മൂലമറ്റം പവര്‍ ഹൗസിന് 44 വയസ് പൂര്‍ണ നവീകരണമില്ലെങ്കില്‍ സംസ്ഥാനത്തിനു ബാധ്യതയായേക്കും
തൊടുപുഴ: സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയുടെ മൂലമറ്റം പവര്‍ ഹൗസ് പൂര്‍ണമായി നവീകരിച്ചില്ലെങ്കില്‍ ബാധ്യതയായേക്കുമെന്ന് വിലയിരുത്തല്‍. ഇന്ന് 44 വയസ് പൂര്‍ത്തിയാകുന്ന മൂലമറ്റം പവര്‍ ഹൗസില്‍ ഏതുനിമിഷവും അപകട സാധ്യത നിലനില്‍ക്കുകയാണ്. കാലപ്പഴക്കമാണ് അപകടങ്ങള്‍ക്കു കാരണമെന്ന് മന്ത്രി എം.എം മണി തന്നെ കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. 1976 ഫെബ്രുവരി 12ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് പദ്ധതിയുടെ ഒന്നാം ഘട്ടം കമ്മിഷന്‍ ചെയ്തത്.
കാനഡയിലെ ജനറല്‍ ഇലക്ട്രിക്കല്‍സ് കമ്പനിയില്‍ നിന്ന് ഇറക്കുമതി ചെയ്തതാണ് 130 മെഗാവാട്ട ് വീതം ശേഷിയുള്ള ആറു ജനറേറ്ററുകള്‍. ഒന്നാം നമ്പര്‍ ജനറേറ്റര്‍ 12.2.1976, രണ്ടാം നമ്പര്‍ 7.6.1976, മൂന്നാം നമ്പര്‍ 24.12.1976 എന്നീ തിയതികളിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഒന്നാം ഘട്ടത്തിലെ മൂന്നു ജനറേറ്ററുകളാണ് ഇപ്പോള്‍ നവീകരിക്കുന്നത്. എന്നാല്‍ നവീകരണം പൂര്‍ത്തിയായ രണ്ടാം നമ്പര്‍ ജനറേറ്ററിന്റെ എക്‌സൈറ്റര്‍ കഴിഞ്ഞ മാസം 20ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഫെബ്രുവരി ഒന്നിന് രണ്ടാം ഘട്ടത്തിലെ ആറാം നമ്പര്‍ ജനറേറ്ററിന്റെ എല്‍.എ.വി.ടി (ലൈറ്റ്‌നിങ് അറസ്റ്റര്‍ ആന്‍ഡ് വോള്‍ട്ടേജ് ട്രാന്‍സ്‌ഫോര്‍മര്‍) പാനലില്‍ പൊട്ടിത്തെറിയുണ്ടായി. ഈ രണ്ടു ജനറേറ്ററുകളും ഇതുവരെ പ്രവര്‍ത്തിപ്പിച്ചു തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഇനിയും കുറഞ്ഞത് ഒന്നരമാസത്തോളം വേണ്ടി വരും ഇവ പ്രവര്‍ത്തിപ്പിക്കാന്‍. രണ്ടാം ഘട്ടത്തിലെ ജനറേറ്ററുകള്‍ സ്ഥാപിച്ചിട്ട ് 35 വര്‍ഷത്തോളമായി. നാലാം നമ്പര്‍ ജനറേറ്റര്‍ 4.11.1985, അഞ്ചാം നമ്പര്‍ 22.3.1986, ആറാം നമ്പര്‍ 9.9.1986 എന്നീ തിയതികളിലാണ് പ്രവര്‍ത്തനക്ഷമമായത്.
1,000 മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിച്ച ശേഷം മാത്രമേ മെഷിനുകള്‍ നിര്‍ത്താവൂ എന്നാണ് നിര്‍മാതാക്കള്‍ നല്‍കിയ നിര്‍ദേശം. എന്നാല്‍ ഇപ്പോള്‍ പലപ്പോഴും അടിക്കടി ഷട്ട്ഡൗണ്‍ ചെയ്യേണ്ടി വരുന്നുണ്ട്. ഓരോ 1,000 മണിക്കൂറിലും ഡൈ പെനട്ടറേഷന്‍ ടെസ്റ്റ് ചെയ്യണമെന്ന നിര്‍ദേശവും പാലിക്കുന്നില്ല. മെഷിനുകളുടെ പ്രതിമാസ അറ്റകുറ്റപ്പണികള്‍ക്കുള്ള സമയം വെട്ടിക്കുറയ്ക്കുന്ന രീതിയാണ് ഇപ്പോള്‍. ഒരു മാസത്തോളം സമയമെടുത്ത് ചെയ്തിരുന്ന വാര്‍ഷിക അറ്റകുറ്റപ്പണിയുടെ സമയവും ഇപ്പോള്‍ വെട്ടിക്കുറയ്ക്കുകയാണ്. ഇതെല്ലാം തുടര്‍ച്ചയായ അപകടങ്ങള്‍ക്കു കാരണമാകുന്നതായി കേരള ഇലക്ട്രിസിറ്റി ഓഫിസേഴ്‌സ് ഫെഡറേഷന്‍ പറയുന്നു.
ദക്ഷിണ മേഖല പവര്‍ ഗ്രിഡുമായി ബന്ധപ്പെട്ട ചില ട്രാന്‍സ്മിഷന്‍ പ്രശ്‌നങ്ങളും മൂലമറ്റം പവര്‍ ഹൗസിലെ ജനറേറ്ററുകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായി സൂചനയുണ്ട്. ഇതു സ്ഥിരീകരിക്കാന്‍ കൂടുതല്‍ നിരീക്ഷണവും പഠനവും ആവശ്യമാണ്. ദക്ഷിണ ഗ്രിഡിലെ എല്ലാ പവര്‍ ഹൗസുകളേയും പരസ്പരം യോജിപ്പിച്ചുകൊണ്ടുള്ള പ്രസരണ സംവിധാനമാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇക്കാരണത്താല്‍ ഗ്രിഡില്‍ ഉള്‍പ്പെട്ട ഏതെങ്കിലും പവര്‍ ഹൗസുകളിലോ ട്രാന്‍സ്മിഷന്‍ മേഖലകളിലോ തകരാറ് സംഭവിച്ചാല്‍ അത് സ്വാഭാവികമായും മൂലമറ്റത്തെ ഉല്‍പാദന സംവിധാനത്തെയും ബാധിക്കുന്നു. കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പവര്‍ ഹൗസ് ആയതിനാല്‍ ഇവിടുത്തെ തകരാറ് കേരളത്തെയാകെ ബാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."