ആസ്വദിക്കാം, പയ്യാമ്പലത്തിന്റെ രാത്രി സൗന്ദര്യം
കണ്ണൂര്‍: ഇരുട്ടിനോടും സാമൂഹ്യ വിരുദ്ധരോടും ഇനി നോ പറയാം, പയ്യാമ്പലത്തിന്റെ രാത്രി വീഥികളില്‍ വെളിച്ചം വീണുകഴിഞ്ഞു. രാത്രി ഏറെ വൈകിയും കടല്‍ത്തിരകളാസ്വദിക്കാനെത്തുന്ന സന്ദര്‍ശകരാലും ഫുട്‌ബോള്‍, വോളിബോള്‍ കളികളാലും സജീവമാണ് പയ്യാമ്പലത്തിന്റെ മണല്‍പ്പരപ്പുകളിന്ന്. കടല്‍ക്കാറ്റിന്റെ കുളിരേറ്റു നടക്കാന്‍ നീളന്‍ നടപ്പാത, വെളിച്ചമേകാന്‍ സോളാര്‍ വിളക്കുകള്‍, ബീച്ച് ജിം, റെയിന്‍ ഷെല്‍ട്ടറുകള്‍, ബാംബൂ കഫേ, ഫോട്ടോ ഫ്രെയിം. എല്ലാം കൊണ്ടും ആകര്‍ഷകമാണ് കണ്ണൂര്‍ നഗരത്തില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയുള്ള പയ്യാമ്പലം ബീച്ച്.
ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ മനസിലുദിച്ച ആശയമാണ് ഇന്നു പയ്യാമ്പലം ബീച്ചിന്റെ രാത്രികളെ വെളിച്ചത്തിന്റെ സുരക്ഷിതത്വത്തിലേക്കെത്തിച്ചത്. കലക്ടറായി ചുമതലയേറ്റതിനു ശേഷം ഒരു രാത്രി ബീച്ചിലെത്തിയപ്പോഴുണ്ടായ അനുഭവമായിരുന്നു ഇതിനു കാരണം. ഇരുട്ടും കാടുപിടിച്ച പരിസരവും പയ്യാമ്പലത്തെ സാമൂഹ്യ വിരുദ്ധരുടെ ഇടത്താവളമാക്കി മാറ്റിയിരുന്നു. ബീച്ചില്‍ രാത്രികാലങ്ങളില്‍ വിളക്ക് തെളിഞ്ഞതോടെ സ്ഥിതി മാറി. വെളിച്ചം വന്നതോടെ ഇരുട്ടിന്റെ ശക്തികളും അപ്രത്യക്ഷരായി. ഇതോടെ രാത്രി ഏറെ വൈകിയും സ്ത്രീപുരുഷ വ്യത്യാസമില്ലാതെ സന്ദര്‍ശകര്‍ ഒഴുകിയെത്തി. വിദേശികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ബീച്ചിലെ രാത്രി സൗന്ദര്യം ആസ്വദിക്കാന്‍ വന്നെത്തുന്നത്.
ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പു മുഖേന ആറുകോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന നടപ്പാതയുടെ പ്രവൃത്തിയും പുരോഗമിക്കുകയാണ്. പ്രവേശന കവാടത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ബീച്ച് ജിം ആണ് മറ്റൊരു ആകര്‍ഷക ഘടകം.
ബീച്ചിലെത്തുന്ന സഞ്ചാരികള്‍ക്കു ലഘുഭക്ഷണത്തിനുള്ള സൗകര്യമൊരുക്കി ബാംബൂ കഫേയും പ്രവര്‍ത്തനം തുടങ്ങി. സാഹസിക വിനോദത്തിന്റെ ഭാഗമായി എല്ലാ വിഭാഗക്കാര്‍ക്കും ഉതകുന്ന രീതിയിലുള്ള പദ്ധതിയും ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ പയ്യാമ്പലത്ത് അഡ്വഞ്ചര്‍ പാര്‍ക്ക് സ്ഥാപിക്കാനും അനുമതി ലഭിച്ചിട്ടുണ്ട്. 10 ലക്ഷം രൂപയാണ് പാര്‍ക്കിന്റെ എസ്റ്റിമേറ്റ് തുക. സ്വിപ്പ് ബൈക്ക്, റോപ്പ് സൈക്കിള്‍ തുടങ്ങിയവ അഡ്വഞ്ചര്‍ പാര്‍ക്കിന്റെ ഭാഗമായി ഒരുക്കും.
വിമാനത്താവളം തുറന്നിടുന്ന ടൂറിസം സാധ്യതകള്‍ കൂടി മുന്നില്‍ക്കണ്ട് ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ സൗന്ദര്യവല്‍ക്കരണ പ്രവൃത്തികള്‍ ദ്രുതഗതിയിലാണിന്ന്. വിനോദ സഞ്ചാര വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, കണ്ണൂര്‍ കോര്‍പറേഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് പ്രവൃത്തികള്‍ പുരോഗമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."