മുഅല്ലിം ക്ഷേമനിധി; രണ്ട് ലക്ഷത്തോളം മദ്‌റസാ അധ്യാപകരില്‍ അപേക്ഷിച്ചത് പത്ത് ശതമാനം മാത്രം
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ മദ്‌റസാ അധ്യാപകര്‍ക്കായി നടപ്പാക്കിയ മുഅല്ലിം ക്ഷേമനിധിക്ക് അപേക്ഷകര്‍ കുറവ്.
രണ്ട് ലക്ഷത്തോളം മദ്‌റസാ അധ്യാപകരില്‍ കേവലം പത്ത് ശതമാനം മാത്രമാണ് ക്ഷേമനിധിയില്‍ അപേക്ഷിച്ചിട്ടുള്ളത്. ക്ഷേമനിധിയില്‍ അഞ്ച് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയ 65 വയസ്സ് തികഞ്ഞ മദ്‌റസാ അധ്യാപകര്‍ക്ക് പ്രതിമാസം 1000 രൂപയാണ് പെന്‍ഷന്‍ അനുവദിക്കുന്നത്. നിലവില്‍ 256 പേര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നുണ്ട്.
ഏപ്രില്‍ മുതല്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് 1,500 രൂപയും ആറ് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് 1,650 രൂപയും ഏഴ് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് 1,800 രൂപയുമാക്കി ഉയര്‍ത്തും.
എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുന്ന മദ്‌റസാധ്യാപകരുടെ മക്കള്‍ക്ക് 2,000 രൂപ ഒറ്റത്തവണ സ്‌കോളര്‍ഷിപ്പും ക്ഷേമനിധിയുടെ ഭാഗമായി നല്‍കുന്നുണ്ട്. അധ്യാപകരുടെ സ്വന്തം വിവാഹത്തിനും രണ്ട് പെണ്‍മക്കളുടെ വിവാഹത്തിനും പതിനായിരം രൂപ ധനസഹായവും നല്‍കുന്നുണ്ട്. പ്രതിവര്‍ഷം 300 പേര്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. 1,200 പേര്‍ ഈ ആനുകൂല്യം കൈപ്പറ്റിയിട്ടുണ്ട്. പുതിയ സാമ്പത്തികവര്‍ഷം മുതല്‍ 25,000 രൂപയാക്കി ഉയര്‍ത്താനിരിക്കയാണ് ബോര്‍ഡ്.
ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ മുഖേന രണ്ട് ലക്ഷം രൂപ വരെ പലിശ രഹിത വിവാഹ വായ്പ നല്‍കാനും ക്ഷേമനിധി ഉദ്ദേശിക്കുന്നുണ്ട്. ചികിത്സാ ധനസഹായം സാധാരണ അസുഖങ്ങള്‍ക്ക് 5,000 രൂപയും ഗുരുതരമാണെങ്കില്‍ 25,000 രൂപയുമാണ്. പ്രസവാനന്തര ധനസഹായമായി വനിതാ മദ്‌റസാ അധ്യാപികയ്ക്ക് 1,5000 രൂപയും പലിശരഹിത ഭവനവായ്പയായി പ്രതിവര്‍ഷം 300 പേര്‍ക്ക് രണ്ടര ലക്ഷം രൂപയും നല്‍കുന്ന പദ്ധതിയും ഈ ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2010ല്‍ മദ്‌റസാ അധ്യാപകര്‍ക്ക് 500 രൂപ പെന്‍ഷന്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് മുഅല്ലിം ക്ഷേമനിധി ആവിഷ്‌കരിച്ചത്. 2019ല്‍ കേരളത്തിലെ മറ്റു ക്ഷേമനിധികളേക്കാള്‍ ഇരട്ടിയോ അതിലധികമോ ആനുകൂല്യങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും എന്നിട്ടും ഗുണഭോക്താക്കള്‍ ഇത് വേണ്ടവിധം ഉപയോഗപ്പെടുത്തുന്നില്ലെന്നും ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ പി.ഒ ഹമീദ് സുപ്രഭാതത്തോട് പറഞ്ഞു.
പദ്ധതിയുടെ തുടക്കത്തില്‍ അനുവദിച്ച പത്ത് കോടി രൂപ കോഴിക്കോട് കോര്‍പ്പറേഷന്‍ ബാങ്കിലായിരുന്നു ആദ്യം നിക്ഷേപിച്ചിരുന്നത്. പിന്നീട് ട്രഷറി അക്കൗണ്ടിലേക്ക് മാറ്റി ക്ഷേമനിധിയുടേത് പൂര്‍ണ പലിശരഹിത അക്കൗണ്ടാക്കി മാറ്റുകയായിരുന്നു.
20 വയസ്സ് പൂര്‍ത്തിയായവര്‍ക്കും 65 വയസ്സ് പൂര്‍ത്തിയാകാത്തതുമായ മുഅല്ലിംകള്‍ക്ക് അംഗത്വത്തിന് അപേക്ഷിക്കാം. ഡൗണ്‍ലോഡ് ചെയ്ത അപേക്ഷാഫോം പൂരിപ്പിച്ച് ഓണ്‍ലൈനായും നേരിട്ടും തപാലിലും സമര്‍പ്പിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."