അമിത് ഷാക്കും മോദിക്കും അലനെയും താഹയെയും വിറ്റത് സി.പി.എമ്മെന്ന് സക്കറിയ
തിരുവനന്തപുരം: പന്തീരാങ്കാവ് യു.എ.പിഎ കേസിലുള്‍പ്പെട്ട അലന്‍ഷുഹൈബിനെയും താഹ ഫസലിനെയും അമിത് ഷാക്കും മോദിക്കും വിറ്റത് സി.പി.എമ്മാണെന്ന് എഴുത്തുകാരന്‍ സക്കറിയ. അലനെയും താഹയെയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന സാംസ്‌കാരിക പ്രതിരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടികളെ ബലികൊടുത്തതില്‍ സി.പി.എമ്മിന്റെ റോളെന്താണെന്ന് സക്കറിയ ചോദിച്ചു. അവര്‍ക്കൊരിക്കലും ആ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.മഅ്ദനിയെ ജയിലില്‍ അടച്ചതുപോലെയാണ് 19 വയസുകാരായ കുട്ടികളെ അകത്തിട്ടത്. ഡി.വൈ.എഫ്.ഐ എന്ന പ്രസ്ഥാനത്തിന് ഇവരുടെ കൈപിടിക്കാന്‍ പോലും കഴിഞ്ഞില്ലെന്നും പൊലിസിന്റെയും എന്‍.ഐ.എയുടെയും സ്ഥാപിത താല്‍പര്യങ്ങളാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനെതിരെ ശബ്ദമുയര്‍ത്തേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
ശേഷിക്കുന്ന ഏറ്റവും വലിയ ഇടതുപക്ഷ പാര്‍ട്ടിയായ സി.പി.എം ഒറ്റുകാരുടെ പാര്‍ട്ടിയാകരുതെന്ന് ബി.ആര്‍പി. ഭാസ്‌കര്‍ ചൂണ്ടിക്കാട്ടി. അലനോടും താഹയോടും ചെയ്തത് ഹീനമായ നടപടിയാണ്. ഒരാള്‍ കുറ്റം ചെയ്തിരിക്കണമെന്നില്ല, അയാള്‍ക്ക് തെറ്റായ ഒരു പേരുണ്ടായാല്‍ മതി എന്നുള്ള നിലയിലേക്ക് യു.പി മാത്രമല്ല കേരളവും നീങ്ങിക്കൊണ്ടിരിക്കുകയാണ്. യു.പിയില്‍ നടന്നത് കേരളത്തില്‍ ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഡോ. എം.കെ മുനീര്‍, പി.ടി തോമസ്, ബി.രാജീവന്‍, ജോയ് മാത്യു, ഡോ.ജെ. ദേവിക, കെ.അജിത, സാവിത്രി രാജീവന്‍, ആര്‍.അജയന്‍, സി.ആര്‍ നീലകണ്ഠന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."