍ വാഹനഗതാഗതം നിയന്ത്രിച്ചത് രക്ഷാപ്രവര്‍ത്തനത്തിനു തടസമാകുന്നു. ഇന്നലെ രാവിലെ തുണിക്കടയിലുണ്ടായ തീ അണയ്ക്കാനെത്തിയ ഫയര്‍ഫോഴ്‌സ് സംഘം ഏറെ ബുദ്ധിമുട്ടിയാണു മിഠായിത്തെരുവില്‍ എത്തിയത്. വലിയങ്ങാടി വഴി എത്തിയ ഫയര്‍ഫോഴ്‌സ് സംഘം മിഠായിത്തെരുവിലേക്ക് പ്രവേശിക്കാന്‍ കഴിയാതെ അല്‍പസമയം കാത്തിരുന്നു. കവാടത്തില്‍ പോസ്റ്റുകള്‍ സ്ഥാപിച്ച് ചങ്ങലയില്‍ ബന്ധിച്ചതാണു തടസമായത്. പിന്നീട് പാളയം മൊയ്തീന്‍ പള്ളി വഴിയാണ് ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ മിഠായിത്തെരുവിലേക്ക് പ്രവേശിച്ചത്. ഗതാഗതതടസം കാരണം ഒരു ഫയര്‍ഫോഴ്‌സ് വാഹനത്തിന് അകത്തുകടയ്ക്കാന്‍ കഴിഞ്ഞില്ല.
രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഗതാഗതനിയന്ത്രണം തടസമാകുന്നതായി ബീച്ച് ഫയര്‍സ്റ്റേഷന്‍ ഓഫിസര്‍ പാനോളി അജിത്കുമാര്‍ പറഞ്ഞു. വലയ രീതിയിലുള്ള അഗ്‌നിബാധ സംഭവിച്ചാല്‍ അപകടത്തിന്റെ തീവ്രത വര്‍ധിപ്പിക്കാന്‍ ഇതു കാരണമാകുമെന്നും ഇദ്ദേഹം പറഞ്ഞു.
വാഹനിയന്ത്രണത്തിനു വ്യാ പാരികളുടെ ഭാഗത്തുനിന്ന് കടുത്ത എതിര്‍പ്പാണുയരുന്നത്. വാഹനങ്ങള്‍ക്ക് മിഠായിത്തെരുവിലേക്ക് കടന്നുവരാനുള്ള എല്ലാ റോഡുകളും അടച്ചിട്ടിരിക്കുകയാണ്. ഇപ്പോള്‍ തന്നെ അധികം തിരക്കില്ലാത്തതുകൊണ്ടാണ് ഫയര്‍ഫോഴ്‌സിനു സംഭവസ്ഥലത്ത് എത്താന്‍ സാധിച്ചത്. വൈകിട്ടാണ് അപകടം സംഭവിച്ചതെങ്കില്‍ അവര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കില്ലെന്നും വ്യാപാരികള്‍ ആരോപിക്കുന്നു. ഫയര്‍ഫോഴ്‌സിനു വെള്ളം നിറയ്ക്കാന്‍ മാനാഞ്ചിറയിലേക്ക് പോകണമെങ്കിലും ചുറ്റിസഞ്ചരിക്കണമെന്നും അവര്‍ പറയുന്നു.
3 വര്‍ഷം; 5 തീപിടിത്തം
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ അഞ്ചിലധികം തീപിടിത്തങ്ങളാണ് മിഠായിത്തെരുവില്‍ ഉണ്ടായത്. 2015 മെയ് മാസത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ വന്‍നാശ നഷ്ടമാണ് സംഭവിച്ചത്. അന്ന് ഇരുപത്തിയഞ്ചോളം കടകള്‍ കത്തിനശിച്ചു. പടര്‍ന്നു പിടിച്ച തീ ഒരുദിവസം എടുത്താണ് അണച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."