ഒരു സീറ്റിലും രണ്ടാംസ്ഥാനത്തുപോലും എത്താനായില്ല, തകര്‍ന്നടിഞ്ഞിട്ടും ദുഃഖമില്ലാതെ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പങ്ക് സംപ്യൂജ്യമാണ്. വര്‍ഷങ്ങളായി ഡല്‍ഹി ഭരിച്ചിരുന്ന പാര്‍ട്ടിക്ക് ഒരു സീറ്റുപോലും നേടാനായില്ലെന്നു മാത്രമല്ല, ഒരു സീറ്റില്‍പോലും രണ്ടാംസ്ഥാനത്തുപോലും എത്താനായില്ലെന്നാണ് വിവരം. എന്നാലും, പാര്‍ട്ടി നേതാക്കള്‍ ഇന്നലെ തികഞ്ഞ സംതൃപ്തിയാണ് പ്രകടിപ്പിച്ചത്.
തെരഞ്ഞെടുപ്പില്‍ വിജയിച്ച ആംആദ്മി പാര്‍ട്ടിയെയും അരവിന്ദ് കെജ്‌രിവാളിനെയും അഭിനന്ദിച്ച കോണ്‍ഗ്രസ് നേതാക്കള്‍, വര്‍ഗീയ പ്രചാരണമാണ് ബി.ജെ.പിയുടെ പരാജയത്തിനു കാരണമായതെന്നും പറഞ്ഞു. പരാജയം സമ്മതിക്കുന്നതായി വ്യക്തമാക്കിയ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രചാരണ ചാര്‍ജുണ്ടായിരുന്ന പി.സി ചാക്കോ, ഡല്‍ഹിയിലെ ജനങ്ങള്‍ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നും അഭിപ്രായപ്പെട്ടു.
അതേസമയം, വലിയ തോതില്‍ പണം ചെലവഴിച്ചാണ് എ.എ.പി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതെന്നു കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നടത്തുന്ന വര്‍ഗീയ പ്രചാരണത്തിനു ഡല്‍ഹിയിലെ ജനങ്ങള്‍ മറുപടി നല്‍കിയെന്നു വ്യക്തമാക്കി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയും രംഗത്തെത്തി.
ഇന്നലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍, കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം ഗണ്യമായി കുറഞ്ഞിരുന്നു. കോണ്‍ഗ്രസ് എ.എ.പിക്കു വോട്ടുമറിച്ചെന്ന ആരോപണവുമായി ബി.ജെ.പി രംഗത്തെത്തിയിട്ടുമുണ്ട്. അതേസമയം, കോണ്‍ഗ്രസിന്റെ പതനം നല്ല സന്ദേശമല്ല നല്‍കുന്നതെന്നു വ്യക്തമാക്കി പാര്‍ട്ടി നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി രംഗത്തെത്തിയിട്ടുണ്ട്. ഡല്‍ഹി പി.സി.സി അധ്യക്ഷന്‍ രാജിവച്ചിട്ടുമുണ്ട്. എന്നാല്‍, വിവിധ മണ്ഡലങ്ങളില്‍ എ.എ.പിയുടെ ഭൂരിപക്ഷം കുറയാന്‍ കാരണമായത് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളാണെന്ന ആരോപണവുമുണ്ട്. ശക്തരായ സ്ഥാനാര്‍ഥികളെ നിര്‍ത്തിയ കോണ്‍ഗ്രസ്, ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്നതിനു കാരണമായെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."