സമസ്തയുടെ ജനകീയത ചൂഷണം ചെയ്യാനുള്ള ശ്രമം അപലപനീയം: എസ്. കെ. എസ്.എസ്.എഫ്
തൃശൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പേര് ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരേ സമൂഹം ജാഗ്രത പാലിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി.
1926 ല്‍ രൂപീകൃതമായ സമസ്തയുടെ പേര് പറഞ്ഞ് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കും വിധം പ്രവര്‍ത്തിക്കുകയും പണപ്പിരിവ് നടത്തുകയും അത് വഴി സമ്മേളനത്തിന് ആളെക്കൂട്ടുകയുമാണ് ഇക്കൂട്ടര്‍ ചെയുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്തയുടെ പേര് ദുരുപയോഗം ചെയ്യുന്നത് 2004 ലെ സുപ്രിം കോടതി വിധിയുടെ വ്യക്തമായ ലംഘനം കൂടിയാണ്.
1990-91 വര്‍ഷത്തെ സമസ്തയുടെ ഭരണസമിതി ലിസ്റ്റ് സമസ്ത ജനറല്‍ സെക്രട്ടറിയായിരുന്ന ശംസുല്‍ ഉലമ ഇ. കെ അബൂബക്കര്‍ മുസ്‌ലിയാര്‍ കോഴിക്കോട് ജില്ലാ രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ഈ ലിസ്റ്റ് സ്വീകരിച്ചതിനെതിരേ എ. പി അബൂബക്കര്‍ മുസ്‌ലിയാര്‍ നല്‍കിയ അപ്പീല്‍ തള്ളിയാണ് സുപ്രിം കോടതി ഉത്തരവ് ഉണ്ടായത്.
വസ്തുത ഇതായിരിക്കെ മഹല്ലുകളില്‍ സമസ്തയുടെ പേരില്‍ പിരിവ് നടത്തുന്നത് സമസ്തയുടെ ജനകീയതയും വിശ്വാസ്യതയും ചൂഷണം ചെയ്യാനുള്ള ഹീനമായ ശ്രമമാണ്.
ഇത്തരം തെറ്റായ പ്രവണതകള്‍ക്കെതിരേ പൊതുസമൂഹവും മഹല്ല്, മദ്‌റസ കമ്മിറ്റികളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും സംസ്ഥാന ജില്ലാ നേതാക്കള്‍ ആഹ്വാനം ചെയ്തു.
വാര്‍ത്താസമ്മേളനത്തില്‍ എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലം, തൃശൂര്‍ ജില്ലാ പ്രസിഡന്റ് സിദ്ദീഖ് ബദ്‌രി, തൃശൂര്‍ ജില്ലാ സെക്രട്ടറി ഷഹീര്‍ ദേശ മംഗലം, തൃശൂര്‍ ജില്ലാ വര്‍ക്കിങ് സെക്രട്ടറി അഡ്വ. ഹാഫിള് അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."