'ചൂലാണ് കൈയില്‍, ...'
ന്യൂഡല്‍ഹി: വര്‍ഗീയ പ്രചാരണങ്ങള്‍ ഏശിയില്ല, വിദ്വേഷ പരാമര്‍ശങ്ങള്‍ ജനം തള്ളി, ഭീഷണികള്‍ വകവച്ചതുമില്ല... ഒടുവില്‍ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ തോല്‍വി. എ.എ.പിയുടെ വന്‍ വിജയത്തേക്കാള്‍, നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഡല്‍ഹി തെരഞ്ഞെടുപ്പിനെ ജനം ചര്‍ച്ച ചെയ്യുക ബി.ജെ.പിയുടെ തോല്‍വി എന്ന നിലയ്ക്കായിരിക്കും.
2015ലെ തെരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റുകളുമായി അധികാരത്തിലെത്തിയിരുന്ന എ.എ.പിയെ അഞ്ചു വര്‍ഷത്തിനിപ്പുറം 70ല്‍ 62സീറ്റുകളുമായി വീണ്ടും അധികാരത്തിലെത്തിച്ചതു വികസന, ജനോപകാര പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല, ബി.ജെ.പിയുടെ വര്‍ഗീയ, വിദ്വേഷ, ഭീഷണി പ്രചാരണത്തിലുള്ള ജനങ്ങളുടെ അതൃപ്തി കൂടിയാണ്. പൗരത്വ നിയമ ഭേദഗതിക്കും എന്‍.ആര്.സിക്കുമെതിരായ വന്‍ പ്രതിഷേധങ്ങളും ഈ സമരങ്ങള്‍ക്കെതിരേ കേന്ദ്രവും ബി.ജെ.പിയും സ്വീകരിച്ച ക്രൂര നടപടികളും വിധിയെഴുത്തിനെ സ്വാധീനിച്ചു.
പ്രമുഖ നേതാക്കളെയിറക്കി വന്‍ പ്രചാരണമായിരുന്നു ഡല്‍ഹി തെരഞ്ഞെടുപ്പിനായി ബി.ജെ.പി നടത്തിയത്.
ഷഹീന്‍ബാഗ് സമരം ഡല്‍ഹിയെ വിഴുങ്ങാന്‍ പോകുന്നുവെന്നും ബി.ജെ.പിയെ ജയിപ്പിച്ചാല്‍ സമരം അവസാനിപ്പിച്ചുതരാമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പ്രചാരണത്തില്‍ പറഞ്ഞിരുന്നു. വോട്ടിങ് മെഷീനില്‍ താമരയ്ക്ക് അമര്‍ത്തിയാല്‍ അതില്‍നിന്നുണ്ടാകുന്ന വൈദ്യുതി പ്രവാഹം ഷഹീന്‍ബാഗിനെ ഇല്ലാതാക്കുമെന്നായിരുന്നു അമിത് ഷായുടെ മറ്റൊരു വാദം.
എന്നാല്‍, വര്‍ഗീയ പ്രചാരണത്തേക്കാള്‍ ഡല്‍ഹിയിലെ ജനത വില കല്പിച്ചതു സ്വന്തം ക്ഷേമപദ്ധതികളെ മുന്‍നിര്‍ത്തിയുള്ള പ്രചാരണ പരിപാടികള്‍ക്കായിരുന്നു. ബി.ജെ.പിക്കു പക്ഷേ, വര്‍ഗീയതയല്ലാതെ ഒന്നും പറയാനുണ്ടായിരുന്നുമില്ല.
ബി.ജെ.പിയുടെ ഉന്നത നേതാക്കള്‍ നേരിട്ടായിരുന്നു വര്‍ഗീയ പ്രചാരണത്തിനു നേതൃത്വം നല്‍കിയത്. അമിത് ഷാ 52 യോഗങ്ങളില്‍ പ്രസംഗിച്ചു. റോഡ് ഷോയും സംഘടിപ്പിച്ചു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 12 യോഗങ്ങളില്‍ സംസാരിച്ചു. പ്രധാനമന്ത്രി മോദി നേരിട്ടു മൂന്നു സമ്മേളനത്തില്‍ സംസാരിച്ചു. പ്രചാരണത്തിനിടെ കൊലവിളി നടത്തിയ കേന്ദ്ര സഹമന്ത്രികൂടിയായ അനുരാഗ് താക്കൂറിന് 72 മണിക്കൂര്‍ തെരഞ്ഞെടുപ്പ് കമ്മിഷന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
ഷഹീന്‍ബാഗ് സമരത്തെ അക്രമാസക്തമാക്കാന്‍ സമരക്കാര്‍ക്കിടയില്‍ നുഴഞ്ഞുകയറാനും ബി.ജെ.പി പ്രവര്‍ത്തകര്‍ ശ്രമിച്ചു. തോക്കുമായെത്തി സമരക്കാരെ പ്രകോപിപ്പിക്കാനും ശ്രമമുണ്ടായി. മറുവശത്ത് കെജ്രിവാള് സ്വന്തം ഭരണനേട്ടത്തെക്കുറിച്ച് മാത്രമാണ് സംസാരിച്ചത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെപ്പോലും പ്രഖ്യാപിക്കാത്ത ബി.ജെ.പിയെ അദ്ദേഹം ശക്തമായി വിമര്‍ശിക്കുകയും ചെയ്തു. നിശ്ചിത ഉപയോഗത്തിന് വൈദ്യുതി ബില്ലും വാട്ടര്‍ബില്ലും ഇല്ലാതായത്, സ്ത്രീകള്‍ക്ക് ബസുകളില്‍ പൂര്‍ണമായും സൗജന്യ യാത്ര നല്‍കിയത്, ആശുപത്രികള്‍ ഡല്‍ഹിയിലെ ചരിത്രത്തിലൊരിക്കലുമില്ലാത്ത വിധം മെച്ചപ്പെട്ടത്, വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന വികസനം തുടങ്ങിയവയായിരുന്നു കെജ്രിവാളിന്റെ പ്രചാരണായുധം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."