വീണ്ടും ബ്രസീലിയന്‍ ദുരന്തം
പെറുവിനോടു ഒരു ഗോളിനു പരാജയപ്പെട്ട് ബ്രസീല്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്
പെറുവിന്റെ വിജയം റൂയിഡിയസ് കൈകൊണ്ടടിച്ച വിവാദ ഗോളില്‍
മസാച്ചുസെറ്റ്‌സ്: ലോകകപ്പിലും കഴിഞ്ഞ കോപ്പ അമേരിക്കയിലും സംഭവിച്ചതിനു പിന്നാലെ ബ്രസീല്‍ ഫുട്‌ബോളിന് മറ്റൊരു ദുരന്തം. പണ്ട് ഡീഗോ മറഡോണ കൈകൊണ്ടു പന്തു തട്ടിയിട്ട് അര്‍ജന്റീനയെ വിജയിപ്പിച്ചെങ്കില്‍ അത്തരമൊരു കൈ കൊണ്ടുള്ള ഗോള്‍ ബ്രസീലിനു കഷ്ടകാലമായി മാറുകയായിരുന്നു. പെറു കൈകൊണ്ടു തട്ടിയിട്ട് സ്വന്തമാക്കിയ ഗോളും റഫറിയുടെ തല തിരിഞ്ഞ നടപടികളും ബ്രസിലിന്റെ വിധിയെഴുതി. കോപ്പ അമേരിക്കയിലെ വിവാദ മത്സരത്തില്‍ വമ്പന്‍മാരായ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി പെറു ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പാക്കി.
റൗള്‍ റൂയിഡിയസാണ് പെറുവിന്റെ വിജയ ഗോള്‍ നേടിയത്. തോല്‍വിയോടെ ബ്രസീല്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. റൂയിഡിയസിന്റെ കൈയില്‍ തട്ടിയാണ് പന്ത് വലയിലെത്തിയതെന്ന് റീ പ്ലേകളില്‍ വ്യക്തമായിട്ടും റഫറി ഗോള്‍ അനുവദിക്കുകയായിരുന്നു. ബ്രസീല്‍ താരങ്ങളുടെ നിരന്തര എതിര്‍പ്പുകള്‍ റഫറി അവഗണിച്ചു. റഫറി ഗോളെന്ന് വിധിച്ചെങ്കിലും ബ്രസീല്‍ താരങ്ങള്‍ ബഹളവുമായി രംഗത്തെത്തി. പിന്നീട് ഗ്രൗണ്ടില്‍ നാടകീയ നിമിഷങ്ങളായിരുന്നു. ലൈന്‍ റഫറിയുമായി ചര്‍ച്ച നടത്തിയ റഫറി ഗോള്‍ റദ്ദാക്കിയെങ്കിലും വിടാന്‍ പെറു താരങ്ങള്‍ ഒരുക്കമായിരുന്നില്ല. വീണ്ടും ചര്‍ച്ചയായി. മിനിട്ടുകളോളം നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ റഫറി വീണ്ടും ഗോള്‍ വിധിച്ചു. എന്നാല്‍, ടെലിവിഷന്‍ റീപ്ലേയില്‍ റൂയിഡിയസ് പന്ത് കൈ കൊണ്ട് തൊട്ടുവെന്ന് വ്യക്തമായിരുന്നു.
മത്സരത്തിലുടനീളം മികച്ച ഫോമില്‍ കളിക്കാന്‍ ബ്രസീലിനായിരുന്നു. എന്നാല്‍ മറുവശത്ത് നിറംമങ്ങിയ പ്രകടനം കാഴ്ച്ചവച്ചിട്ടും റഫറിയുടെ ഔദാര്യം കൊണ്ട് ഗ്രൂപ്പ് ജേതാക്കളായി ക്വാര്‍ട്ടറിലെത്തുകയായിരുന്നു പെറു. കൊളംബിയയാണ് ക്വാര്‍ട്ടറില്‍ പെറുവിന് എതിരാളി. 1987നുശേഷം ആദ്യമായിട്ടാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറുന്നത്തില്‍ ബ്രസീല്‍ പരാജയപ്പെടുന്നത്. സ്വന്തം മണ്ണില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ ജര്‍മനിയോടേറ്റ ഏഴ് ഗോള്‍ തോല്‍വിക്കു ശേഷം ബ്രസീല്‍ നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണിത്.
ടീമില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ബ്രസീല്‍ കളത്തിലിറങ്ങിയത്. ജൊനാസ്, കാസെമിറോ, മാര്‍ക്വിനോസ് എന്നിവര്‍ പുറത്തിരുന്നു. പെറു ആല്‍ഡോ കോര്‍സോ, അഡാന്‍ ബാല്‍ബിന്‍, ആന്‍ഡി പോളോ എന്നിവരെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി. അവസരങ്ങള്‍ നിരവധി ലഭിച്ചെങ്കിലും ഗോളടിക്കാന്‍ ബ്രസീലിന് സാധിച്ചില്ല. ആദ്യ പകുതിയില്‍ ടീമിനു ലഭിക്കേണ്ട രണ്ടു പെനാല്‍റ്റി റഫറി അനുവദിക്കാതിരുന്നതും ബ്രസീലിന് നിരാശ സമ്മാനിച്ചു.
24ാം മിനുട്ടില്‍ ലൂക്കാസ് ലിമയെ ക്രിസ്റ്റ്യന്‍ റാമോസ് ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിന് ബ്രസീല്‍ താരങ്ങള്‍ പെനാല്‍റ്റിക്കായി അപ്പീല്‍ ചെയ്‌തെങ്കിലും റഫറി അനുവദിച്ചില്ല. മൂന്നു മിനുട്ടുകള്‍ക്ക് ശേഷം എലിയാസിന്റെ മികച്ച പാസില്‍ ഗബ്രിയേല്‍ ഷോട്ടുതിര്‍ത്തെങ്കിലും പെറു ഗോളി പെഡ്രോ ഗല്ലെസെ രക്ഷകനായി. മറ്റൊരു മുന്നേറ്റത്തില്‍ എഡിന്‍സന്‍ ഫ്‌ളോറസിനെ റെനറ്റോ അഗസ്റ്റോ വീഴ്ത്തിയിനു ഉറപ്പായും ലഭിക്കേണ്ടിയിരുന്ന പെനാല്‍റ്റിയും റഫറി അനുവദിച്ചില്ല.
അധികം വൈകാതെ ഫിലിപ്പ് ലൂയിസിന്റെ ക്രോസില്‍ വില്ല്യന്‍ തൊടുത്ത ഷോട്ട് പോസ്റ്റിന് മുകളിലൂടെ പോയി. ഗബ്രിയേല്‍ വീണ്ടും ഭീഷണിയുയര്‍ത്തിയെങ്കിലും ഇത്തവണയും ഗല്ലെസെ ടീമിനെ രക്ഷപ്പെടുത്തി.
രണ്ടാം പകുതിയിലും ബ്രസീലിന് തന്നെയായിരുന്നു ആധിപത്യം. എന്നാല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവയ്ക്കാന്‍ പെറുവിന് സാധിച്ചു. 49ാം മിനുട്ടില്‍ ക്യൂവയുടെ ഫ്രീകിക്ക് ബ്രസീല്‍ പ്രതിരോധത്തിന് ഭീഷണിയുയര്‍ത്തിയെങ്കിലും അലിസന്‍ രക്ഷകനായി. പിന്നീട് ബ്രസീല്‍ ഗോളിനായി സമ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കെയാണ് കളിയുടെ ഗതിക്കെതിരെ 75ാം മിനുട്ടില്‍ അവരുടെ വല കുലുങ്ങിയത്. വലതു വിങിലൂടെ അതിവേഗം മുന്നേറിയ പോളോ ഗോള്‍മുഖത്തേക്ക് മനോഹരമായൊരു ക്രോസ് നല്‍കി. പന്ത് ഓടിയെത്തിയ റൂയിഡിയസ് വലയിലെത്തിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."