ഡി.ജി.പിക്കെതിരേ ഗുരുതര ആരോപണവുമായി പി.ടി തോമസ്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബഹ്‌റയ്‌ക്കെതിരേ നിയമസഭയില്‍ രൂക്ഷ വിമര്‍ശനമുന്നയിച്ച് പി.ടി തോമസ്.
ലോക്‌നാഥ് ബഹ്‌റ ഡി.ജി.പി ആയതിനു ശേഷം പൊലിസിന് വാഹനങ്ങള്‍, കാമറകള്‍, കംപ്യൂട്ടറുകള്‍ എന്നിവ വാങ്ങിയതിലെല്ലാം വന്‍ അഴിമതിയാണ് നടത്തുന്നതെന്നും മാവോയിസ്റ്റ് ഭീഷണി നേരിടുന്ന മേഖലകളില്‍ തണ്ടര്‍ബോള്‍ട്ട് അടക്കമുള്ളവര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് പണിയാന്‍ അനുവദിച്ച പണം വകമാറ്റി ചെലവഴിച്ചുവെന്നും അദ്ദേഹം ബജറ്റ് ചര്‍ച്ചക്കിടയില്‍ ആരോപിച്ചു. പൊലിസില്‍ നടക്കുന്ന സാമ്പത്തിക ഇടപാടുകളെ കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് ആകാശവാണിക്കടുത്ത് ഭക്തവിലാസം പൊലിസ് ക്വാര്‍ട്ടേഴ്‌സ് കോമ്പൗണ്ടില്‍ പണിതുയര്‍ത്തിയ ബംഗ്ലാവുകളെ സംബന്ധിച്ച് അന്വേണം നടത്തിയാല്‍ ഞെട്ടിക്കുന്ന കഥകള്‍ പുറത്തു വരും. എല്ലാവര്‍ഷവും ബജറ്റില്‍ കോടിക്കണക്കിനു രൂപയാണ് പൊലിസിനു വേണ്ടി മാറ്റിവയ്ക്കുന്നത്. എന്നാല്‍ ഈ തുകയെല്ലാം എന്തിനാണ് വിനിയോഗിക്കുന്നതെന്ന് ഓഡിറ്റ് ചെയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
കേസുകളുടെ അന്വേഷണം അട്ടിമറിക്കാന്‍ പി.എസ്.സിയെ ഉള്‍പ്പെടെ നോക്കുകുത്തിയാക്കി കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബില്‍ നിയമനങ്ങള്‍ നടക്കുകയാണ്. കേസുകള്‍ അട്ടിമറിക്കാന്‍ അവിടെ പൊലിസുകാരെ തിരുകിക്കയറ്റുകയാണ്. രാജ്യത്തെ പൊലിസ് സംവിധാനത്തെയാകെ നാണക്കേടിലാക്കുംവിധം കേരള പൊലിസ് അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്നും തീക്കട്ടയില്‍ ഉറുമ്പരിക്കുന്ന സ്ഥിതിയാണെന്നും പി.ടി തോമസ് പറഞ്ഞു. സംസ്ഥാന ബജറ്റ് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്നും പിടി. തോമസ് പറഞ്ഞു.
പ്രതിപക്ഷത്തെ പൂര്‍ണമായും അവഗണിക്കുന്നതാണ് ബജറ്റെന്ന് പി. ഉബൈദുല്ല കുറ്റപ്പെടുത്തി. മലബാര്‍ ഉള്‍പ്പെടെ മിക്ക ജില്ലകളോടും കടുത്ത അവഗണനയാണ് കാട്ടിയത്. എം.എല്‍.എമാര്‍ പ്രാധാന്യമനുസരിച്ച് നല്‍കിയ പല വര്‍ക്കുകളും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല. ആരാണ് ഇതൊക്കെ തീരുമാനിച്ചത്. ബജറ്റില്‍ ബാഹ്യശക്തികളുടെ ഇടപെടലുണ്ടായെന്നും അത് സി.പി.എം പാര്‍ട്ടി ഓഫിസാണോ അതെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വബില്ലിനെതിരെ സമരം ചെയ്തവര്‍ തീവ്രവാദികള്‍ എന്ന് പറഞ്ഞ് മോദിക്ക് സംസാരിക്കന്‍ വഴിമരുന്നിട്ട വ്യക്തിയാണ് പിണറായി വിജയനെന്നും അദ്ദേഹം ആരോപിച്ചു. ധനമന്ത്രി അവതരിപ്പിച്ചത് ഒരു മിസ്‌കീന്‍ ബജറ്റാണെന്ന് മഞ്ഞളാംകുഴി അലി പറഞ്ഞു. തെറ്റായകണക്കുകള്‍ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് നടത്തിയത്. ബജറ്റും യാഥാര്‍ത്ഥ്യവും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.പണമില്ലെന്നു പറഞ്ഞ് കുടിവെള്ള പദ്ധതികളില്‍നിന്ന് പിന്നോട്ടു പോകരുതെന്ന് സി. മമ്മൂട്ടി പറഞ്ഞു. കെ.സി. ജോസഫ് , ഒ.രാജഗോപാല്‍, കെ.എസ്. ശബരീനാഥന്‍, സുരേഷ്‌കുറുപ്പ്, ഇ.ടി. ടൈസന്‍ മാസ്റ്റര്‍, പി.കെ. ശശി, അനൂപ് ജേക്കബ്, മുരളി പെരുനല്ലി, റോജി എം. ജോണ്‍, ആര്‍. രാജേഷ്, പി.ജെ. ജോസഫ്, എ.പി. അനില്‍കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍, ആന്റണി ജോണ്‍, ഡി.കെ. മുരളി, എല്‍ദോ എബ്രഹാം, കെ.വി. വിജയദാസ്, കെ. കുഞ്ഞിരാമന്‍, എം. സ്വരാജ് എന്നിവരും ചര്‍ച്ചയില്‍ പെങ്കടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."