അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനുള്ള നീക്കം എതിര്‍ത്തു തോല്‍പ്പിക്കും: എ.ഐ.വൈ.എഫ്
തിരുവനന്തപുരം: നിര്‍ദിഷ്ട അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാനുള്ള നീക്കം എന്തുവിലകൊടുത്തും എതിര്‍ത്തു തോല്‍പ്പിക്കുമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി യോഗം പ്രഖ്യാപിച്ചു.
അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുമെന്ന വൈദ്യുതിമന്ത്രിയുടെ നിയമസഭയിലെ പ്രഖ്യാപനം എല്‍.ഡി.എഫ് നയത്തിന് എതിരാണ്. പരിസ്ഥിതി സംരക്ഷിച്ചുള്ള വികസനപദ്ധതികള്‍ മാത്രമേ നടപ്പിലാക്കൂവെന്ന വാഗ്ദാനം നല്‍കി അധികാരത്തില്‍ വന്ന സര്‍ക്കാര്‍ പരിസ്ഥിതിനാശം വരുത്തുന്ന പദ്ധതിയെക്കുറിച്ചു പ്രഖ്യാപിക്കുന്നതു പ്രതിഷേധാര്‍ഹമാണ്.
160 മെഗാവാട്ട് വൈദ്യുതിക്കായി 150 ഹെക്ടര്‍ വനഭൂമി നശിപ്പിച്ച് അവിടത്തെ ജൈവവൈവിധ്യമേഖല ഇല്ലാതാക്കാന്‍ മാത്രമേ അതിരപ്പിള്ളി പദ്ധതികൊണ്ടു സാധിക്കൂ. ഈ പദ്ധതിയുടെ ആലോചനാഘട്ടം മുതല്‍ ശക്തമായ ഏതിര്‍പ്പാണ് ഉയര്‍ന്നുവന്നത്. പരിസ്ഥിതി പ്രവര്‍ത്തകരുടെയും പ്രദേശവാസികളുടെയും എതിര്‍പ്പുപോലും പരിഗണിക്കാതെ ഇത്തരം ഒരു പദ്ധതിക്കുവേണ്ടി വാദിക്കുന്നവരുടെ താല്‍പ്പര്യം എന്തായാലും പൊതുതാല്‍പ്പര്യമല്ലെന്ന് ഉറപ്പാണ്.
പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള നീക്കത്തില്‍ നിന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ പിന്മാറണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ആര്‍ സജിലാല്‍ അധ്യക്ഷനായി. അഡ്വ. കെ രാജന്‍ എം.എല്‍.എ, സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."