സൗജന്യ സൂപ്പര്‍ സ്‌പെഷാലിറ്റി മെഡിക്കല്‍ ക്യാംപ് 20ന്
കല്‍പ്പറ്റ: ആരോഗ്യ വകുപ്പിന്റെയും നാഷനല്‍ ഹെല്‍ത്ത് മിഷന്റെയും നേതൃത്വത്തില്‍ ജനുവരി 20ന് മാനന്തവാടി ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സൗജന്യ മെഗാ സൂപ്പര്‍സ്‌പെഷാലിറ്റി മെഡിക്കല്‍ ക്യാംപ് നടത്തും.
കൊച്ചി ഐ.എം.എ, കോംട്രസ്റ്റ് ഐ കെയര്‍, ഡി.എം വിംസ് എന്നിവിടങ്ങളിലെ സ്‌പെഷാലിറ്റി ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്ന സന്നദ്ധ സംഘത്തിന്റെയും സഹകരണത്തോടെയാണ് ക്യാംപ് നടത്തുന്നത്. രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് 12 വരെയാണ് രജിസ്‌ട്രേഷന്‍. ജനറല്‍ മെഡിസിന്‍, ശ്വാസകോശ രോഗം, ത്വക് രോഗം, ഇ.എന്‍.ടി, ശിശുരോഗം, ഗൈനക്കോളജി, കാന്‍സര്‍, അസ്ഥിരോഗം, വാതം, നേത്രരോഗം, ഹൃദ്രോഗം, വൃക്കരോഗം, മസ്തിഷ്‌ക രോഗം, ഉദര രോഗം, ജനറല്‍ സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി, മാനസിക രോഗം എന്നീ വിഭാഗങ്ങളില്‍ ക്യാംപില്‍ ചികില്‍സ ലഭിക്കും. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നവര്‍ക്ക് സൗജന്യമായി അള്‍ട്രാ സൗണ്ട് സ്‌കാന്‍, സി.ടി സ്‌കാന്‍, എക്‌സ് റേ, ഇ.സി.ജി, എക്കോ ടെസ്റ്റ്, മൈനര്‍ സര്‍ജറികള്‍, ദന്ത-തിമിര ശസ്ത്രക്രിയകള്‍, കണ്ണടകള്‍, മരുന്നുകള്‍ തുടങ്ങിയവ ലഭ്യമാക്കും. കൊച്ചി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഒരു വര്‍ഷത്തേക്കുള്ള ചികില്‍സയും മരുന്നുകളും വാഗ്ദാനം ചെയ്തിട്ടുണ്ട്.
കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍ അധ്യക്ഷനായി. ചികില്‍സ ആവശ്യമായ ആദിവാസികളെ മെഡിക്കല്‍ ക്യാംപിലെത്തിക്കാന്‍ ട്രൈബല്‍ വകുപ്പിന്റെ ആംബുലന്‍സുകള്‍ ലഭ്യമാക്കാന്‍ അദ്ദേഹം ജില്ലാ പ്രൊജക്ട് ഓഫിസര്‍ പി. വാണിദാസിന് നിര്‍ദേശം നല്‍കി. ട്രൈബല്‍ പ്രമോട്ടര്‍മാരും ആശാവര്‍ക്കര്‍മാരും കോളനി സന്ദര്‍ശനം നടത്തി ചികില്‍സ ആവശ്യമുള്ളവരുടെ ലിസ്റ്റ് തയാറാക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ക്യാംപിന്റെ പ്രചാരണാര്‍ഥം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തും. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എ. ദേവകി, മാനന്തവാടി നഗരസഭാ അധ്യക്ഷന്‍ വി.ആര്‍ പ്രവീജ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. നൂന മര്‍ജ, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി. അഭിലാഷ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."