കാലിത്തീറ്റ വില കൂട്ടില്ല: മന്ത്രി
തിരുവനന്തപുരം: പാല്‍ വില വര്‍ധിപ്പിക്കുന്ന ഘട്ടങ്ങളിലൊക്കെ കാലിത്തീറ്റ വില വര്‍ധിപ്പിക്കുന്ന പ്രവണതയുണ്ടെന്നും എന്നാല്‍ പൊതുമേഖലാ സ്ഥാപനങ്ങളായ കേരളാ ഫീഡ്‌സിനോടും മില്‍മയോടും വില കൂട്ടരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കെ. രാജു നിയമസഭയില്‍ അറിയിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ ക്ഷീരകര്‍ഷകരേയും ഉള്‍പ്പെടുത്തണമെന്നാണ് സര്‍ക്കാര്‍ നിലപാട്. പക്ഷേ ഇക്കാര്യത്തില്‍ കേന്ദ്രമാണ് തീരുമാനമെടുക്കേണ്ടത്. ക്ഷീരമേഖലയെ കൃഷിയായിപ്പോലും ഇതുവരെ കേന്ദ്രം അംഗീകരിച്ചിട്ടില്ലെന്നും ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റയ്ക്ക് പരമാവധി മൂന്നു രൂപ സബ്‌സിഡി കിട്ടുന്ന തരത്തില്‍ തദ്ദേശ വിഭാഗം തയാറാക്കിയ പദ്ധതിയും ഒരു രൂപ സബ്‌സിഡി വ്യവസ്ഥ ചെയ്യുന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയും നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ന്യായമായ വിലയില്‍ ഗുണമേന്മയുള്ള കാലിത്തീറ്റ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നു എന്നതാണ് സര്‍ക്കാര്‍ നയം. എന്തെല്ലാം ഘടകങ്ങള്‍ കാലിത്തീറ്റയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ചാക്കിനു മുകളില്‍ രേഖപ്പെടുത്തണമെന്ന നിര്‍ദേശം കര്‍ശനമായി പാലിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വര്‍ധിപ്പിച്ച നിരക്കിന്റെ 83.15 ശതമാനം തുകയും കര്‍ഷകര്‍ക്കു ലഭിക്കുന്ന രീതിയിലാണ് പാല്‍ വില വര്‍ധന നടപ്പാക്കിയത്. വര്‍ധിപ്പിച്ച നാലു രൂപയില്‍ 3.35 രൂപ കര്‍ഷകനും 32 പൈസ ക്ഷീര സംഘത്തിനും (16 പൈസ ക്ഷീര സംഘം ജീവനക്കാര്‍ക്ക്, 16 പൈസ സംഘം പ്രവര്‍ത്തനത്തിന് ) മൂന്നു പൈസ ക്ഷീര ക്ഷേമനിധിക്കും 14 പൈസ മില്‍മയ്ക്കുമാണ് ലഭിക്കുന്നത്. കാലിത്തീറ്റയ്ക്ക് സബ്‌സിഡി വര്‍ധിപ്പിക്കുന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."