രാജ്യവിരുദ്ധ ആരോപണം: കനയ്യകുമാറിനെതിരേ തെളിവില്ലെന്ന് പൊലിസ്
ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് കേസെടുത്ത വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യകുമാറിനെതിരേ തെളിവില്ലെന്ന് ഡല്‍ഹി പൊലിസ്. സംഭവം നടന്ന് ഒരു വര്‍ഷം പിന്നിട്ടിട്ടും കനയ്യക്കെതിരേ വ്യക്തമായ തെളിവുകളില്ലാതെയാണ് പൊലിസ് കുറ്റപത്രം തയാറാക്കിയത്.
ഇയാള്‍ക്കെതിരേ തെളിവില്ലെങ്കിലും കേസില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥി നേതാക്കളായ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ക്കെതിരേ ഗൗരവമുള്ള ആരോപണങ്ങള്‍ കുറ്റപത്രത്തിലുണ്ടെന്നാണ് വിവരം. അതേസമയം കനയ്യക്ക് ശുദ്ധിപത്രം നല്‍കിയെന്ന വിധത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഡല്‍ഹി പൊലിസ് നിഷേധിച്ചു. കേസില്‍ അന്വേഷണം നടക്കുന്നതേയുള്ളുവെന്നും പ്രത്യേക കേസായതിനാല്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഡല്‍ഹി പൊലിസ് സ്‌പെഷല്‍ കമ്മിഷനര്‍ ദീപേന്ദ്ര പഥക് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് 40 വീഡിയോ ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ചു. ഇതില്‍ കനയ്യയുടെ ശബ്ദവുമായി സാമ്യം തോന്നുന്ന ഒന്നും കണ്ടെത്താനായില്ല. കാംപസില്‍ എ.ബി.വി.പി പ്രവര്‍ത്തകരും മറ്റു വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷം ആരംഭിച്ചതിനു ശേഷമാണ് കനയ്യ സ്ഥലത്തേക്കെത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. എന്നാല്‍ സംഘര്‍ഷത്തിന് ഇടയായ പരിപാടിയുടെ നടത്തിപ്പ് തടയാന്‍ ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവായിരുന്ന കനയ്യ ശ്രമിച്ചില്ലെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നുണ്ട്. ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും രാജ്യവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നതിന്റെ തെളിവുകള്‍ വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ചെന്നാണ് കുറ്റപത്രം അവകാശപ്പെടുന്നത്. അതേസമയം സത്യം ഒരിക്കല്‍ പുറത്തുവരുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്ന് കനയ്യ കുമാര്‍ പ്രതികരിച്ചു. അനിര്‍ബന്റെയും ഉമര്‍ ഖാലിദിന്റെയും കാര്യത്തില്‍ ആരാണു രാജ്യദ്രോഹികള്‍ ആരാണു ശിക്ഷിക്കപ്പെടേണ്ടത് എന്നു കോടതി തീരുമാനിക്കട്ടെയെന്നും കനയ്യ കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."