ആലപ്പാട്ടെ ഖനനം നിര്‍ത്തില്ല, സമരം തുടരുന്നത് ദൗര്‍ഭാഗ്യകരം- ഇ.പി ജയരാജന്‍
തിരുവനന്തപുരം: ആലപ്പാട് ഖനനത്തിനെതിരായ സമരം തുടരുന്നത് ദൗര്‍ഭാഗ്യകരമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. ഖനനം നിര്‍ത്താന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്നും ജയരാജന്‍ വ്യക്തമാക്കി.
വിഷയത്തില്‍ സര്‍ക്കാറിന് ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ഇനിയും ചര്‍ച്ചക്ക് തയാറാണ്. ആലപ്പാട് സന്ദര്‍ശിക്കാന്‍ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമരക്കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. സീ വാഷിങ് നിര്‍ത്തണമെന്നായിരുന്നു സമരസമിതിയുടെ ആവശ്യം. ഇത് സര്‍ക്കാര്‍ അംഗീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉന്നതതല സമിതി പഠനം നടത്തണമെന്ന ആവശ്യവും അംഗീകരിച്ചിട്ടുണ്ട്. ഇതിന് ശേഷം സമരസമിതി പുതിയ ആവശ്യങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ല. എന്ത് പ്രശ്‌നങ്ങളുണ്ടെങ്കിലും പരിഹരിക്കുമെന്നും ജയരാജന്‍ പറഞ്ഞു.
വ്യവസായ മന്ത്രിയെന്ന നിലയില്‍ തനിക്ക് വ്യാപാരികളെ കുറിച്ചും ചിന്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുറത്തു നിന്നുള്ളവരാണ് സമരം ചെയ്യുന്നതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
ആലപ്പാട് നടക്കുന്ന കരിമണല്‍ ഖനനത്തിനെതിരെ സമരം നടത്തുന്നവരുമായി കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്. വ്യവസായ മന്ത്രിയുടെ അധ്യക്ഷതയിലായിരുന്നു ചര്‍ച്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."