പ്രവാസികള്‍ക്ക് ഇരുട്ടടി: സ്വദേശിയെ നിയമിച്ചാല്‍ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ വക മൂന്നു വര്‍ഷത്തേക്ക് ധനസഹായം
റിയാദ്: സഊദിയില്‍ സ്വകാര്യ മേഖലയില്‍ സഊദി വല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു. സ്ഥാപനങ്ങളില്‍ സ്വദേശിയെ നിയമിച്ചാല്‍ മൂന്നു വര്‍ഷത്തേക്ക് ഇവരുടെ ശമ്പളത്തിനും പരിശീലനത്തിനും ആവശ്യമായ തുകയില്‍ നിശ്ചിത തുക നല്‍കിയാണ് സ്വദേശിവല്‍ക്കരണത്തിനു പൂര്‍ണ പിന്തുണ നല്‍കുന്നത്. തൊഴില്‍ സാമൂഹ്യ വികസനമന്ത്രി അഹമ്മദ് അല്‍ രാജ്ഹിയാണ് ഇക്കാര്യം അറിയിച്ചത്.
സ്ഥാപനങ്ങളില്‍ പുതുതായി നിയമിക്കുന്ന സ്വദേശികള്‍ക്ക് വേണ്ടിയാണ് പുതിയ പദ്ധതി. സ്വകാര്യ മേഖലയില്‍ പുതിയ സ്വദേശികളെ നിയമിക്കുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തികഭാരം കുറച്ച് സ്വദേശിവല്‍ക്കരണത്തിനു ശക്തി പകരുകയാണ് ലക്ഷ്യം. സ്വദേശികളെ നിയമിച്ചു അവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുമ്പോള്‍ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതായി പരാതി ഉയര്‍ന്നിരുന്നു.
വേതനത്തിന്റേയും തൊഴില്‍ പരിശീലനം നല്‍കുന്നതിനുള്ള ചെലവിന്റേയും നിശ്ചിത ശതമാനം തുക മാനവശേഷി വികസനനിധിയില്‍ നിന്നാണ് ലഭിക്കുക. മൂന്ന് വര്‍ഷത്തേക്ക് നല്‍കുന്ന ആനുകൂല്യം കൊണ്ട് തൊഴില്‍ മേഖലയില്‍ സ്വദേശികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കലും സഊദികളെ നിയമിക്കാന്‍ പ്രേരിപ്പിക്കലുമാണ് ലക്ഷ്യം. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 11.6 ശതമാനത്തില്‍ നിന്ന് ഏഴ് ശതമാനമായി കുറക്കാനും തൊഴില്‍ മേഖലയില്‍ വനിതാ പങ്കാളിത്തം 22 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി ഉയര്‍ത്താനുമുള്ള പദ്ധതികളാണ് സഊദി തൊഴില്‍ മന്ത്രാലയം നടപ്പിലാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."