കൊറോണ വ്യാപനം ഈ മാസത്തോടെ കുറയുമെന്ന് വിദഗ്ധന്‍
ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ചുള്ള മരണം ആയിരം കടന്നിരിക്കെ വൈറസ് വ്യാപനം ഈ മാസത്തോടെ അതിന്റെ പാരമ്യതയിലെത്തുമെന്നും തുടര്‍ന്നു കുറഞ്ഞുവരുമെന്നും ചൈനീസ് വിദഗ്ധന്‍. 2003ല്‍ രാജ്യത്ത് വന്‍ ആള്‍നാശമുണ്ടാക്കിയ സാര്‍സിനെതിരായ പോരാട്ടത്തിലൂടെ ലോകശ്രദ്ധ നേടിയ രോഗപ്രതിരോധ വിദഗ്ധന്‍ ഴോങ് നന്ശാനാണ് വാര്‍ത്താ ഏജന്‍സിക്കു നല്കിയ അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ചൈനയില്‍ ചില പ്രവിശ്യകളില്‍ രോഗബാധ പുതിയതായി റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതിനകം കുറഞ്ഞുവരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, യു.എസില്‍ ഒരാള്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 13 ആയി. അതിനിടെ, ജപ്പാന് ചൈനയിലെ വുഹാനില്‍നിന്നു നാട്ടിലെത്തിച്ച രണ്ടുപേര്‍ക്കു വൈറസ് ബാധ സ്ഥിരീകരിച്ചു. ജനുവരി 28ന് ജപ്പാനിലെത്തിയ ഇവര്‍ക്ക് ആദ്യ രണ്ടു പരിശോധനയിലും വൈറസുള്ളതായി കണ്ടിരുന്നില്ല. തായ്ലന്ഡില് ഒരാള്‍ക്കു വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
വൈറസ് വ്യാപന പശ്ചാത്തലത്തില്‍ ഹോളണ്ട് അമേരിക്കയുടെ യാത്രാകപ്പലായ എം.എസ് വെസ്റ്റര്ഡാമിന് തായ്ലന്ഡ് പ്രവേശനാനുമതി നിഷേധിച്ചു. വിയറ്റ്നാമില്‍ 15ാമത്തെ കൊറോണ കേസ് സ്ഥിരീകരിച്ചു. മൂന്നു മാസം പ്രായമായ കുഞ്ഞിനാണ് വൈറസ് ബാധിച്ചത്. മുത്തശ്ശിയില്‍നിന്നാണ് രോഗം പകര്‍ന്നത്.
കൊറോണ മൂലമുണ്ടായ നഷ്ടങ്ങള്‍ നികത്താനും ആഘാതം കുറയ്ക്കാനുമായി വന്‍ തുക ബാങ്ക് വായ്പ ആവശ്യപ്പെട്ട് ചൈനീസ് കമ്പനികള്‍ രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ 300ലേറെ കമ്പനികള്‍ 820 കോടി ഡോളറാണ് ആവശ്യപ്പെടുന്നതെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ഷിയോമി, ഭക്ഷ്യവസ്തു വിതരണ ഭീമന് മെയ്റ്റുവാന്‍ ദിയാന്പിങ് തുടങ്ങിയ വമ്പന്മാര് ഇതിലുള്‍പ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."