റമദാനിലെ ആദ്യ ആഴ്ചയില്‍ സിറിയയില്‍ കൊല്ലപ്പെട്ടത് ഇരുനൂറിലധികം പേര്‍
ഡമസ്‌കസ്: വിശുദ്ധ റമദാനിലും സമാധാനത്തിന്റെ ഇടം കാണാനാവാതെ സിറിയന്‍ ജനത. റമദാനിലെ ആദ്യ ആഴ്ചയില്‍ മാത്രം വിവിധ ആക്രമണങ്ങളിലായി കൊല്ലപ്പെട്ടത് 224 പേരാണ്. സിറിയ, റഷ്യ രാജ്യങ്ങളുടെ യുദ്ധവിമാനങ്ങളുടെ ആക്രമണത്തില്‍പ്പെട്ടാണ് ഇവരില്‍ കൂടുതല്‍ പേരും കൊല്ലപ്പെട്ടത്.
മനുഷ്യാവകാശ സംഘടനയുടെ സിറിയന്‍ നിരീക്ഷക വിഭാഗവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ 50 കുട്ടികളും 15 സ്ത്രീകളും പെടും. ഹെലികോപ്റ്ററില്‍ നിന്ന് വര്‍ഷിച്ച ബോംബ് ബാരലുകളില്‍പ്പെട്ടാണ് 148 പേരും മരിച്ചത്.
ഐ.എസിന്റെ ഷെല്ലാക്രമണത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. റമദാന്‍ വകവയ്ക്കാതെ ഒരാളെ ഇവര്‍ കഴുത്തറുത്തും കൊന്നു. ഇദ്‌ലിബ് നഗരത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് 40 സാധാരണക്കാരാണ്. ഇതില്‍ അധികവും സ്ത്രീകളും കുട്ടികളുമാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.
ഇദ്‌ലിബില്‍ നടത്തിയ വ്യോമാക്രമണത്തിനു പിന്നില്‍ റഷ്യയാണെന്ന് തുര്‍ക്കി അധികൃതരും നിരീക്ഷണ സംഘങ്ങളും പറഞ്ഞു. എന്നാല്‍ റഷ്യ ഇക്കാര്യം നിഷേധിക്കുകയാണ്.
സിറിയന്‍ വിമത വിഭാഗമായ അല്‍ നുസ്രത്ത് ഫ്രണ്ട് അടക്കമുള്ള സംഘടനകളുടെ കൂട്ടായ്മയായ 'ദിഗ്വിജയ സൈനി'കരുടെ നിയന്ത്രണത്തിനാണ് ഇപ്പോള്‍ ഇദ്‌ലിബ് നഗരം. സിറിയയില്‍ ഫെബ്രുവരി മുതല്‍ പ്രാബല്യത്തില്‍ വന്ന ഭാഗിക വെടിനിര്‍ത്തലില്‍ ഇവര്‍ പങ്കാളിയായിട്ടില്ല.
സമാധാന പ്രക്ഷോഭത്തെത്തുടര്‍ന്ന് 2011 മാര്‍ച്ചിലാണ് സിറിയന്‍ ആഭ്യന്തരകലാപം തുടങ്ങിയത്. ഇതു പിന്നീട് വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള യുദ്ധത്തിലേക്ക് എത്തിക്കുകയായിരുന്നു. ഇതുവരെയായി 2,80,000 പൗരന്മാര്‍ കലഹത്തില്‍പ്പെട്ട് കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. ജനസംഖ്യയുടെ പകുതിയിലേറെപ്പേര്‍ക്ക് വീടുവിട്ടോടേണ്ടിയും വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."