ഗ്രോ വാസു ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ യു.എ.പി.എ ചുമത്താന്‍ പൊലിസ് തന്നോട് ആവശ്യപ്പെട്ടു, കേട്ടില്ല, അവര്‍ പറയുന്നതുകേട്ടാല്‍ നാട് അരക്ഷിതമാകുമെന്നും പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ഗ്രോ വാസു ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ യു.എ.പി.എ ചുമത്തണമെന്ന് പൊലിസ് ആവശ്യപ്പെട്ടിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അലനെയും താഹയെയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന സാംസ്‌കാരിക പ്രതിരോധത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലിസിന്റെ ആവശ്യം താന്‍ അനുവദിച്ചില്ല. അവര്‍ പറയുന്നതനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ നാട് അരക്ഷിതമാകുകയേയുള്ളൂ. വിവേകമാണ് അത്തരം അവസരങ്ങളില്‍ വേണ്ടത്. എന്നാല്‍ അതു കാണിക്കാന്‍ പിണറായി വിജയനായില്ല. അതുകൊണ്ടാണ് അലന്റേയും ശുഹൈബിന്റെയും പേരില്‍ യു.എ.പി.എ ചുമത്തിയതും പിന്നാലെ എന്‍.ഐ.എ കേസ് ഏറ്റെടുത്തതും.
ഗ്രോ വാസു അടക്കമുള്ളമുള്ളവര്‍ മാവോവാദി പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് യോഗങ്ങള്‍ നടത്തിയിട്ടുണ്ട്. അതിന് യു.എ.പി.എ ചുമത്താനാവില്ല. ധിക്കാരവും അഹങ്കാരവുമുള്ള മുഖ്യമന്ത്രി അലന്റെയും താഹയുടെയും പേരില്‍ യു.എ.പി.എ ചുമത്തിയതിനാലാണ് എന്‍.ഐ.എ കേസ് ഏറ്റെടുത്തത്. യു.എ.പി.എ ചുമത്തിയതിന് മുഖ്യമന്ത്രി നിയമസഭയില്‍ തെളിവ് വ്യക്തമാക്കിയിട്ടില്ല. ഏതെങ്കിലും ആക്ഷനില്‍ അലനും താഹയും പങ്കെടുത്തതായി പൊലിസ് പറയുന്നില്ല. മാവോവാദി ലഘുലേഖ കൈവശം വെച്ചതിന്റെ പേരില്‍ യു.എ.പി.എ ചുമത്തിയത് അംഗീകരിക്കാനാവില്ലെന്നും ഇതൊരു മനുഷ്യാവകാശ പ്രശ്‌നമാണെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."