കളക്ടറുടെ നിര്‍ദ്ദേശം മാനിച്ച് ഇരുവിഭാഗവും പിന്മാറി; മാന്ദാമംഗലം പള്ളി അടച്ചു
തൃശൂര്‍: ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ സംഘര്‍ഷം ഉടലെടുത്ത തൃശൂര്‍ മാന്ദാമംഗലം പള്ളി കളക്ടറുടെ ഇടപെടലിനെത്തുടര്‍ന്ന് അടച്ചു. ഇരുവിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമുണ്ടാകാത്തതിന്റെ പശ്ചാത്തലത്തില്‍ പള്ളിയില്‍ നിന്ന് പിന്മാറണമെന്ന് ജില്ലാ കളക്ടര്‍ ടി.വി അനുപമ ആവശ്യപ്പെട്ടു.
പള്ളി അവകാശതര്‍ക്കം പരിഹരിക്കാന്‍ ക്രമസമാധാന പ്രശ്‌നം ആദ്യം തീര്‍ക്കണം. അതിനു വേണ്ടിയാണ് ഇരു കൂട്ടരോടും തല്‍ക്കാലത്തേക്ക് പിന്‍മാറാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചത്.
കഴിഞ്ഞ രണ്ടുദിവസമായി ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിക്കു പുറത്തും പ്രാര്‍ഥനകളും ചടങ്ങുകളുമായി യാക്കോബായ വിഭാഗം പള്ളിക്കകത്തും തമ്പടിച്ചിരിക്കുകയാണ്. ഇതിനിടെ, ഇന്നലെ രാത്രിയോടെ വിശ്വാസികള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടാവുകയും ചെയ്തിരുന്നു.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഘര്‍ഷമുണ്ടായത്. ഭദ്രസനാധിപന്‍ ഉള്‍പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
പള്ളിക്ക് മുന്‍പില്‍ തടിച്ചു കൂടിയ ഓര്‍ത്തഡോക്‌സ് വിഭാഗക്കാരെയും പള്ളിക്കുള്ളില്‍ സംഘടിച്ച യാക്കോബായ വിഭാഗക്കാരെയും രാത്രി 12 മണിയോടെ പൊലിസ് നീക്കിയതോടെയാണ് സംഘര്‍ഷം അവസാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."