തങ്കമണി പൊലിസ് സ്‌റ്റേഷനില്‍ മൂന്നാംമുറ; ഹൃദ്രോഗിയായ കര്‍ഷകന് മര്‍ദനം
തൊടുപുഴ: ഹൃദ്രോഗിയായ കര്‍ഷകനെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി പൊലിസ് ക്രൂരമായി മര്‍ദിച്ച് അവശനാക്കി മൂത്രം കുടിപ്പിച്ചതായി പരാതി. മരിയാപുരം ചട്ടിക്കുഴി വെളിയംകുന്നത്ത് ഷിബു ഗോപാലനാണ്(55) പൊലിസിന്റെ ക്രൂരതയ്ക്കിരയായത്. ഒരു പരാതിയുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെ 10 ഓടെ തങ്കമണി പൊലിസ് ആവശ്യപ്പെട്ടപ്രകാരം സ്റ്റേഷനിലെത്തിയതായിരുന്നു ഷിബു. പരാതിയുമായി ബന്ധപ്പെട്ട വാഹനം കൊണ്ടുവരാത്തതെന്താണെന്നു ചോദിച്ച് ചീത്തവിളിച്ചുകൊണ്ട് ആദ്യം പൊലിസ് മുഖത്തിടിക്കുകയായിരുന്നുവെന്ന് ഷിബു പറയുന്നു. വീണുപോയ തന്നെ രണ്ടു പൊലിസുകാര്‍ ചേര്‍ന്ന് പിടിച്ചെഴുന്നേല്‍പ്പിച്ച് ക്രൂരമായി മര്‍ദിച്ചു. കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ മൂത്രം കുടിപ്പിച്ചെന്നും ഷിബു പറയുന്നു. അവശനായി തളര്‍ന്നു വീണ ഇയാളെ പൊലിസ് കാമാക്ഷി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രഥമശുശ്രൂഷ നല്‍കി തിരികെ സ്റ്റേഷനിലെത്തിക്കുകയായിരുന്നു. കുടിക്കാന്‍ വെള്ളംപോലും നല്‍കാതെ സ്റ്റേഷനില്‍ നിര്‍ത്തിയ ഇയാളെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് വീട്ടിലേക്ക് പറഞ്ഞുവിട്ടത്. തീര്‍ത്തും അവശനായ ഷിബുവിനെ സ്റ്റേഷനില്‍ നിന്നും നേരെ ജില്ലാ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. ജില്ലാ ആശുപത്രിയില്‍ നിന്നും ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.
ഷിബുവിന്റെ പട്ടയഭൂമിയില്‍കൂടി അയല്‍വാസിക്ക് കൃഷിയിടത്തില്‍ നിന്നും മരം മുറിച്ചുകൊണ്ടുപോകാന്‍ താല്‍ക്കാലികമായി വഴി വിട്ടുകൊടുത്തിരുന്നു. ഈ വഴി മറ്റാരും തന്നെ ഉപയോഗിച്ചിരുന്നുമില്ല. കഴിഞ്ഞ തിങ്കളാഴ്ച ഷിബു സ്വന്തം പുരയിടത്തിലൂടെയുള്ള റോഡില്‍ ജീപ്പ് നിര്‍ത്തിയിട്ട് പാവല്‍ തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്നു. ഈ സമയം ഇതുവഴി സമീപവാസി വാഹനവുമായി വരികയും ജീപ്പ് മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു. ജീപ്പ് മാറ്റി കൊടുത്തെങ്കിലും പിന്നീട് തങ്കമണി പൊലിസെത്തി ജീപ്പുമായി സ്റ്റേഷനിലേക്ക് വരാന്‍ ആവശ്യപ്പെടുകയാണുണ്ടായതെന്ന് ഷിബു പറയുന്നു.
ഇയാള്‍ വര്‍ഷങ്ങളായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഹൃദ്രോഗത്തിന് ചികിത്സയിലാണ്. ഭര്‍ത്താവിനെ മര്‍ദിച്ചതിനെതിരേ ഭാര്യ ലത മുഖ്യമന്ത്രി, ഡി. ജി. പി, ജില്ലാ പൊലിസ് മേധാവി, മനുഷ്യാവകാശ കമ്മിഷന്‍, പൊലിസ് കംപ്ലെയിന്റ് അതോറിറ്റി എന്നിവര്‍ക്ക് പരാതി നല്‍കി. കട്ടപ്പന സ്റ്റേഷനില്‍ നിന്നും പൊലിസെത്തി ഷിബുവിന്റെ മൊഴി രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ തങ്കമണി പൊലിസ് വിസമ്മതിച്ചു. എന്നാല്‍ പൊലിസ് മര്‍ദിച്ചതായി പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷിച്ച് വരികയാണെന്നും കട്ടപ്പന സി. ഐ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."