അഴിമതി ആരോപണത്തില്‍ പൊലിസിനും ഡി.ജി.പിക്കും സുരക്ഷയൊരുക്കി മുഖ്യമന്ത്രി, ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്നും കണ്ടെത്തല്‍
തിരുവനന്തപുരം: പൊലിസിനും ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്കുമെതിരേ പി.ടി തോമസ് നിയമസഭയില്‍ ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് മുഖ്യമന്ത്രി. ആരോപണം അടിസ്ഥാനരഹിതമാണെന്ന് റിപ്പോര്‍ട്ട് പരിശോധിച്ചതില്‍ നിന്ന് വ്യക്തമായതായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പൊലിസിനും ഡി.ജിപിക്കുമെതിരേ ഗുരുതരമായ ആരോപണങ്ങളാണ് നിയമസഭയില്‍ ഉന്നയിച്ചത്.
ഇന്ന് സി.എ.ജി റിപ്പോര്‍ട്ടിലും ഗുരുതര ആരോപണങ്ങളാണുള്ളത്. ഇതിനെതിരേ സി.ബി.ഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അപ്പോഴാണ് ഡി.ജി.പിക്ക് പൂര്‍ണമായും പിണറായി ക്ലീന്‍ ചിറ്റ് നല്‍കുന്നത്.
പൊലിസിന് വേണ്ടി കംപ്യൂട്ടറുകള്‍, ലാപ്ടോപ്പുകള്, ക്യാമറകള്‍, വാഹനങ്ങള്‍ എന്നിവ വാങ്ങുന്നത് സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സ്റ്റേറ്റ് എംപവേര്‍ഡ് കമ്മിറ്റിയുടെ അനുമതിയോടുകൂടി മാത്രമാണ്. സി.സി.ടി.വി ക്യാമറകള്‍ ഓപ്പണ്‍ ടെന്‍ഡര്‍ വഴിയാണ് വാങ്ങിയത്.
നക്സല്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍ എസ്.എച്ച്.ഒമാര്‍ക്ക് ക്വാര്‍ട്ടേഴ്സ് നിര്‍മിക്കാന്‍ അനുവദിച്ച തുക വകമാറ്റിയെന്ന ആരോപണവും മുഖ്യമന്ത്രി തള്ളി. തണ്ടര്ബോള്ട്ടിന് ക്വാര്‍ട്ടേഴ്സ് പണിയാന്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. തിരുവനന്തപുരം ഭക്തിവിലാസത്തില്‍ സീനിയര്‍ പൊലിസ് ഓഫിസര്‍മാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സുകളാണ് പണിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.എ.ജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ തയാറുണ്ടോയെന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിന് അത് വേറെ പരിശോധിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."